ഗിന്നസുകാരുടെ സംഗമത്തില്‍ താരമായി ആറ് വയസ്സുകാരനും 96കാരനും

Update: 2023-11-06 13:35 GMT

കോഴിക്കോട്: വ്യക്തിഗത ഇനത്തില്‍ കേരളത്തില്‍ നിന്നു ഗിന്നസ് ലോക റെക്കോഡ് നേടിയവരുടെ സംഘടനയായ AGRH(ആഗ്രഹ്) ന്റെ എട്ടാം വാര്‍ഷിക സംഗമത്തില്‍ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗിന്നസ് റെക്കോഡ് ജേതാവായ ആറ് വയസ്സുകാരന്‍ വിശ്വജിത്തും ഏറ്റവും പ്രായം കൂടിയ ഗിന്നസ് റെക്കോഡ് ജേതാവായ 96കാരന്‍ അഡ്വ പി ബി മേനോനും താരങ്ങളായി. കോഴിക്കോട് നളന്ദ ഹോട്ടലില്‍ നടന്ന ചടങ്ങ് മദ്രാസ് ഇന്‍ഫെന്‍ട്രി ബറ്റാലിയന്‍ കമാന്റിങ് ഓഫിസര്‍ കേണല്‍ ഡി നവീന്‍ ബെന്‍ജിത് ഉദ്ഘാടനം ചെയ്തു. ആഗ്രഹ് സംസ്ഥാന പ്രസിഡന്റ് സത്താര്‍ ആദൂര്‍ അധ്യക്ഷത വഹിച്ചു. 68 വര്‍ഷത്തെ ഗിന്നസിന്റെ ചരിത്രത്തില്‍ ഇന്ത്യയില്‍ നിന്ന് 500 ഓളം പേര്‍ക്ക് മാത്രമേ ഗിന്നസ് റെക്കോഡ് നേട്ടം കൈവരിക്കാന്‍ സാധിച്ചിട്ടുള്ളൂവെന്നും അതില്‍ 73 പേര്‍ കേരളത്തില്‍ നിന്നുള്ളവരാണെന്നും യോഗം വിലയിരുത്തി. ലോക ശ്രദ്ധ നേടിയ ഗിന്നസ് റെക്കോര്‍ഡ് ജേതാക്കാള്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അര്‍ഹമായ പരിഗണന ലഭിക്കുന്നതിനുവേണ്ടിയുള്ള നിവേദനങ്ങള്‍ സമര്‍പ്പിച്ചിട്ടും യാതൊരു നടപടികളും ഉണ്ടായിട്ടില്ലെന്നും ആവശ്യമായ കാര്യങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടി പ്രത്യക്ഷ സമരപരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും യോഗം അറിയിച്ചു.

   

സത്താര്‍ ആദൂര്‍(പ്രസിഡന്റ്), സുനില്‍ ജോസഫ് (സെക്രട്ടറി)

 ഒരു മിനിറ്റില്‍ ഏറ്റവും കൂടുതല്‍ ദിനോസറുകളെ തിരിച്ചറിഞ്ഞതിലൂടെ ഗിന്നസ് നേടിയ ഒന്നാം ക്ലാസുകാരനായ വിശ്വജിത്തിനും 22 വയസ് മുതല്‍ 96 വയസ് വരെയുള്ള വക്കീല്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ദിവസം കോടതിയില്‍ ഹാജരായി ഗിന്നസ് നേട്ടം കൈവരിച്ച അഡ്വ. പി.ബി മേനോനുമുള്ള ഗിന്നസ് റെക്കോഡ് സര്‍ട്ടിഫിക്കറ്റ് കേണല്‍ ഡി നവീന്‍ ബെന്‍ജിത് സമ്മാനിച്ചു. ഈ വര്‍ഷം ഗിന്നസ് നേട്ടം കൈവരിച്ച 13 പേരെയും ചടങ്ങില്‍ ആദരിച്ചു. ആഗ്രഹ് സംസ്ഥാന കമ്മറ്റിയുടെ പുതിയ ഭാരവാഹികളായി സത്താര്‍ ആദൂര്‍(പ്രസിഡന്റ്), സുനില്‍ ജോസഫ് (സെക്രട്ടറി), പ്രിജേഷ് കണ്ണന്‍(ഖജാഞ്ചി), അശ്വിന്‍ വാഴുവേലില്‍(ചീഫ് കോഡിനേറ്റര്‍), തോമസ് ജോര്‍ജ്, ലത ആര്‍ പ്രസാദ്(വൈസ് പ്രസിഡന്റ്), റിനീഷ്, ജോബ് പൊട്ടാസ്(ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

Tags:    

Similar News