54 വര്‍ഷത്തെ കാത്തിരിപ്പ്; ഒടുവില്‍ ശ്രീലങ്കന്‍ വിമാനത്താവളത്തില്‍ അന്താരാഷ്ട്ര വിമാനം പറന്നിറങ്ങി
കൊളംബോ: ശ്രീലങ്കയിലെ ഏറ്റവും പഴക്കം ചെന്ന വിമാനത്താവളത്തില്‍ ഒടുവില്‍ ഒരു അന്താരാഷ്ട്ര വിമാനം പറന്നിറങ്ങി. 1938ലാണ് കൊളംബോയിലെ രത്മലാന അന്താരാഷ്ട്ര വിമാനത്താവളം തുറന്നത്. 30 വര്‍ഷത്തോളം ഇവിടെ അന്താരാഷ്ട്ര വിമാനങ്ങള്‍ വന്നിരുന്നു. പിന്നീട് നിലച്ചു. ഇപ്പോള്‍ നീണ്ട 54 വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് ഒരു അന്താരാഷ്ട്ര വിമാനം ഇവിടെ പറന്നിറങ്ങിയത്.
ശ്രീലങ്കയിലെ ഒന്നാമത്തെ വിമാനത്താവളമാണിത്. മാലദ്വീപില്‍ നിന്നുള്ള വിമാനമാണ് കഴിഞ്ഞ ദിവസം ഇവിടെ ലാന്‍ഡ് ചെയ്തത്. 50 സീറ്റുള്ള വിമാനമാണ് സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. നിലവില്‍ ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് വിമാനം നടത്തുക. ഇത് അഞ്ച് സര്‍വീസുകളായി ഉയര്‍ത്തുമെന്ന് ഏവിയേഷന്‍ അധികൃതര്‍ വ്യക്തമാക്കി. 1960ല്‍ ബണ്ഡാരനായകെ വിമാനത്താവളം കമ്മീഷന്‍ ചെയ്തതോടെയാണ് രത്മലാന വിമാനത്താവളം ആഭ്യന്തര എയര്‍പോര്‍ട്ടായി മാറിയത്.
1938ല്‍ സ്ഥാപിച്ച രത്മലാന എയര്‍പോര്‍ട്ട് അക്കാലത്തെ ഏക വിമാനത്താവളമായിരുന്നു. ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലാണ് ബണ്ഡാരനായകെ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്നത്. ശ്രീലങ്കയിലെ ഏറ്റവും പ്രധാനപ്പെട്ട വിമാനത്താവളവും ഇതുതന്നെയാണ്. അതേസമയം രത്മലാന രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന എയര്‍പോര്‍ട്ടാണ്. ഒരുകാലത്ത് ശ്രീലങ്കയിലെ ഏക അന്താരാഷ്ട്ര വിമാനത്താവളവും ഇതുതന്നെയായിരുന്നു.