സിസ്റ്റര്‍ അഭയക്കേസ്: പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ സിബി ഐ ഒത്തുകളിച്ചെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍
പ്രതികള്‍ക്ക് ജാമ്യം കിട്ടിയതിനെതിരെ സിബി ഐ സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കണം. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കും സിബി ഐ ഡയറക്ടര്‍ക്കും പരാതി സമര്‍പ്പിക്കുമെന്നും ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍
കൊച്ചി: സിസ്റ്റര്‍ അഭയക്കേസിലെ പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ സിബി ഐ ഒത്തുകളിച്ചെന്ന് കേസില്‍ വര്‍ഷങ്ങളായി നിയപോരാട്ടം നടത്തുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കേസില്‍ നിയമപോരാട്ടം തുടരും. പ്രതികള്‍ക്ക് ജാമ്യം കിട്ടിയതിനെതിരെ സിബി ഐ സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കണമെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കും സിബി ഐ ഡയറക്ടര്‍ക്കും പരാതി സമര്‍പ്പിക്കുമെന്നും ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ പറഞ്ഞു.
സിസ്റ്റര്‍ അഭയകൊലക്കേസിലെ പ്രതികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ ഹരജിയില്‍ ഒന്നരവര്‍ഷമായിട്ട് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പോലും സിബി ഐ തയ്യാറായില്ലെന്നും ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ ആരോപിച്ചു...കേസിന്റെ അന്വേഷണ ചുമതലയുള്ള അന്വേഷണ ഉദ്യോഗസ്ഥനോട് താന്‍ ഇക്കാര്യം ധരിപ്പിച്ചിരുന്നു.അപ്പീല്‍ ഫയല്‍ ചെയ്തുവെന്നാണ് തന്നോട് അദ്ദേഹം പറഞ്ഞിരുന്നത്.എന്നാല്‍ അപ്പീല്‍ ഫയല്‍ ചെയ്തിരുന്നില്ലെന്നാണ് വ്യക്തമായതെന്നും ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ പറഞ്ഞു.കോടതി ചോദിച്ച ചോദ്യങ്ങള്‍ക്കു പോലും സിബി ഐ നിയോഗിച്ച അഭിഭാഷകന് വ്യക്തമായ മറുപടി നല്‍കാനോ ബോധ്യപ്പെടുത്താനോ സാധിച്ചില്ല.
പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ സിബി ഐ കരുതിക്കൂട്ടിയുള്ള നിലപാട് സ്വീകരിച്ചു.കഴിഞ്ഞ ഒരു വര്‍ഷമായി സിബി ഐ കേരള ഹൈക്കോടതിയില്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സിലിനെ നിയമിച്ചിട്ടില്ല.അഭയക്കേസിലെ പ്രതികള്‍ക്ക് ജാമ്യം കിട്ടി രക്ഷപെടാന്‍ സിബി ഐ സഹായിച്ചതാണോയെന്ന് സംശയിച്ചാല്‍ അതിനെ തെറ്റുപറയാന്‍ കഴിയില്ലെന്നും ജോമോന്‍ പുത്തരയ്ക്കല്‍ പറഞ്ഞു.സിബിഐ കോടതിയില്‍ മാസങ്ങളോളം കേസ് വാദിച്ച അന്നത്തെ സിബി ഐ പ്രോസിക്യൂട്ടര്‍ ഹൈക്കോടതിയില്‍ എത്താതിരുന്നത് തന്നെ അല്‍ഭുതപ്പെടുത്തിയെന്നും ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ പറഞ്ഞു.
അദ്ദേഹം വാദിച്ചാണ് പ്രതികള്‍ക്ക് ഇരട്ട ജീവ പര്യന്തം ശിക്ഷ വാങ്ങി നല്‍കിയത്. എന്നാല്‍ പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയപ്പോള്‍ സിബി ഐക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ അദ്ദേഹവുമായി ചര്‍ച്ച പോലും നടത്തിയിരുന്നില്ലെന്നാണ് വ്യക്തമായത്. ഇത് തന്നെ സിബി ഐയുടെ അനാസ്ഥയും വീഴ്ചയും വ്യക്തമാക്കുന്നതാണെന്നും ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ ആരോപിച്ചു.