കരിപ്പൂര്‍ വിമാന അപകടം: അന്വേഷണ സംഘം രൂപികരിച്ചു
മലപ്പുറം അഡീഷനല്‍ എസ്പി ജി സാബു വിന്റെ നേതൃത്വത്തില്‍ 30 അംഗ ടീമാണ് രൂപീകരിച്ചത്.
മലപ്പുറം: കരിപ്പൂരില്‍ എയര്‍ ഇന്ത്യ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി താഴേക്ക് പതിച്ച് 18 പേര്‍ മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തുന്നതിനായി കേരള പോലിസിന്റെ നേതൃത്വത്തില്‍ സംഘം രൂപികരിച്ചു.
മലപ്പുറം അഡീഷനല്‍ എസ്പി ജി സാബു വിന്റെ നേതൃത്വത്തില്‍ 30 അംഗ ടീമാണ് രൂപീകരിച്ചത്. മലപ്പുറം ഡിവൈഎസ്പി ഹരിദാസന്‍ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായിരിക്കും. പെരിന്തല്‍മണ്ണ എഎസ്പി ഹേമലത, ഇന്‍സ്‌പെക്ടര്‍മാരായ ഷിബു, കെഎം ബിജു, സുനീഷ് പി. തങ്കച്ചന്‍, തുടങ്ങിയവരും സൈബര്‍ സെല്‍ അംഗങ്ങളും ടീമില്‍ അംഗങ്ങളാണ്.
ദുബായില്‍ നിന്നും 184 യാത്രക്കാരും ആറ് ജീവനക്കാരുമായി കരിപ്പൂരിലെത്തിയ ഐഎക്‌സ് 1344 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം വെള്ളിയാഴ്ച (ഓഗസ്റ്റ് ഏഴ്) രാത്രിയാണ് അപകടത്തില്‍പ്പെടുന്നത്. നാല് കുട്ടികളുള്‍പ്പടെ 18 പേരാണ് മരിച്ചത്. അതില്‍ രണ്ടുപേര്‍ വിമാനത്തിന്റെ പൈലറ്റ് ദീപക് വസന്ത് സാഥേ, സഹ പൈലറ്റ് അഖിലേഷ് കുമാര്‍ എന്നിവരായിരുന്നു.