ഇന്റര്‍നെറ്റില്‍ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച ക്ഷേത്ര പുരോഹിതന്‍ ഉദുമല്‍പേട്ടയില്‍ അറസ്റ്റില്‍
ഉദുമല്‍പേട്ട; കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച ക്ഷേത്ര പുരോഹിതനെ ഉദുമല്‍പേട്ട ആള്‍ വിമന്‍ പോലിസ് അറസ്റ്റ് ചെയ്തു. 2020ലാണ് ഇയാള്‍ ഇത്തരം ദൃശ്യങ്ങളും വിവരങ്ങളും ഓണ്‍ലൈനില്‍ അപ് ലോഡ് ചെയ്തത്. യുഎസ്സിലെ നാഷണല്‍ സെന്റര്‍ ഫോര്‍ മിസ്സിങ് ആന്റ് എക്‌പ്ലോയ്റ്റഡ് ചില്‍ഡ്രന്‍ സൈബര്‍ ടിപ്‌ലൈന്‍ നല്‍കിയ ജാഗ്രതാ നിര്‍ദേശപ്രകാരമാണ് ഇയാളെ പിടികൂടിയത്.
അശ്ലീല ഉള്ളടക്കമുള്ള ചില വിവരങ്ങളും ദൃശ്യങ്ങളും ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്തതിനെക്കുറിച്ചുള്ള യുഎസ് ഏജന്‍സിയുടെ റിപോര്‍ട്ട് തിരിപ്പൂര്‍ ജില്ലാ പോലിസ് മേധാവിക്കാണ് ലഭിച്ചത്. ദൃശ്യങ്ങള്‍ അപ് ലോഡ് ചെയ്ത കമ്പ്യൂട്ടറിന്റെ ഐപി അഡ്രസില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പോലിസ് നടത്തിയ അന്വേഷണത്തില്‍ ഇത് മടത്തുകുളം താലൂക്കിലെ കാണിയൂരില്‍ നിന്നാണെന്ന് മനസ്സിലായി.
ബുധനാഴ്ച പോലിസ് നടത്തിയ അന്വേഷണത്തില്‍ വി വൈദ്യനാഥന്‍ എന്ന ബാലാജി(50)യാണ് അതെന്ന് തിരിച്ചറിഞ്ഞു. ഉദുമല്‍പേട്ടയിലെ അഗ്രഹാര തെരുവിലാണ് ഇയാള്‍ താമസിച്ചിരുന്നത്. ഇയാള്‍ തൊട്ടടുത്ത വെങ്കിട്ടപുരം ക്ഷേത്രത്തിലെ പുരോഹിതനാണ്.
ഇയാള്‍ക്കെതിരേ പോക്‌സൊ നിയമമനുസരിച്ച് കേസെടുത്തു. സെക്ഷന്‍ 13, 14(2), 67(ബി)ബി വകുപ്പുകളാണ് ചേര്‍ത്തിരിക്കുന്നത്. ഇയാളെ റിമാന്‍ഡ് ചെയ്തു.