കുട്ടികളുടെ നഗ്നചിത്രം പ്രചരിപ്പിക്കൽ; സംസ്ഥാനത്ത് 12 പേര്‍ അറസ്റ്റില്‍

കുട്ടികളുടെ നഗ്നചിത്രങ്ങള്‍ കാണുകയോ വിതരണം ചെയ്യുകയോ ശേഖരിക്കുകയോ ചെയ്യുന്നത് അഞ്ച് വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവരുടെ വിവരങ്ങള്‍ സൈബര്‍ ഡോമിനേയോ ഹൈടെക് ക്രൈം എന്‍ക്വയറി സെല്ലിനേയോ അറിയിക്കാന്‍ കേരള പോലിസ് അഭ്യര്‍ത്ഥിച്ചു.

Update: 2019-10-13 06:25 GMT

തിരുവനന്തപുരം: സൈബര്‍ ലോകത്ത് കുട്ടികളുടെ നഗ്നചിത്രങ്ങള്‍ തിരയുന്നവരെയും അത് പ്രചരിപ്പിക്കുന്നവരെയും കണ്ടെത്തുന്നതിനായി ഓപ്പറേഷന്‍ പി ഹണ്ട് എന്ന പേരില്‍ കേരള പോലിസ് കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തി. 21 സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. റെയ്ഡില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ 12 പേരെ അറസ്റ്റ് ചെയ്യുകയും 20 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന വിവിധ ഗ്രൂപ്പുകളെയും 126 വ്യക്തികളെയും കേന്ദ്രീകരിച്ചാണ് പോലിസിന്‍റെ നടപടി. ഇത്തരം ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ മൂന്നാം തവണയാണ് സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തുന്നത്. വാട്സ് ആപ്, ഫെയ്സ് ബുക്ക്, ടെലഗ്രാം എന്നിവയില്‍ സജീവമായി ഗ്രൂപ്പുകളും അതിലെ അംഗങ്ങളും പോലിസിന്‍റെ സൂക്ഷ്മനിരീക്ഷണത്തിലാണ്.

തിരുവനന്തപുരം റൂറല്‍ ജില്ലയില്‍ 2 പേരാണ് അറസ്റ്റിലായത്. നെടുമങ്ങാട് കരുപ്പൂര്‍ സ്വദേശി ബിജു പ്രസാദ്, പുല്ലംപാറ സ്വദേശി മുഹമ്മദ് ഫഹാദ്.എസ് എന്നിവരാണ് പിടിയിലായത്. പത്തനംതിട്ട ജില്ലയില്‍ വള്ളിക്കോട് സ്വദേശി ശ്രീജേഷ്, വടശ്ശേരിക്കര സ്വദേശി സുജിത് എന്നിവര്‍ അറസ്റ്റിലായി. എറണാകുളം ജില്ലയില്‍ നിന്ന് രണ്ട് പേര്‍ പിടിയിലായി. അനൂപ്, രാഹുല്‍ ഗോപി എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂര്‍ ജില്ലയില്‍ നിന്ന് മൂന്ന് പേരെ പിടികൂടി. മതിപറമ്പ് സ്വദേശികളായ ജിഷ്ണു.എ, രമിത്.കെ, കരിയാട് സ്വദേശി ലിജേഷ്.ജി.പി എന്നിവരാണ് കണ്ണൂരില്‍ നിന്ന് അറസ്റ്റിലായ മൂന്ന് പേര്‍. പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്ന് ഒരാള്‍ വീതം പിടിയിലായി.

പിടിയിലായവരില്‍ നിന്ന് മൊബൈല്‍ ഫോൺ, ലാപ്ടോപ്പ്, മോഡം, ഹാര്‍ഡ് ഡിസ്ക്, മെമ്മറി കാര്‍ഡുകള്‍, കമ്പ്യൂട്ടറുകള്‍ എന്നിവയുള്‍പ്പെടെയുളള ഇലക്ട്രോണിക് ഉപകരണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന വാട്സ് ആപ് ഗ്രൂപ്പുകളും കണ്ടെത്താന്‍ കഴിഞ്ഞു.

എഡിജിപിയും സൈബര്‍ ഡോം നോഡല്‍ ഓഫീസറുമായ മനോജ് എബ്രഹാമിന്‍റെ നിര്‍ദ്ദേശപ്രകാരം നടത്തിയ റെയ്ഡില്‍ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ ഇന്‍സ്പെക്ടര്‍ സ്റ്റാര്‍മോന്‍ ആര്‍ പിളളയുടെ നേതൃത്വത്തില്‍ വിവിധ ജില്ലകളില്‍ പോലിസ് ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും പങ്കെടുത്തു. ജില്ലകളില്‍ ജില്ലാ പോലിസ് മേധാവിമാരാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്. വെളളിയാഴ്ച രാവിലെ 6 മണിക്ക് ആരംഭിച്ച റെയ്ഡ് രാത്രി വൈകിയാണ് അവസാനിച്ചത്. കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെയുളള പോലിസ് നടപടികള്‍ക്ക് ഇന്‍റര്‍പോള്‍ സഹകരണവും പരിശീലനവും നല്‍കി വരുന്നു.

കുട്ടികളുടെ നഗ്നചിത്രങ്ങള്‍ കാണുകയോ വിതരണം ചെയ്യുകയോ ശേഖരിക്കുകയോ ചെയ്യുന്നത് അഞ്ച് വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവരുടെ വിവരങ്ങള്‍ സൈബര്‍ ഡോമിനേയോ ഹൈടെക് ക്രൈം എന്‍ക്വയറി സെല്ലിനേയോ അറിയിക്കാന്‍ കേരള പോലിസ് അഭ്യര്‍ത്ഥിച്ചു.

Tags:    

Similar News