ബാഗ് ദാദിലെ യുഎസ് എംബസിക്ക് സമീപം റോക്കറ്റ് ആക്രമണം
ഒക്ടോബര്‍ മുതല്‍ ഇറാഖില്‍ അമേരിക്കന്‍ സേനയെ ലക്ഷ്യമിട്ട് രണ്ട് ഡസനിലേറെ ആക്രമണങ്ങളാണുണ്ടായത്.
ബാഗ് ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ യുഎസ് എംബസിക്കു സമീപം റോക്കറ്റ് ആക്രമണം. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഗ്രീന്‍സോണിലെ ആളൊഴിഞ്ഞ വീട്ടില്‍ ഒരു റോക്കറ്റ് പതിച്ചതെന്ന് സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. റോക്കറ്റ് പതിച്ചതിന്റെ വന്‍ ശബ്ദം കേള്‍ക്കാമായിരുന്നുവെന്നും യുഎസ് എംബസി കോംപൗണ്ടില്‍ സുരക്ഷാ സൈറണുകള്‍ മുഴക്കിയെങ്കിലും ആളപായമുണ്ടായില്ലെന്നും അധികൃതര്‍ അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
ഒക്ടോബര്‍ മുതല്‍ ഇറാഖില്‍ അമേരിക്കന്‍ സേനയെ ലക്ഷ്യമിട്ട് രണ്ട് ഡസനിലേറെ ആക്രമണങ്ങളാണുണ്ടായത്. ഇറാന്‍ പിന്തുണയുള്ള വിഭാഗങ്ങളാണ് ഇതിനു പിന്നിലെന്നാണ് യുഎസ് ആരോപണം. ജനുവരിയില്‍ ബാഗ്ദാദില്‍ നടന്ന യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ ഇറാന്‍ ജനറല്‍ കാസിം സുലൈമാനിയും ഇറാഖ് കമാന്‍ഡര്‍ അബു മഹ്ദി അല്‍ മുഹന്ദിസും കൊല്ലപ്പെട്ടിരുന്നു. ഇതോടെയാണ് വീണ്ടും ആക്രമണങ്ങള്‍ രൂക്ഷമായത്. യുഎസ്, ബ്രിട്ടീഷ്, ഇറാഖ് സേനകള്‍ക്കെതിരായ റോക്കറ്റ് ആക്രമണങ്ങള്‍ അമേരിക്കയും ഇറാഖും തമ്മിലുള്ള ബന്ധത്തെ സാരമായി ബാധിച്ചിരുന്നു. ഈ മാസം ആദ്യം അധികാരമേറ്റ പ്രധാനമന്ത്രി മുസ്തഫ അല്‍ ഖദേമി യുഎസുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും ജൂണില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുമെന്നും അറിയിച്ചിരുന്നു. അതിനിടെ, ഇറാഖില്‍നിന്നും സിറിയയില്‍ നിന്നും യുഎസ് പിന്‍മാറണണമെന്നു ഞായറാഴ്ച ഇറാനിലെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖുമേനി ആവശ്യപ്പെട്ടിരുന്നു.