പരമാധികാരം കലക്ടര്‍മാര്‍ക്ക്; പോലിസിനു കടിഞ്ഞാണിട്ട് സര്‍ക്കാര്‍

Update: 2020-04-29 16:51 GMT

തിരുവനന്തപുരം: കണ്ണൂര്‍ പോലിസ് മേധാവി യതീഷ് ചന്ദ്ര ഉള്‍പ്പെടെയുള്ള പോലിസ് ഉദ്യോഗസ്ഥര്‍ക്ക് കടിഞ്ഞാണിട്ട് സംസ്ഥാന ആഭ്യന്തര മന്ത്രാലയം. പോലിസ് ഉദ്യോഗസ്ഥര്‍ ജില്ലാ കലക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ ലംഘിക്കരുതെന്ന് സംസ്ഥാന ആഭ്യന്തര സെക്രട്ടറി സംസ്ഥാന പോലിസ് മേധാവിക്ക് നിര്‍ദേശം നല്‍കി. കലക്ടര്‍മാരുടെ അതാത് സമയങ്ങളില്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ പോലിസ് അനുസരിക്കണമെന്നും സംസ്ഥാനത്തിന്റെ കൊവിഡ് നേട്ടങ്ങളെ അവമതിപ്പുണ്ടാവാന്‍ ശ്രമിക്കരുതെന്നും ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.

    കണ്ണൂര്‍ ജില്ലയില്‍ ഹോട്ട്‌സ്‌പോട്ട് അല്ലാത്ത ഇടങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയ എസ്പിയുടെ നടപടിക്കെതിരേ ഇന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഉത്തരവിറക്കിയിരുന്നു. ഹോട്ട്‌സ്‌പോട്ട് അല്ലാത്തയിടങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പാടില്ലെന്നും ബ്ലോക്കുകള്‍ അടിയന്തരമായി നീക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു കലക്ടര്‍ ടി വി സുഭാഷ് ജില്ലാ പോലിസ് മേധാവി യതീഷ് ചന്ദ്രയ്ക്ക് കത്തയച്ചത്. കണ്ണൂരില്‍ പോലിസ് അമിത നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതായി പരാതിയുയര്‍ന്നിരുന്നു.

    എന്നാല്‍, സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്ത കണ്ണൂരില്‍ ജില്ലാ പോസിസ് മേധാവിയും ജില്ലാ കലക്ടറും തമ്മില്‍ പോരുണ്ടെന്ന വിധത്തില്‍ വാര്‍ത്തകള്‍ വന്നതോടെ, ഇരുവരും തമ്മില്‍ തര്‍ക്കങ്ങളില്ലെന്നു കാണിച്ച് സംയുക്ത വാര്‍ത്താകുറിപ്പിറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വിഷയത്തില്‍ ആഭ്യന്തര സെക്രട്ടറി ഇടപെട്ടത്.




Tags:    

Similar News