കൊല്ലപ്പെട്ടിട്ട് ആറ് വർഷം; വിവാദങ്ങൾക്ക് പിന്നാലെ ധനരാജിന്റെ കടംതീർത്ത് സിപിഎം

ഒറ്റത്തവണയായി കടമടച്ചു തീർക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ധനരാജിന്റെ ഭാര്യ സജിനി എൻ വി ജൂൺ 24 നാണ് പയ്യന്നൂർ സർവീസ് സഹകരണ ബാങ്കിൽ അപേക്ഷ നൽകിയത്.

Update: 2022-07-01 10:12 GMT

പയ്യന്നൂർ: സിപിഎം നേതാവ് സി വി ധനരാജ് രക്തസാക്ഷി ദിനത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെ ധനരാജിന്റെ പേരിൽ ഉണ്ടായിരുന്ന മുഴുവൻ കടവും അടച്ച് തീർത്ത് സിപിഎം. പയ്യന്നൂർ റൂറൽ ബാങ്ക് ഈവിനിങ് ബ്രാഞ്ചിൽ ഉണ്ടായിരുന്ന ഏരിയ കമ്മറ്റി അക്കൗണ്ടിൽ നിന്ന് ഒമ്പത് ലക്ഷത്തി എൻപതിനായിരം രൂപയാണ് കടം തീർക്കാൻ ഉപയോഗിച്ചത്. ജില്ലാ കമ്മിറ്റി നിർദേശ പ്രകാരം ലോക്കൽ കമ്മിറ്റിയിൽ ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട കണക്കവതരിപ്പിക്കുന്നതിന് മണിക്കൂറുകൾ അവശേഷിക്കെയാണ് സിപിഎം നീക്കം.

ഒറ്റത്തവണയായി കടമടച്ചു തീർക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ധനരാജിന്റെ ഭാര്യ സജിനി എൻ വി ജൂൺ 24 നാണ് പയ്യന്നൂർ സർവീസ് സഹകരണ ബാങ്കിൽ അപേക്ഷ നൽകിയത്. ഇത് പ്രകാരമാണ് തുകയിൽ ഇളവ് വരുത്തിയത്. പയ്യന്നൂർ സര്‍വീസ് സഹകരണ ബാങ്കിന്റെ കൊറ്റി ബ്രാഞ്ചിൽ ധനരാജിന്റെ പേരിൽ 294966 രൂപയുടേയും 368095 രൂപയുടേയും ബാധ്യത ഉണ്ടായിരുന്നു, ഭാര്യ സജിനി എൻവി യുടെ പേരിൽ 349980 രൂപയും 405494 രൂപയും കടമുണ്ട്. പലിശ സഹിതം 1418535 രൂപയ്ക്ക് മുകളിൽ കട ബാധ്യത ഉണ്ടായിരുന്നു.

ധനരാജ് രക്തസാക്ഷി ഫണ്ടിനായി ടി ഐ മധുസൂദനന്റേയും സംഘടനാ വിരുദ്ധ നടപടി നേരിട്ട മുൻ ഏരിയാ സെക്രട്ടറി കെ പി മധുവിന്റേയും പേരിലുള്ള ജോയിന്റ് അകൗണ്ടിലുള്ളത് വെറും ഇരുപത്തി ആറായിരം രൂപയാണെന്ന വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു. കുടുംബത്തിന് വീടുണ്ടാക്കാന്‍ ചെലവാക്കിയ 25 ലക്ഷത്തോളം രൂപയും, ധനരാജിന്റെ ഭാര്യയുടെയും 2 മക്കളുടെയും പേരില്‍ 5 ലക്ഷം രൂപ വീതം സ്ഥിര നിക്ഷേപവും, അമ്മയുടെ പേരില്‍ 3 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവും പാർട്ടി നടത്തിയിരുന്നു. 85 ലക്ഷം രൂപയായിരുന്നു അണികളിൽ നിന്നും പ്രവർത്തകരിൽ നിന്നും പിരിച്ചെടുത്തത്.

ബാക്കി വന്ന 42 ലക്ഷം രൂപയാണ് ടി ഐ മധുസൂദനന്റേയും കെ പി മധുവിന്റേയും പേരിലുള്ള ജോയിന്റ് അകൗണ്ടിൽ നിക്ഷേപിച്ചത്. 42 ലക്ഷം രൂപയുടെ സ്ഥിരം നിക്ഷേപത്തിന് ലഭിച്ച പലിശയിനത്തിലെ 5 ലക്ഷം രൂപയും ഈ നേതാക്കള്‍ പിന്‍വലിച്ചിരുന്നു. ഈ 47 ലക്ഷം രൂപ പാര്‍ട്ടി അറിയാതെ പിന്‍വലിച്ചുവെന്നാണ് പാര്‍ട്ടി ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയ വി കുഞ്ഞിക്കൃഷ്ണന്‍ പരാതി നല്‍കിയത്. ധനരാജ് കൊല്ലപ്പെട്ട കാലയളവിൽ ഏരിയ സെക്രട്ടറി ആയിരുന്നു നിലവിലെ എംഎൽഎ ടി ഐ മധുസൂദനൻ

രക്തസാക്ഷി ധനരാജിന്റെ മരണത്തിന് 6 വർഷം തികയുന്നതിന് ദിവസങ്ങൾ ബാക്കി നിൽക്കെ പയ്യന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ കൊറ്റി ബ്രാഞ്ചിൽ അദ്ദേഹത്തിന്റെ പേരിലുള്ള കടം പാർട്ടി വീട്ടുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞതിന് പിന്നാലെയാണ് 26000 രൂപയുടെ കണക്ക് പുറത്തു വന്നത്. ധനരാജ് കുടുംബസഹായ ഫണ്ടിലെ 42 ലക്ഷത്തോളം രൂപയും പലിശയും കാണാനില്ലെന്ന പരാതി നേരത്തെ ഉയർന്നിരുന്നുവെങ്കിലും ധനരാജ് ഫണ്ടില്‍ നിന്ന് നയാ പൈസ പോലും ആരും അപഹരിച്ചിട്ടില്ലെന്നും, രക്തസാക്ഷി ഫണ്ട് തട്ടിയെടുക്കുന്ന ശീലം പാര്‍ട്ടിക്കില്ലെന്നുമായിരുന്നു എം വി ജയരാജന്‍റെ വാദം.

ധനരാജ് കൊല്ലപ്പെട്ട് ആറ് വർഷം പിന്നിടാൻ ദിവസങ്ങൾ ബാക്കിനിൽക്കേ സിപിഎം നടത്തിയ ഈ നീക്കം നടപടിക്ക് വിധേയനായ വി കുഞ്ഞിക്കൃഷ്ണൻ ഉയർത്തിയ രക്തസാക്ഷി ഫണ്ടിൽ വെട്ടിപ്പ് നടത്തിയെന്ന നിലപാട് ശരിവയ്ക്കുന്നതാണ്. ഈ വാദം ഇന്ന് നടക്കാനിരിക്കുന്ന ലോക്കൽ കമ്മിറ്റി യോ​ഗങ്ങളിൽ ഉയരുവാനും സാധ്യതയുണ്ട്.

Similar News