കാര്‍ഗിലിലും സിയാച്ചിനിലും രാജ്യത്തിന് കാവലിരുന്ന സൈനികന്‍ പൗരത്വം തെളിയിക്കാനുള്ള നെട്ടോട്ടത്തില്‍
ഇന്ത്യന്‍ പൗരനാണെന്ന് തെളിയിക്കാന്‍ ബാരപേട്ട ജില്ലയിലെ ഫോറിനേഴ്‌സ് െ്രെടബ്യൂണലില്‍ കയറിയിറങ്ങുകയാണ് സൈന്യത്തിലെ സുബേദാറായ ശഹീദുല്‍ ഇസ്ലാം
ഗുവാഹത്തി: മരംകോച്ചുന്ന തണുപ്പില്‍ കാര്‍ഗിലിലേയും സിയാച്ചിനിലേയും മഞ്ഞുമലകളില്‍ രാജ്യത്തിന് കാവലിരുന്ന സൈനികനാണ് ഞാന്‍. എന്നാല്‍, ജന്മദേശമായ അസമില്‍ തന്റെ പൗരത്വം അനിശ്ചിതത്വത്തിലാണ്. രാജ്യത്തെ അങ്ങേയറ്റം സ്‌നേഹിക്കുകയും അതിന്റെ സുരക്ഷയ്ക്കു വേണ്ടി നിലകൊള്ളുകയും ചെയ്യുന്ന സൈന്യത്തിലെ സുബേദാറായ ശഹീദുല്‍ ഇസ്ലാ (43)മിന്റെ വാക്കുകളാണിത്. നിലവില്‍ കൊല്‍ക്കത്തിയല്‍ സേവനമനുഷ്ടിക്കുന്ന അസമിലെ ബാരപേട്ട ജില്ലയില്‍നിന്നുള്ള ശഹീദുല്‍ ഇസ്ലാം അസമില്‍ പൗരത്വം തെളിയിക്കാനുള്ള നെട്ടോട്ടത്തിലാണ്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കൊല്‍ക്കത്തയിലേക്ക് മാറ്റം ലഭിക്കുന്നതിനു മുമ്പ് സിയാച്ചിനിലും അതിനു മുമ്പ് വടക്കന്‍ കശ്മീരിലെ ബാരാമുള്ളയിലുമാണ് ഇദ്ദേഹം സേവനമനുഷ്ടിച്ചത്. ഇന്ത്യന്‍ പൗരനാണെന്ന് തെളിയിക്കാന്‍ ബാരപേട്ട ജില്ലയിലെ ഫോറിനേഴ്‌സ് ട്രൈബ്യൂണലില്‍ കയറിയിറങ്ങുകയാണ് ഇപ്പോള്‍ ഇദ്ദേഹം. മാര്‍ച്ച് 18നാണ് അടുത്ത വാദം കേള്‍ക്കല്‍. ജോലിയുമായി ബന്ധപ്പെട്ട് കൊല്‍ക്കത്തയിലായതിനാല്‍ ട്രൈബ്യൂണലിനു മുമ്പില്‍ അന്നേദിവസം ഹാജരാവാന്‍ കഴിയുമോയെന്ന സന്ദേഹത്തിലാണ് അദ്ദേഹം.
2003ലാണ് ഇദ്ദേഹത്തിന്റെ കുടുംബത്തിനെതിരേ സംസ്ഥാന അതിര്‍ത്തി പോലിസ് സംശയമുയര്‍ത്തുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് ട്രൈബ്യൂണലിനു മുമ്പില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ട് ആദ്യമായി നോട്ടീസ് ലഭിക്കുന്നത്. ആവശ്യപ്പെട്ടതു പ്രകാരം മാതാവും താനും സഹോദരനും നവംബര്‍ ഒമ്പതിന് ട്രൈബ്യൂണലിനു മുമ്പില്‍ ഹാജരായി പൗരത്വം തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കിയെങ്കിലും അധികൃതര്‍ കനിഞ്ഞില്ല.സിഐഎസ്എഫില്‍ ജോലി ചെയ്യുന്ന 27കാരനായ സഹോദരന്‍ മിസാനൂര്‍ അലിയോടും 2005ല്‍ മരിച്ച പിതാവിനോടും ട്രൈബ്യൂണലിനു മുന്നിലെത്താന്‍ ആവശ്യപ്പെട്ടിരുന്നു.
ശഹീദുല്‍ തന്റെ കമാന്‍ഡിന് കീഴില്‍ ജോലി ചെയ്യുന്നയാളാണെന്ന് കാണിച്ച് 852 ലൈറ്റ് റെജിമെന്റ് കമാന്‍ഡിങ് ഓഫിസര്‍ കേണല്‍ ഹരി നായര്‍ അസം മുഖ്യമന്ത്രിക്ക് ഡിസംബര്‍ 20ന് കത്തയച്ചിരുന്നു. ശഹീദുലും അദ്ദേഹത്തിന്റെ സഹോദരനും സൈന്യത്തില്‍ ചേരുന്നതിനു മുമ്പ് ഇന്ത്യന്‍ പൗരനാണെന്ന് പോലിസ് വെരിഫിക്കേഷനില്‍ വ്യക്തമായതാണെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു.