യുപിയില്‍ കളംനിറഞ്ഞ് എസ്പി; ബിജെപിയുടെ നെഞ്ചിടിപ്പ് ഏറുന്നു, ജാട്ടുകളെ പാട്ടിലാക്കാന്‍ നേരിട്ടെത്തി അമിത്ഷാ

ജാട്ട് വിഭാഗത്തിലെ സ്വാധീമേറെയുള്ള നേതാക്കളെയാണ് അമിത് ഷാ കണ്ടത്. ജാട്ടുകളെ ആര്‍എല്‍ഡിയില്‍ നിന്ന് അടര്‍ത്തിയെടുക്കാന്‍ കൂടി പ്ലാന്‍ ചെയ്താണ് അമിത് ഷാ എത്തിയത്.

Update: 2022-01-26 18:10 GMT

ന്യൂഡല്‍ഹി: രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി വിരലിലെണ്ണാവുന്ന ദിനങ്ങല്‍ മാത്രമാണ് ബാക്കിയുള്ളത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പ് പിന്‍സീറ്റിലായിരുന്ന അഖിലേഷ് യാദവ് നേതൃത്വം നല്‍കുന്ന സമാജ്‌വാദി പാര്‍ട്ടി (എസ്പി) യുപി പിടിക്കാന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയതോടെ ഭരണകക്ഷിയായ ബിജെപിക്ക് നെഞ്ചിടിപ്പ് ഏറുകയാണ്.

ആതിഥ്യനാഥ് ഉള്‍പ്പെടെയുള്ള ബിജെപിയുടെ സംസ്ഥാന രാഷ്ട്രീയ നേതാക്കളുടെ മോശം പ്രതിച്ഛായയെ മറികടക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയെ തന്നെ രംഗത്തിറക്കിയിരിക്കുകയാണ് ബിജെപി.

കര്‍ഷകരോടുള്ള ബിജെപി സര്‍ക്കാരിന്റെ പ്രതിലോമ നടപടികളെതുടര്‍ന്ന് ഇടഞ്ഞുനില്‍ക്കുന്ന ജാട്ട് സമുദായത്തെ പാട്ടിലാക്കാന്‍ അദ്ദേഹം നേരിട്ടെത്തിയിരിക്കുകയാണ്. പശ്ചിമ യുപിയില്‍ നിര്‍ണായക സ്വാധീനമുള്ളവരാണ് ജാട്ടുകള്‍.

ജാട്ട് വിഭാഗത്തിലെ സ്വാധീമേറെയുള്ള നേതാക്കളെയാണ് അമിത് ഷാ കണ്ടത്. ജാട്ടുകളെ ആര്‍എല്‍ഡിയില്‍ നിന്ന് അടര്‍ത്തിയെടുക്കാന്‍ കൂടി പ്ലാന്‍ ചെയ്താണ് അമിത് ഷാ എത്തിയത്. അതുകൊണ്ട് തന്നെ സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും ആര്‍എല്‍ഡിയുമെല്ലാം ഇതിനെ സൂക്ഷ്മതയോടെയാണ് നോക്കി കണ്ടത്. ഡല്‍ഹിയില്‍ ബിജെപി എംപി പര്‍വേശ് വര്‍മയുടെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. കേന്ദ്ര മന്ത്രി സഞ്ജീവ് ബല്യണും യുപി മന്ത്രി ഭൂപേന്ദ്ര ചൗധരിയും യോഗത്തില്‍ പങ്കെടുത്തിരുന്നു. ജാട്ടുകള്‍ സ്വാര്‍ത്ഥന്‍മാരല്ല. എപ്പോഴും മറ്റുള്ളവര്‍ക്ക് വേണ്ടിയാണ് അവര്‍ പ്രവര്‍ത്തിക്കുക. ബിജെപി രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നത് പോലെയാണിത്. ജാട്ടുകള്‍ കര്‍ഷകരുടെ താല്‍പര്യങ്ങളെ കുറിച്ചാണ് ചിന്തിക്കുക. ബിജെപിയും അതുപോലെയാണ്. രാജ്യത്തിന്റെ സുരക്ഷയാണ് ജാട്ടുകള്‍ക്ക് പ്രധാനം. ബിജെപിക്കും അതങ്ങനെ തന്നെയാണ്. എപ്പോഴൊക്കെ ചോദിച്ച് വന്നിട്ടുണ്ടോ അപ്പോഴൊക്കെ ജാട്ടുകള്‍ ബിജെപിക്ക് വോട്ട് നല്‍കിയിട്ടുണ്ട്. ചോദിക്കാത്ത സമയത്തും തന്നിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.

മുന്‍ പ്രധാനമന്ത്രിയും കര്‍ഷക നേതാവുമായ ചൗധരി ചരണ്‍ സിംഗിന് ഭാരത രത്‌ന നല്‍കണമെന്ന് ജാട്ട് നേതാക്കള്‍ അമിത് ഷായോട് ആവശ്യപ്പെട്ടു. ജാട്ടുകള്‍ക്ക് സംവരണവും, യുപിയിലും കേന്ദ്ര സര്‍ക്കാരിലും മതിയായ പ്രാതിനിധ്യവും നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അമിത് ഷാ ഇതിനോടെല്ലാം പോസിറ്റീവിറ്റായിട്ടാണ് പ്രതികരിച്ചതെന്നും ജാട്ട് നേതാക്കള്‍ പറഞ്ഞു. നിങ്ങള്‍ മുഗളന്മാരോട് പോരാടി. ഞങ്ങളും പോരാടുകയാണ്. ഞങ്ങള്‍ സൈനികര്‍ക്ക് പെന്‍ഷന്‍ നടപ്പാക്കി. മൂന്ന് ജാട്ട് ഗവര്‍ണമാരെയും ഒമ്പത് എംപിമാരെയും ജാട്ട് വിഭാഗത്തില്‍ നിന്ന് നല്‍കി. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞു. 36000 കോടിയുടെ കാര്‍ഷിക വായ്പകളാണ് യുപി സര്‍ക്കാര്‍ എഴുതി തള്ളിയതെന്നും അമിത് ഷാ പറഞ്ഞു.

കര്‍ഷകരുടെ അക്കൗണ്ടില്‍ പണം എത്തിച്ചത് ഞങ്ങളാണ്. എന്തെങ്കിലും കുറവുണ്ടെങ്കില്‍ അതും ഞങ്ങള്‍ നല്‍കും. മോദിയും ബിജെപിയുമല്ലാതെ ആരാണ് ഈ രാജ്യത്തെ സംരക്ഷിക്കുക. രാജ്യത്തിന് ആവശ്യമുള്ള രാജാവാണ് മോദിയെന്നും അമിത് ഷാ ജാട്ട് നേതാക്കളോട് പറഞ്ഞു. രാഹുല്‍ ഗാന്ധിക്ക് നെല്ലുംപതിരും കണ്ടാല്‍ പോലും അറിയില്ല. അദ്ദേഹമാണ് കര്‍ഷകരെ കുറിച്ച് സംസാരിക്കുന്നത്. ഞങ്ങള്‍ തറക്കല്ലിടുന്ന പദ്ധതികള്‍ ഞങ്ങള്‍ തന്നെ ഉദ്ഘാടനവും ചെയ്യും. കോണ്‍ഗ്രസിനെ പോലെയല്ല ഞങ്ങള്‍. അഖിലേഷിനെ വീണ്ടും അധികാരത്തിലെത്തിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? ആര്‍എല്‍ഡിയുമായി ചേരാന്‍ താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ ജയന്ത് ചൗധരി മറ്റൊരു വഴി തിരഞ്ഞെടുത്തുവെന്നും അമിത് ഷാ പറഞ്ഞു.

Tags:    

Similar News