എഡിഎമ്മിന്റെ മരണം: പ്രത്യേക പോലിസ് സംഘം അന്വേഷിക്കും; റെയിഞ്ച് ഡിഐജി മേല്‍നോട്ടം വഹിക്കും
ഓരോ രണ്ടാഴ്ച്ചയിലും അന്വേഷണ പുരോഗതി റിപോര്‍ട് നല്കാന് നിര്‍ദേശമുണ്ട്.
തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണം അന്വേഷിക്കാന്‍ പ്രത്യേക പോലിസ് സംഘം രൂപീകരിച്ചു. കണ്ണൂര്‍ റേഞ്ച് ഡിഐജിയുടെ മേല്‍നോട്ടത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള ആറംഗസംഘമാണ് കേസന്വേഷിക്കുക. ഓരോ രണ്ടാഴ്ച്ചയിലും അന്വേഷണ പുരോഗതി റിപോര്‍ട് നല്കാന് നിര്‍ദേശമുണ്ട്.
കേസില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷ പി പി ദിവ്യയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഈ മാസം 29ന് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയും. വെള്ളിയാഴ്ച നിലവില്‍ കേസന്വേഷിക്കുന്ന പൊലീസ് സംഘം എഡിഎമ്മിനെതിരെ കൈക്കൂലി പരാതി ഉന്നയിച്ച പ്രശാന്തിന്റെ ഭാര്യാസഹോദരനെ വിളിച്ചുവരുത്തിയിട്ടുണ്ട്.