ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം: ശക്തമായ പ്രക്ഷോഭത്തിന് കേരള മുസ്‌ലിം ജമാഅത്ത്, ശനിയാഴ്ച സെക്രട്ടറിയേറ്റിലേക്കും കലക്ടറേറ്റിലേക്കും മാര്‍ച്ച്

ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ അധികാരമുള്ള കലക്ടറായി കൊലക്കേസ് പ്രതിയായ ശ്രീരാമിനെ നിയമിച്ചതിനെതിരേ ശക്തമായ പ്രക്ഷോഭപരിപാടികള്‍ക്ക് മുസ്‌ലിം ജമാഅത്ത് തീരുമാനമെടുത്തിരുന്നു. ഇതിന്റെ ആദ്യഘട്ടമായാണ് കലക്ടറേറ്റ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്.

Update: 2022-07-27 14:07 GMT

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാകലക്ടറായി നിയമിച്ച നടപടിയില്‍ പ്രതിഷേധിച്ച് കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും മറ്റു ജില്ലകളില്‍ കലക്ടറേറ്റുകളിലേക്കും ശനിയാഴ്ച മാര്‍ച്ച് നടക്കും. രാവിലെ 11ന് നടക്കുന്ന മാര്‍ച്ചില്‍ എസ്‌വൈഎസ്, എസ്എസ്എഫ് പ്രവര്‍ത്തകരും അണിചേരും. ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ അധികാരമുള്ള കലക്ടറായി കൊലക്കേസ് പ്രതിയായ ശ്രീരാമിനെ നിയമിച്ചതിനെതിരേ ശക്തമായ പ്രക്ഷോഭപരിപാടികള്‍ക്ക് മുസ്‌ലിം ജമാഅത്ത് തീരുമാനമെടുത്തിരുന്നു. ഇതിന്റെ ആദ്യഘട്ടമായാണ് കലക്ടറേറ്റ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്.

തിരുവനന്തപുരത്ത് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എം സൈഫുദ്ദീന്‍ ഹാജി മാര്‍ച്ചിനെ അഭിസംബോധന ചെയ്യും. വിവിധ ജില്ലകളില്‍ ഡോ. മുഹമ്മദ് കുഞ്ഞ് സഖാഫി(കൊല്ലം), അബ്ദുല്‍ കരീം സഖാഫി(ഇടുക്കി), നിസാമുദ്ദീന്‍ ഫാളിലി(പത്തനംതിട്ട), ലബീബ് സഖാഫി(കോട്ടയം), സയ്യിദ് ഹാശിം തങ്ങള്‍(എറണാകുളം), എം എം ഇബ്രാഹീം(തൃശൂര്‍), ഉമര്‍ ഓങ്ങല്ലൂര്‍(പാലക്കാട്), വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി(മലപ്പുറം), എന്‍ അലിഅബ്ദുല്ല(കോഴിക്കോട്), ശറഫുദ്ദീന്‍ അഞ്ചാംപീടിക(വയനാട്), ഹാമിദ് മാസ്റ്റര്‍ എം കെ(കണ്ണൂര്‍), ജഅ്ഫര്‍ സി എന്‍(കാസര്‍ഗോഡ്) എന്നിവര്‍ മാര്‍ച്ചിനെ അഭിസംബോധന ചെയ്യും. നിയമനം കേസ് അട്ടിമറിക്കുന്നതിന്റെ ഭാഗമാണോ എന്ന സംശയം നിലനില്‍ക്കുന്ന പശ്ചാതലത്തിലാണ് സുന്നി സംഘടനകള്‍ പ്രക്ഷോഭരംഗത്തിറങ്ങിയത്. കുറ്റകൃത്യം ചെയ്ത പ്രതി നിയമത്തെ വെല്ലുവിളിക്കുകയും തെളിവുകള്‍ നശിപ്പിച്ചയാളുമാണ് എന്നിരിക്കെ പ്രതിക്ക് ഉന്നത വിധി ന്യായാധികാരമുള്ള സ്ഥാനങ്ങള്‍ നല്‍കിയത് ഒരു നിലക്കും കേരളീയ സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയുന്നതല്ല. സര്‍ക്കാര്‍ തീരുമാനം അടിയന്തിരമായി പുനഃപരിശോധിക്കണമെന്നാണ് കേരള മുസ്ലിം ജമാഅത്തിന്റെ ആഹ്വാനം. നിയമനം റദ്ദാക്കാത്ത പക്ഷം തുടര്‍ സമരപരിപാടികളിലേക്ക് പ്രവേശിക്കും.

Tags:    

Similar News