സില്‍വര്‍ ലൈന്‍ പദ്ധതി: കൊച്ചിയില്‍ ഇന്ന് വിശദീകരണ യോഗം

കേരളത്തിന്റെ അഭിമാന പദ്ധതിയായ തിരുവനന്തപുരം - കാസര്‍ഗോഡ് സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയിലിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് വിവിധ വിഭാഗങ്ങളിലുള്ളവരുടെ അഭിപ്രായങ്ങള്‍ ആരായുന്നതിനും പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്നതിനുമായി ഇന്ന് എറണാകുളം ടിഡിഎം ഹാളില്‍ യോഗം ചേരുമെന്ന് മന്ത്രി പി രാജീവ് അറിയിച്ചു.

Update: 2022-01-06 01:55 GMT

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ സില്‍വര്‍ ലൈന്‍ പദ്ധതിയെ ചൊല്ലി പ്രതിപക്ഷവുമായി തര്‍ക്കം തുടരുന്നതിനിടെ പദ്ധതിയെ കുറിച്ച് വിശദീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ അഭിമാന പദ്ധതിയായ തിരുവനന്തപുരം - കാസര്‍ഗോഡ് സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയിലിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് വിവിധ വിഭാഗങ്ങളിലുള്ളവരുടെ അഭിപ്രായങ്ങള്‍ ആരായുന്നതിനും പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്നതിനുമായി ഇന്ന് എറണാകുളം ടിഡിഎം ഹാളില്‍ യോഗം ചേരുമെന്ന് മന്ത്രി പി രാജീവ് അറിയിച്ചു.

രാവിലെ 11നാണ് യോഗം. അതേസമയം, സര്‍വ്വേ കല്ലുകള്‍ പിഴുതെറിഞ്ഞാലും സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഇന്നലെ വീണ്ടും ആവര്‍ത്തിച്ചു. സര്‍വ്വേ കല്ല് പിഴുതെറിയണമെന്ന പ്രതിപക്ഷത്തിന്റെ ആഹ്വാനത്തിന് മുന്നില്‍ മുട്ടുമടക്കില്ലെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. കല്ല് പിഴുതെറിഞ്ഞാലും നിക്ഷിപ്ത താത്പര്യക്കാര്‍ എതിര്‍ത്താലും പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു.

സര്‍വ്വേ കല്ല് പിഴുതെറിയണമെന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി തീരുമാനം യുഡിഎഫ് കക്ഷി നേതാക്കളുടെ അടിയന്തിര യോഗവും ഏറ്റെടുത്തതോടെ പ്രതിപക്ഷം ഇറങ്ങുന്നത് വമ്പന്‍ പ്രക്ഷോഭത്തിനാണ്. എന്നാല്‍ എതിര്‍പ്പിന് മുന്നില്‍ മുട്ടുമടക്കില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. സില്‍വര്‍ ലൈനില്‍ രണ്ടും കല്‍പ്പിച്ചാണ് സര്‍ക്കാരും പ്രതിപക്ഷവും. ഒരേസമയം വര്‍ഗീയ കാര്‍ഡും വികസന കാര്‍ഡും വീശിയാണ് സില്‍വര്‍ ലൈന്‍ അമരക്കാരന്‍ പിണറായി വിമര്‍ശനങ്ങളെ തള്ളുന്നത്.

അതിവേഗപ്പാതക്കെതിരെ അണിനിരക്കുന്നത് വലതുപക്ഷ വര്‍ഗീയ ശക്തികളെന്നാണ് പിണറായിയുടെ ആരോപണം. കാലത്തിനൊപ്പം സര്‍ക്കാര്‍ കേരളത്തെ മുന്നോട്ട് നയിക്കുമ്പോള്‍ പിന്നോട്ടടിപ്പിക്കാനാണ് പ്രതിഷേധക്കാരുടെ ലക്ഷ്യമെന്നാണ് കുറ്റപ്പെടുത്തല്‍. പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ച് സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ മുതിര്‍ന്ന നേതാക്കളെ തന്നെ സംസ്ഥാന വ്യാപകമായി അണിനിരത്തിയുള്ള പ്രക്ഷോഭത്തിനാണ് യുഡിഎഫ് ലക്ഷ്യം. പദ്ധതി തടയാന്‍ ഏതറ്റം വരെയും പോകാന്‍ തന്നെയാണ് തീരുമാനവും.

മുഖ്യമന്ത്രി വിളിക്കുന്ന പൗരപ്രമുഖരുടെ ചര്‍ച്ചയ്ക്ക് ബദലായി തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടും പദ്ധതിക്കെതിരെ വിവിധ മേഖലയിലുള്ളവരെ ചേര്‍ത്ത് യുഡിഎഫ് പ്രത്യേക ചര്‍ച്ച നടത്തും. കൊല്ലം, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ എന്നിവടങ്ങളില്‍ സ്ഥിരം സമരവേദി തുറക്കും. പദ്ധതിയുടെ ഗുണത്തെക്കുറിച്ചുള്ള സിപിഎം ലഘുലേഖക്ക് പകരം ദോഷങ്ങളെ കുറിച്ചുള്ള ലഘുലേഖ വിതരണം ചെയ്യും. അതിവേഗം നിയമസഭ വിളിക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.

Tags:    

Similar News