ബഗ്ദാദിലെ അതീവ സുരക്ഷാ മേഖലയില്‍ വീണ്ടും റോക്കറ്റാക്രമണം; റോക്കറ്റ് പതിച്ചത് യുഎസ് എംബസിക്ക് സമീപം
രാജ്യതലസ്ഥാനമായ ബാഗ്ദാദിലെ ഹരിത മേഖലയിലയായ (Green Zone) യുഎസ് എംബസി ഉള്‍പ്പെടെയുള്ളവ സ്ഥിതി ചെയ്യുന്ന മേഖലയിലാണ് അര്‍ദ്ധരാത്രിയോടെ റോക്കറ്റാക്രമണമുണ്ടായത്. യുഎസ് എംബസിയില്‍നിന്നു നൂറ് മീറ്റര്‍ മാത്രം അകലെയാണ് റോക്കറ്റ് പതിച്ചത്.
ബഗ്ദാദ്: പശ്ചിമേഷ്യയെ യുദ്ധമുനയില്‍ നിര്‍ത്തി ഇറാനും യുഎസും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടെ ഇറാഖിലെ അതീവ സുരക്ഷാ മേഖലയില്‍ വീണ്ടും ഇറാന്റെ മിസൈല്‍ ആക്രമണം. രാജ്യതലസ്ഥാനമായ ബാഗ്ദാദിലെ ഹരിത മേഖലയിലയായ (Green Zone) യുഎസ് എംബസി ഉള്‍പ്പെടെയുള്ളവ സ്ഥിതി ചെയ്യുന്ന മേഖലയിലാണ് അര്‍ദ്ധരാത്രിയോടെ റോക്കറ്റാക്രമണമുണ്ടായത്. യുഎസ് എംബസിയില്‍നിന്നു നൂറ് മീറ്റര്‍ മാത്രം അകലെയാണ് റോക്കറ്റ് പതിച്ചത്. തുടര്‍ച്ചയായി രണ്ട് ഉഗ്രസ്‌ഫോടനങ്ങള്‍ നടന്നതായും ഇതേത്തുടര്‍ന്ന് തുടര്‍ച്ചയായി സൈറനുകള്‍ മുഴങ്ങിയതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു.
രണ്ട് കത്യുഷ റോക്കറ്റുകള്‍ ബാഗ്ദാദിലെ ഗ്രീന്‍ സോണില്‍ പതിച്ചതായും ആളപായമുള്ളതായി റിപോര്‍ട്ടില്ലെന്നും ഇറാഖിലെ സഖ്യസേനാ കമാന്‍ഡര്‍മാരെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുതിര്‍ന്ന ഇറാനിയന്‍ സൈനിക കമാന്‍ഡറുടെ കൊലപാതകത്തിന് പ്രതികാരമായി ഇറാഖില്‍ അമേരിക്കന്‍ സൈന്യവും സഖ്യസൈന്യവും തമ്പടിച്ച അല്‍ അസദ്, ഇര്‍ബില്‍ എന്നീ സൈനിക വിമാനത്താവളങ്ങളില്‍ ബാലിസ്റ്റിക് മിസൈലാക്രമണം നടത്തി ഇരുപത്തിനാല് മണിക്കൂറിനകമാണ് ഇറാന്‍ വീണ്ടും ഇറാഖിലെ അതീവസുരക്ഷാ മേഖലയില്‍ കയറി റോക്കറ്റാക്രമണം നടത്തുന്നത്. മധ്യബാഗ്ദാദില്‍ 2003ല്‍ യുഎസ് നേതൃത്വത്തിലുള്ള അധിനിവേശ സൈന്യം ആക്രമണം നടത്തി പിടിച്ചടക്കിയ ശേഷം നിര്‍മിച്ച അതീവസുരക്ഷാമേഖലയാണിത്.
താന്‍ യുഎസ് പ്രസിഡന്റായിരിക്കുന്നിടത്തോളം കാലം ഇറാനെ ആണവായുധം കൈവശം വയ്ക്കാന്‍ അനുവദിക്കില്ലെന്ന് ഇന്നലെ ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. സൈനിക താവളങ്ങള്‍ക്കുനേരെ കഴിഞ്ഞ ദിവസം ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങളില്‍ അമേരിക്കക്കാര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. ഗ്രേറ്റ് അമേരിക്കന്‍ ഫോഴ്‌സ് എന്തിനും സന്നദ്ധരാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.