തിരഞ്ഞെടുപ്പ് തന്ത്രം ആവിഷ്‌കരിക്കല്‍; സോണിയയുടെ വസതിയില്‍ നിര്‍ണായക യോഗം, പ്രശാന്ത് കിഷോറിന്റെ കോണ്‍ഗ്രസ് പ്രവേശനവും അജണ്ടയില്‍
ന്യൂഡല്‍ഹി: ദേശീയ അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതൃയോഗം പുരോഗമിക്കുന്നു. ഡല്‍ഹിയിലെ ജന്‍പത് പത്തിലുള്ള സോണിയയുടെ വസതിയിലാണ് നിര്‍ണായക യോഗം നടക്കുന്നത്. ഇതില്‍ തിരഞ്ഞെടുത്ത മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പുറമെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും പങ്കെടുക്കുന്നുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. ഹിമാചല്‍പ്രദേശ്, ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് ഉടന്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍, പ്രശാന്ത് കിഷോറിന്റെ കോണ്‍ഗ്രസ് പ്രവേശം അടക്കമുള്ള വിഷയങ്ങള്‍ യോഗത്തില്‍ വിശദമായി ചര്‍ച്ചയാവുമെന്നാണ് അറിയുന്നത്.
2024 ലെ പൊതുതിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കിഷോര്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങളിലും ചര്‍ച്ച നടക്കും. പ്രിയങ്കാ ഗാന്ധി, മുകുള്‍ വാസ്‌നിക്, രണ്‍ദീപ് സുര്‍ജേവാല, അംബികാ സോണി, കെ സി വേണുഗോപാല്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. നാലുമണിക്കൂറോളം യോഗം നീണ്ടുനില്‍ക്കുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാനും കോണ്‍ഗ്രസ്സിനെ പുനരുജ്ജീവിപ്പിക്കാനുമുള്ള സംഘടനാ മാറ്റങ്ങളെക്കുറിച്ചുള്ള വിശദ രൂപരേഖ അദ്ദേഹം കോണ്‍ഗ്രസ് നേതൃത്വത്തിന് സമര്‍പ്പിച്ചിരുന്നു. ചെറിയ സംഘത്തിന് മുന്നിലായിരുന്നു രൂപരേഖാ അവതരണം.
370 ലോക്‌സഭാ മണ്ഡലങ്ങളില്‍ ശ്രദ്ധയൂന്നാനാണ് കിഷോര്‍ നല്‍കിയ നിര്‍ദേശം. ബാക്കിയുള്ള സീറ്റുകളില്‍ സഖ്യം ചേര്‍ന്ന് മല്‍സരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ഉത്തര്‍പ്രദേശ്, ബിഹാര്‍, ഒഡീഷ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മല്‍സരിക്കണമെന്നും തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ സഖ്യമുണ്ടാക്കണമെന്നും കിഷോര്‍ നിര്‍ദേശിച്ചു, രാഹുല്‍ ഗാന്ധി ഇക്കാര്യം സമ്മതിച്ചതായി പേര് വെളിപ്പെടുത്താത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എഎന്‍ഐ നേരത്തെ റിപോര്‍ട്ട് ചെയ്തു. ഈ നിര്‍ദേശം പഴയപടിയാക്കാന്‍ മെയ് രണ്ടുവരെ സമയമുണ്ടെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.
കിഷോര്‍ പാര്‍ട്ടിയില്‍ ചേരുന്നതിനെക്കുറിച്ചുള്ള നിര്‍ണായകമായ അന്തിമതീരുമാനവും യോഗത്തിന് ശേഷമുണ്ടായേക്കും. പ്രശാന്ത് കിഷോറിനെ കോണ്‍ഗ്രസ് നേരത്തെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്കു മുമ്പാകെ കിഷോര്‍ അവതരിപ്പിച്ച റിപോര്‍ട്ടിനു പിന്നാലെയായിരുന്നു കോണ്‍ഗ്രസിന്റെ ക്ഷണം.
സോണിയാ ഗാന്ധിയുടെ വീട്ടിലായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. ഇതുകൂടാതെയും കോണ്‍ഗ്രസ് നേതാക്കളുമായി പ്രശാന്ത് കിഷോര്‍ നിരവധി തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളും ബിജെപിക്കെതിരായ ആക്ഷന്‍ പ്ലാനുകളുമടക്കം ചര്‍ച്ച ചെയ്തായിരുന്നു ഈ കൂടിക്കാഴ്ചകള്‍. എന്നാല്‍, ആദ്യം പാര്‍ട്ടിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പൂര്‍ണ വിജയത്തിലെത്തിയില്ല. പിന്നാലെയാണ് കോണ്‍ഗ്രസില്‍ തന്നെ അംഗത്വമെടുക്കാന്‍ പ്രശാന്ത് കിഷോര്‍ ഒരുങ്ങുന്നതെന്നാണ് റിപോര്‍ട്ടുകള്‍.