സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ല; കസ്റ്റഡി അനിവാര്യമെന്ന് പോലിസ് സുപ്രിം കോടതിയില്‍
ന്യൂഡല്‍ഹി: ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പോലിസ്. സിദ്ദിഖിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യണമെന്ന് പോലിസ് സുപ്രിം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. സിദ്ദിഖിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കാനിരിക്കവെയാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.
സിദ്ദിഖിനെതിരെ അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ തെളിവുകള്‍ ലഭിച്ചിരുന്നു. അതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ മനസിലാക്കാന്‍ കസ്റ്റഡി ആവശ്യമാണ് എന്നാണ് പോലിസ് വാദം. യുവനടിയെ ബലാല്‍ത്സംഗം ചെയ്തെന്ന കേസില്‍ സെപ്റ്റംബര്‍ 30ന് സിദ്ദിഖിന് സുപ്രിം കോടതി താല്‍ക്കാലിക ജാമ്യം അനുവദിച്ചിരുന്നു.
കേസ് ഇനി പരിഗണിക്കുന്നതു വരെയാണ് ജാമ്യം. അറസ്റ്റുണ്ടായാല്‍ വിചാരണക്കോടതി നിര്‍ദേശിക്കുന്ന വ്യവസ്ഥകളോടെ ജാമ്യത്തില്‍ വിടണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. 2016ല്‍ മസ്‌ക്കറ്റ് ഹോട്ടലില്‍ വെച്ച് സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്നാണ് നടിയുടെ പരാതി. നിള തിയേറ്ററില്‍ സിദ്ദിഖിന്റെ ഒരു സിനിമയുടെ പ്രിവ്യൂവിന് എത്തിയപ്പോഴാണ് പരിചയപ്പെട്ടതെന്നും സിനിമാ ചര്‍ച്ചകള്‍ക്കായി വിളിച്ചുവരുത്തിയാണ് ലൈംഗികമായി പീഡിപ്പിച്ചതെന്നും യുവ നടി പറഞ്ഞത്.