പോപുലര്‍ ഫ്രണ്ടിനെതിരേ അപവാദ പ്രചാരണം; വി വി രാജേഷിനെതിരേ പരാതി

Update: 2020-02-03 03:05 GMT

തിരുവനന്തപുരം: പോപുലര്‍ ഫ്രണ്ടിനെതിരേ അപവാദ പ്രചാരണം നടത്തിയതിനു ബിജെപി നേതാവിനെതിരേ പോലിസില്‍ പരാതി നല്‍കി. ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി വി രാജേഷിനെതിരേയാണ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നെയ്യാറ്റിന്‍കര ഡിവിഷന്‍ കമ്മിറ്റി ബാലരാമപുരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് പരാതി നല്‍കിയത്. ഇക്കഴിഞ്ഞ ജനുവരി 29ന് ബാലരാമപുരം ജങ്ഷനില്‍ ബിജെപി കോവളം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനജാഗ്രതാ സദസ്സില്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി വി രാജേഷ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്‌ക്കെതിരേ അടിസ്ഥാന രഹിതമായ അപവാദ പ്രചാരണങ്ങള്‍ നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.

    കേരള-തമിഴ്‌നാട് അതിര്‍ത്തി പ്രദേശമായ കളിയിക്കാവിളയില്‍ ചെക്ക്‌പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പോലിസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോപുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകരാണ് കൃത്യം നടത്തിയതെന്ന് പ്രസംഗത്തില്‍ ആരോപിക്കുകയുണ്ടായി. എന്നാല്‍ ഈ സംഭവത്തില്‍ പോപുലര്‍ പ്രവര്‍ത്തകര്‍ക്ക് യാതൊരു വിധ ബന്ധവുമില്ലെന്ന കാര്യം കേരള-തമിഴ്‌നാട് പോലിസിന് അന്വേഷണത്തിലൂടെ വളരെ വ്യക്തമായി അറിയാവുന്നതാണ്. അതുകൊണ്ട് തന്നെ രാജേഷിന്റെ പരാമര്‍ശം പൊതുജനങ്ങള്‍ക്കിടയില്‍ സംഘടനയെ കുറിച്ച് തെറ്റിദ്ധാരണയും മാനഹാനിയും ഉണ്ടാക്കുമെന്നതിനാല്‍ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസംഗത്തിനെതിരേ നിയമനടപടി സ്വീകരിക്കണമെന്നും പേരാതിയില്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ പോപുലര്‍ ഫ്രണ്ട് ഡിവിഷന്‍ പ്രസിഡന്റ് എ ആര്‍ അനസ്, ഏരിയാസെക്രട്ടറി അഷ്‌കര്‍ സംസാരിച്ചു.




Tags:    

Similar News