നയ്പിഡോ: പട്ടാളം അധികാരം പിടിച്ചടക്കിയ മ്യാന്‍മാറില്‍ പ്രതിഷേധക്കാര്‍ക്കെതിരേയുള്ള സൈനിക നടപടി ശക്തമായ സാഹചര്യത്തില്‍ എംബസി ഉദ്യോഗസ്ഥരെ അമേരിക്ക തിരിച്ചുവിളിക്കുന്നു. അത്യാവശ്യമില്ലാത്ത എല്ലാ ഉദ്യോഗസ്ഥരെയും അമേരിക്കന്‍ വിദേശകാര്യമന്ത്രാലയം തിരിച്ചുവിളിച്ചിട്ടുണ്ട്. അവരുടെ കുടുംബാംഗങ്ങളോടും നാടുവിടാന്‍ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ല്രിങ്കന്‍ നിര്‍ദേശിച്ചു.
രാജ്യത്ത് സംഘര്‍ഷം മൂര്‍ച്ഛിച്ചുകൊണ്ടിരിക്കുകയാണെന്നും സ്ഥിതിഗതികള്‍ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരിയില്‍ യുഎസ് സര്‍ക്കാര്‍ വേണ്ടവര്‍ക്ക് മ്യാന്‍മാര്‍ വിട്ടുപോകാന്‍ അനുമതി നല്‍കിയിരുന്നു. യുഎസ് എംബസി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും എംബസി സേവനങ്ങള്‍ നല്‍കുമെന്നും യുഎസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
യുഎസ് സര്‍ക്കാര്‍ അമേരക്കന്‍ പൗരന്മാര്‍ക്ക് ലെവല്‍ 4 യാത്രാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അത്യാവശ്യല്ലെങ്കില്‍ യാത്ര ഒഴിവാക്കാനും കാര്യം തീര്‍ത്ത് പെട്ടെന്ന് തിരിച്ചുവരാനുമാണ് നിര്‍ദേശം.
അതേസമയം വിദേശരാജ്യങ്ങള്‍ നയതന്ത്രബന്ധം ഇതുവരെയും വിച്ഛേദിച്ചിട്ടില്ല. കഴിഞ്ഞ ദിവസം നടന്ന പട്ടാളത്തിന്റെ വാര്‍ഷിക ദിനമായ തത്മാദാവ് ദിനത്തില്‍ ഏട്ടോളം രാജ്യങ്ങള്‍ നേരിട്ട് ഉദ്യോഗസ്ഥരെ അയച്ചിരുന്നു. ഇന്ത്യ അടക്കം എട്ട് രാജ്യങ്ങള്‍ പങ്കെടുത്തു. റഷ്യ, ചൈന, പാകിസ്ഥാന്‍, ബംഗ്ലാദേശ്, വിയറ്റ്‌നാം, ലാവോസ്, തായ്‌ലന്‍ഡ് തുടങ്ങിയവയാണ് മറ്റ് രാജ്യങ്ങള്‍. പട്ടാള അട്ടമറി നടന്നെങ്കിലും നയതന്ത്രബന്ധം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നയതന്ത്രപ്രതിനിധികളെ അയയ്ക്കാന്‍ നിര്‍ബന്ധിതരായതെന്നും നയതന്ത്ര ബന്ധം തുടരുമെന്നും ഇതേ കുറിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞത്.
കഴിഞ്ഞ ദിവസം സ്ഥാനഭ്രഷ്ടയായ നേതാവ് സൂചിയുടെ വീഡിയോ സന്ദേശം പുറത്തുവന്നിരുന്നു. സൂചി ആരോഗ്യവതിയായിരിക്കുന്നതായി അവരുടെ അഭിഭാഷകരിലൊരാള്‍ പറഞ്ഞു.
പട്ടാള അട്ടിമറിയിലൂടെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പുറത്താക്കിയതിനെതിരേ നടക്കുന്ന സമരങ്ങക്കെതിരേ കടുത്ത രീതിയിലാണ് മ്യാന്‍മാര്‍ സൈന്യം പെരുമാറുന്നത്. പ്രതിഷേധങ്ങളില്‍ പങ്കെടുത്ത 500 പേരെയെങ്കിലും സൈന്യം വെടിവച്ചുകൊന്നു. രാജ്യത്ത് അരക്ഷിതാവസ്ഥ വര്‍ധിച്ചതോടെ ഇന്ത്യയിലേക്ക് അഭയാര്‍ത്ഥിപ്രവാഹം വര്‍ധിച്ചു. മിസോറാം വഴി നിരവധി പേരാണ് ഇന്ത്യയിലേക്ക് കടക്കുന്നത്.
പ്രതിഷേധക്കാര്‍ക്കെതിരേ മാരകായുധങ്ങള്‍ ഉപയോഗിക്കുന്നതിനെതിരേ വിവിധ രാജ്യങ്ങള്‍ അപലപിച്ചിട്ടുണ്ട്. ഇതിനെതിരേ ഒരു സംയുക്ത പ്രസ്താവനയും പുറത്തുവന്നു. ഓസ്‌ട്രേലിയ, കാനഡ, ജര്‍മ്മനി, ഗ്രീസ്, ഇറ്റലി, ജപ്പാന്‍, ഡെന്‍മാര്‍ക്ക്, നെതര്‍ലാന്റ്‌സ് , ന്യൂസിലാന്റ്, കൊറിയന്‍ റിപബ്ലിക്, യുണൈറ്റഡ് കിംഗ്ഡം തുടങ്ങിയ രാജ്യങ്ങളാണ് ഇതുസംബന്ധിച്ച സംയുക്ത പ്രസ്താവനയില്‍ ഒപ്പുവച്ചത്.
ഓങ് സാന്‍ സൂചിയെയും പ്രസിഡന്റ് വിന്‍ മിന്‍ടിനെയും അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് മ്യാന്‍മറില്‍ പട്ടാളം കഴിഞ്ഞ ഫെബ്രുവരിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഒരു വര്‍ഷത്തേക്കായിരുന്നു പ്രഖ്യാപനം. തിരഞ്ഞെടുപ്പ് അട്ടിമറിയുമായി ബന്ധപ്പെട്ട ആരോപണങ്ങളെച്ചൊല്ലി പട്ടാളവും സിവില്‍ അധികാരികളും തമ്മിലുള്ള വര്‍ധിച്ചുവരുന്ന സംഘര്‍ഷത്തെത്തുടര്‍ന്നായിരുന്നു നടപടി. സൂചിയുടെ നേതൃത്വത്തിലുള്ള നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയ്‌ക്കെതിരേ തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണം ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ അധികാരം പിടിച്ചെടുക്കുമെന്ന് പട്ടാളം നേരത്തെ സൂചന നല്‍കിയിരുന്നു. ടെലിവിഷന്‍ ചാനല്‍ വഴിയാണ് സൈന്യം അടിയന്തരാവസ്ഥാ പ്രഖ്യാപനം നടത്തിയത്. അതിനെതിരേ രാജ്യമാസകലം വലിയ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്.