സോണിയ ഗാന്ധി മല്‍സരിക്കും; രാഹുല്‍ ഗാന്ധി അമേത്തിയില്‍
15 സ്ഥാനാര്‍ഥികളുള്ള കോണ്‍ഗ്രസിന്റെ ഒന്നാംഘട്ട സ്ഥാനാര്‍ഥി പട്ടികയിലാണ് ഇരുവരും സ്ഥാനം പിടിച്ചിട്ടുള്ളത്
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും മല്‍സരിക്കും. രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ അമേത്തിയിലും സോണിയാഗാന്ധി റായ്ബറേലിയിലുമാണ് ജനവിധി തേടുക. നേരത്തേ സോണിയാ ഗാന്ധി മല്‍സരരംഗത്തുണ്ടാവില്ലെന്നായിരുന്നു സൂചനകള്‍. 15 സ്ഥാനാര്‍ഥികളുള്ള കോണ്‍ഗ്രസിന്റെ ഒന്നാംഘട്ട സ്ഥാനാര്‍ഥി പട്ടികയിലാണ് ഇരുവരും സ്ഥാനം പിടിച്ചിട്ടുള്ളത്. എന്നാല്‍ പശ്ചിമ യുപിയുടെ ചുമതലയുള്ള എ ഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പേര് ലിസ്റ്റിലില്ല. ഉത്തര്‍പ്രദേശിലെ 11 മണ്ഡലങ്ങളിലെയും ഗുജറാത്തിലെ 4 മണ്ഡലത്തിലെയും സ്ഥാനാര്‍ഥികളുടെ പേരാണ് പട്ടികയിലുള്ളത്. ഉത്തര്‍പ്രദേശിലെ കുശിനഗറില്‍ ആര്‍ പി എന്‍ സിങും ഫറൂഖാബാദില്‍ സല്‍മാന്‍ ഖുര്‍ഷിദും ഗുജറാത്തിലെ ആനന്ദില്‍ ഭരത് സിങ് സോളങ്കിയും കൈപ്പത്തി ചിഹ്‌നത്തില്‍ മല്‍സരിക്കും. അഹമ്മദാബാദ് വെസ്റ്റ്-എസ്‌സി-രാജു പര്‍വാര്‍, വഡോദര-പ്രശാന്ത് പാട്ടീല്‍, ഛോട്ടാ ഉദയപൂര്‍-എസ്ടി-രഞ്ജിത് മോഹന്‍സിന്‍ഹ് എന്നിവരാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍. യുപിയിലെ സഹറാന്‍പൂരില്‍ ഇംറാന്‍ മസൂദ്, ബദായൂന്‍-സലീം ഇഖ്ബാല്‍ ഷെര്‍വാണി, ഉന്നാവോ-അന്നു ടാണ്ടന്‍, അക്ബര്‍പൂര്‍-രാജാറാം പാല്‍ തുടങ്ങിയവരാണ് മല്‍സരിക്കുന്നത്.