സോളാര്‍ പീഡനക്കേസ്: ഇടത്-വലത് നേതാക്കളെ പ്രതിരോധത്തിലാക്കി ദല്ലാളിന്റെ വെളിപ്പെടുത്തല്‍
കൊച്ചി: സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായുള്ള സിബിഐ റിപോര്‍ട്ടിനു പിന്നാലെ ഇടത്-വലത് നേതാക്കളെ പ്രതിരോധത്തിലാക്കി ദല്ലാള്‍ നന്ദകുമാറിന്റെ പുതിയ വെളിപ്പെടുത്തല്‍. വിഷയത്തില്‍ പിണറായി വിജയനെ നേരത്തേ കണ്ടിരുന്നെന്നും കോണ്‍ഗ്രസിലെ രണ്ട് ആഭ്യന്തരമന്ത്രിമാര്‍ കത്ത് പുറത്തുവരാന്‍ ആഗ്രഹിച്ചിരുന്നുവെന്നും നന്ദകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പലതവണ കത്ത് വായിച്ചിരുന്നുവെന്നും കത്ത് വ്യാജമായി തയ്യാറാക്കിയിട്ടില്ലെന്നും നന്ദകുമാര്‍ വ്യക്തമാക്കി. പിണറായി വിജയന്‍ മുഖ്യമന്ത്രിയാവുന്നതിന് മുമ്പ് നേരില്‍ കണ്ട് കത്തിനെക്കുറിച്ച് സംസാരിച്ചിരുന്നു. കത്ത് പ്രസിദ്ധീകരിക്കാന്‍ പിണറായി ശരീരം കൊണ്ടും മനസ്സ് കൊണ്ടും അനുമതി നല്‍കി. എന്നാല്‍, മുഖ്യമന്ത്രിയായ ശേഷം പിണറായി വിജയനെ കണ്ടിട്ടില്ലെ. കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേരുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സോളാര്‍ കേസിലെ പ്രതി സരിതാ നായര്‍ എഴുതിയതെന്ന് അവകാശപ്പെട്ട വിവാദ കത്ത് കൈവശം എത്തിയതിനെക്കുറിച്ചും പിന്നീട് അത് പുറത്ത് വന്നതിനെക്കുറിച്ചും നന്ദകുമാര്‍ വിശദീകരിച്ചു.
കത്തിനെക്കുറിച്ച് വ്യക്തമായി അന്വേഷിക്കാന്‍ വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ശരണ്യാ മനോജിനെ ബന്ധപ്പെട്ടത്. എറണാകുളത്ത് വച്ച് ശരണ്യാ മനോജ് കൈമാറിയ കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് ആദ്യപേജില്‍ ഉണ്ടായിരുന്നു. ഇതടക്കം ഒരുഡസന്‍ കത്തുകള്‍ കൈമാറി. ഈ കത്തുകള്‍ വിഎസ് അച്യുതാനന്ദനെ കാണിച്ചു. അദ്ദേഹം അത് പലകുറി വായിച്ചു. പിന്നീട് ഈ കത്തിലെ കാര്യങ്ങളെ കുറിച്ച് പിണറായി വിജയനോട് സംസാരിച്ചെന്നും നന്ദകുമാര്‍ വിശദീകരിച്ചു. കത്ത് എങ്ങനെയാണ് ഏഷ്യാനെറ്റ് ചാനലില്‍ വന്നതിനെക്കുറിച്ചും നന്ദകുമാര്‍ വിശദീകരിച്ചു. ഏഷ്യാനെറ്റ് റിപോര്‍ട്ടറായ ജോഷി കുര്യനെയാണ് കത്ത് ഏല്‍പ്പിച്ചത്. ഇതിന് പണം വാങ്ങിയിട്ടില്ല. പരാതിക്കാരിക്ക് പ്രതിഫലമായി 1.25 ലക്ഷം രൂപ മാത്രമാണ് നല്‍കിയത്. പരാതിക്കാരിയും ശരണ്യാ മനോജും എറണാകുളം ശിവക്ഷേത്രം പരിസരത്ത് വച്ച് കണ്ടിരുന്നു. ബെന്നി ബഹനാനും തമ്പാനൂര്‍ രവിയും മാതാവിന്റെ ചികില്‍സയ്ക്കായി 50,000 രൂപ നല്‍കാമെന്ന് പറഞ്ഞ് മണിക്കൂറുകള്‍ നിര്‍ത്തി കഷ്ടപ്പെടുത്തിയെന്ന് പറഞ്ഞത് കൊണ്ടാണ് പണം നല്‍കിയത്. അതിനപ്പുറത്ത് ഒരു സാമ്പത്തിക ഇടപാടും കത്തില്‍ നടന്നിട്ടില്ലെന്നും നന്ദകുമാര്‍ പറഞ്ഞു.
'രണ്ട് കത്ത് കൈവശമുള്ള കാര്യം പറഞ്ഞിരുന്നു. 19 പേജുള്ള ഒരുകത്തും, 25 പേജുള്ള മറ്റൊരു കത്തും. 25 പേജുള്ള കത്തില്‍ വ്യക്തവും കൃത്യവുമായി ശ്രീ ഉമ്മന്‍ ചാണ്ടിയുടെ പേര് ഉള്‍പ്പെടുത്തിയിരുന്നു. ശാരീരകമായി ഉമ്മന്‍ ചാണ്ടി ബുദ്ധിമുട്ടിച്ചെന്നാണ് കത്തിന്റെ തുടക്കം. കത്തിലെ വിവരങ്ങള്‍ ഇരയോട് ചോദിച്ച് ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ എയറ് ചെയ്യാവൂ എന്ന് ജോഷി കുര്യനോട് പറഞ്ഞു. അദ്ദേഹം അവരുടെ എഡിറ്റേഴ്‌സുമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കത്ത് പുറത്തുവിട്ടത്. 2016ല്‍ പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി മൂന്നുമാസം കഴിഞ്ഞ് ഇര ആദ്ദേഹത്തെ കണ്ട് പരാതി നല്‍കി. ഈ പരാതിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരേ ആരോപണം ഉണ്ടായിരുന്നു. ഈ പരാതി മുഖ്യമന്ത്രിക്ക് നല്‍കുന്നതിന് വേണ്ടി എന്തെങ്കിലും സ്വാധീനം ചെലുത്തിയിട്ടില്ല. അതിന് ശേഷം അന്വേഷണം നിര്‍ബാധം നടന്നുവന്നു. 2021ല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പരാതി സിബിഐക്ക് നല്‍കുന്നതിലും ഒരു പങ്കുമില്ലെന്നും നന്ദകുമാര്‍ വ്യക്തമാക്കി. യുഡിഎഫിലെ രണ്ട് മുന്‍ ആഭ്യന്തരമന്ത്രിമാര്‍ മുഖ്യമന്ത്രിമാരാവാന്‍ ശ്രമിച്ചതിന്റെ കൂടി ഫലമായാണ് ഉമ്മന്‍ ചാണ്ടി തേജോവധം ചെയ്യപ്പെട്ടത്. താന്‍ ഉമ്മന്‍ ചാണ്ടിയെ തേജോവധം ചെയ്യാന്‍ ശ്രമിച്ചിട്ടില്ല. പിണറായി വിജയനുമായി പ്രശ്‌നങ്ങളില്ല. എന്നാല്‍, കാണാന്‍ ചെന്നപ്പോള്‍ പിണറായി വിജയന്‍ തന്നോട് കടക്ക് പുറത്ത് എന്ന് പറഞ്ഞിട്ടില്ലെന്നും വിശദീകരിച്ചു. ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട് പിണറായി വിജയനുമായി ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാല്‍ 2016ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇത് പരിഹരിക്കപ്പെട്ടു. ആ പ്രശ്‌നങ്ങളെല്ലാം അദ്ദേഹത്തെ ബോധ്യപ്പെടുത്തിയിരുന്നതായും നന്ദകുമാര്‍ പറഞ്ഞു.