അപവാദ പ്രചാരണം: നിമിഷാ ഫാത്തിമയുടെ സുഹൃത്തിന്റെ കുടുംബം സൈബര്‍ സെല്ലില്‍ പരാതി നല്‍കി

മകനെ മാത്രമല്ല തന്റെ വ്യാപാര സ്ഥാപനത്തേയും അപവാദ പ്രചാരകര്‍ ലക്ഷ്യമിടുന്നതായി ദുബയ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വ്യവസായി സഈദ് സലീം പറഞ്ഞു.

Update: 2019-12-11 01:30 GMT

തിരുവനന്തപുരം: ഭര്‍ത്താവിനൊപ്പം ഐഎസില്‍ ചേര്‍ന്നുവെന്ന് ആരോപിക്കപ്പെടുന്ന നിമിഷ ഫാത്തിമയുടെ സുഹൃത്തായിപ്പോയി എന്ന ഒറ്റക്കാരണത്താല്‍ തന്റെ മകനെതിരേ വ്യാപക അപവാദ പ്രചാരണം നടക്കുന്നതായി ഡോക്ടറായ യുവാവിന്റെ പിതാവ്. മകനെ മാത്രമല്ല തന്റെ വ്യാപാര സ്ഥാപനത്തേയും അപവാദ പ്രചാരകര്‍ ലക്ഷ്യമിടുന്നതായി ദുബയ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വ്യവസായി സഈദ് സലീം പറഞ്ഞു. സംഭവത്തില്‍, കുടുംബം സൈബര്‍ പോലിസില്‍ പരാതി നല്‍കി.

35 വര്‍ഷമായി യുഎഇയില്‍ കഴിയുന്ന സഈദ് സലീം രണ്ടു വര്‍ഷം മുമ്പാണ് ഏറെ ജനസമ്മതിയുള്ള ഇറ്റാലിയന്‍ പിസ ഔട്ട്‌ലെറ്റുകള്‍ ദുബയില്‍ സ്ഥാപിച്ചത്. എന്നാല്‍, ഐഎസ് ഇവര്‍ക്ക് ഫണ്ട് നല്‍കിയെന്നാണ് അപവാദ പ്രചാരണം. ഇത് പരിഹാസ്യമായ ആരോപണം മാത്രമാണ്. പണത്തിന്റെ ഉറവിടം തന്റെ രക്തവും വിയര്‍പ്പും അല്ലാതെ മറ്റൊന്നുമല്ല- ഗ്രൂപ്പിന്റെ ഫേസ് ബുക്ക് പേജിലെ പ്രസ്താവനയില്‍ സഈദ് സലീം പറഞ്ഞു. മതേതരമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്. ഉപഭോക്താവോ ജീവനക്കാരനൊ ആവട്ടെ ഓരോ മനുഷ്യനേയും ഹിന്ദുവെന്നോ മുസ്‌ലിമെന്നോ ക്രിസ്ത്യാനിയെന്നോ നോക്കിയിട്ടല്ല മറിച്ച് മനുഷ്യനെന്ന നിലയിലാണ് പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മെഡിക്കല്‍ എന്‍ട്രന്‍സ് കോച്ചിങ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠിക്കുന്നതിനിടെ തന്റെ മകനും നിമിഷയും കണ്ടുമുട്ടുകയും തുടര്‍ന്ന് പ്രണയത്തിലാവുകയും ചെയ്തിരുന്നു. എന്നാല്‍, 2013നു ശേഷം ഇരുവരും തമ്മില്‍ യാതൊരു ബന്ധവുമില്ല. നിമിഷ ഫാത്തിമ ഇസ്‌ലാം സ്വീകരിച്ച ബെക്‌സിനുമൊത്ത് പിന്നീട് ഒളിച്ചോടി വിവാഹം കഴിക്കുകകയും 2016ല്‍ രാജ്യം വിടുകയുമാണുണ്ടായത്.

വിവാദമുണ്ടാകുമ്പോള്‍ തന്റെ മകന്‍ പോണ്ടിച്ചേരിയിലെ ജിപ്മറില്‍ എംബിബിഎസിന് പഠിക്കുകയായിരുന്നു. ആ സമയത്ത് ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്യുകയും ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തതാണ്. കഴിഞ്ഞ മൂന്നു വര്‍ഷമായി കടുത്ത മാനസിക പീഡനമാണ് സോഷ്യല്‍ മീഡിയയിലൂടെ നേരിടുന്നത്. ഇപ്പോള്‍ എല്ലാ പരിധിയും ലംഘിച്ച് തങ്ങളുടെ സ്ഥാപനത്തെകൂടി അപവാദ പ്രചാരകര്‍ ലക്ഷ്യമിട്ടിരിക്കുകയാണ്. കുടുംബത്തിലെ സ്ത്രീകളുടെ ചിത്രങ്ങള്‍ പോലും ഉപയോഗിച്ചാണ് അപവാദ പ്രചാരണം നടക്കുന്നതെന്നും നിരന്തരം ഭീഷണി കോളുകള്‍ ലഭിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇതിനെതിരേ കുടുംബം സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്.

Tags:    

Similar News