സോളാര്‍ പീഡനക്കേസ് സിബിഐക്ക് വിട്ടത് രാഷ്ട്രീയപ്രേരിതം: കോണ്‍ഗ്രസ്

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ് എംപി, കെ സി ജോസഫ്, എം എം ഹസന്‍ അടക്കമുള്ള നേതാക്കളാണ് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ രംഗത്തുവന്നത്.

Update: 2021-01-24 13:09 GMT

തിരുവനന്തപുരം: സോളാര്‍ പീഡനക്കേസുകള്‍ സിബിഐക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനം രാഷ്ട്രീയപ്രേരിതമാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ് എംപി, കെ സി ജോസഫ്, എം എം ഹസന്‍ അടക്കമുള്ള നേതാക്കളാണ് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ രംഗത്തുവന്നത്. സര്‍ക്കാര്‍ തീരുമാനം തികച്ചും രാഷ്ട്രീയപ്രേരിതവും വൈരനിര്യാതന ബുദ്ധിയോടെയുള്ളതുമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ കുറ്റപ്പെടുത്തി.

മൂന്ന് ഉന്നതരായ ഐപിഎസ് ഉദ്യോഗസ്ഥര്‍ അന്വേഷിച്ച് യാതൊരു കഴമ്പുമില്ലെന്ന് പറഞ്ഞ് മൂടിയ കേസാണിത്. തിരെഞ്ഞടുപ്പ് പ്രഖ്യാപനം ഏതുസമയത്തും വരാം. ആ സമയത്താണ് പിണറായി വിജയന്‍ ഈ കേസ് കുത്തിപ്പൊക്കുന്നത്. ഇത് തിരഞ്ഞെടുപ്പ് പരാജയം മുന്നില്‍ക്കണ്ട് കൊണ്ടുള്ള ഹീനമായ രാഷ്ട്രീയനീക്കമാണ്. നേട്ടങ്ങള്‍ ഒന്നും അവകാശപ്പെടാനില്ലാത്ത സര്‍ക്കാരാണ് ഭരിക്കുന്നത്. ഈ സര്‍ക്കാര്‍ ഇരുട്ടില്‍തപ്പുകയാണ്. രാഷ്ട്രീയ പ്രതിയോഗികളെ സ്വഭാവഹത്യനടത്തി കോണ്‍ഗ്രസ്സിനെയും യുഡിഎഫിനെയും തകര്‍ക്കാനാണ് വ്യാമോഹമെമെങ്കില്‍ അത് നടക്കില്ല. എപ്പോഴാണ് കേന്ദ്ര ഏജന്‍സികളോട് മുഖ്യമന്ത്രിക്ക് ബഹുമാനമുണ്ടായത്. കേന്ദ്ര ഏജന്‍സികളെല്ലാംതന്നെ സര്‍ക്കാരിനെ തകിടം മറിക്കാനാണെത്തിയതെന്നാണ് അദ്ദേഹം പറയാറ്.

മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പും പ്രസ്താവനകളിലെ വിരോധാഭാസവും പൊതുസമൂഹത്തോടാണ് അദ്ദേഹം തന്നെയാണ് വ്യക്തമാക്കേണ്ടതെന്നും മുല്ലപ്പള്ളി ചോദിച്ചു. സര്‍ക്കാര്‍ തീരുമാനം രാഷ്ട്രീയപ്രേരിതമാണെന്ന് ഉമ്മന്‍ചാണ്ടിയും പറഞ്ഞു. അഞ്ചുവര്‍ഷമുണ്ടായിട്ടും സര്‍ക്കാര്‍ നടപടിയെടുത്തില്ല. ബാക്കിയെല്ലാം പിന്നെ പറയാമെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. സര്‍ക്കാര്‍ തീരുമാനം തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. അഞ്ചുവര്‍ഷം അധികാരത്തിലിരുന്നിട്ടും ഒന്നും കണ്ടെത്താന്‍ കഴിയാതിരുന്ന സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കേസ് സിബിഐയ്ക്ക് കൈമാറിയത് രാഷ്ട്രീയഗൂഢലക്ഷ്യത്തോടെയാണ്. വേങ്ങര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസമാണ് കേസെടുക്കുമെന്ന് പ്രഖ്യാപിച്ചത്.

ജസ്റ്റിസ് അരിജിത് പസായത് ഈ പരാതിയില്‍ കഴമ്പില്ലെന്നും കേസെടുക്കാനാവില്ലെന്നും സര്‍ക്കാരിന് നിയമോപദേശം നല്‍കിയതാണ്. എന്നിട്ടും നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേസ് സിബിഐ അന്വേഷണത്തിന് വിട്ടതിന് പിന്നിലെ രാഷ്ട്രീയലക്ഷ്യം കേരളീയര്‍ക്ക് തിരിച്ചറിയാനാവും. ഇതൊന്നും ഇവിടെ ചെലവാകാന്‍ പോവുന്നില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ അഞ്ചുവര്‍ഷം സോളാര്‍ കേസില്‍ അടയിരുന്നിട്ട് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് ഈ കേസ് സിബിഐക്കു വിടാന്‍ ശുപാര്‍ശ ചെയ്തതെന്ന് കെ സി ജോസഫ് എംഎല്‍എ ചൂണ്ടിക്കാട്ടി. ഇത് തികച്ചും രാഷ്ട്രീയപ്രേരിതമാണ്. പിണറായി സര്‍ക്കാരിന് ഇത് കനത്ത തിരിച്ചടിയുണ്ടാക്കും.

സംസ്ഥാന ആഭ്യന്തര വകുപ്പിന് കേസുമായി മുന്നോട്ടുപോകാനാവില്ലെന്നു വ്യക്തമായപ്പോഴാണ് പരാതിക്കാരിയെ വിളിച്ചുവരുത്തി പരാതി എഴുതിവാങ്ങി കേസ് സിബിഐക്കു വിടാന്‍ ശിപാര്‍ശ ചെയ്തത്. ഇതു തിരഞ്ഞെടുപ്പ് പരാജയഭീതി മൂലമാണ്. സര്‍ക്കാരിന്റെ അതീവഗുരുതരമായ വീഴ്ചകള്‍ ഇതിലൂടെ മറച്ചുപിടിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ നീക്കത്തിനു പിന്നില്‍ സിപിഎം-ബിജെപി കൂട്ടുകെട്ടാണെന്നു സംശയിക്കുന്നതായി കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. സര്‍ക്കാരിന്റെ രാഷ്ട്രീയ പാപ്പരത്തം ജനം തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിബിഐ അന്വേഷണത്തെ ഭയപ്പെടുന്നില്ലെന്ന് എം എം ഹസന്‍ പറഞ്ഞു. സിബിഐയെ ഭയമില്ല, തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുള്ള നീക്കമാണെന്നും ഹസന്‍ ആരോപിച്ചു.

Tags:    

Similar News