സംസ്ഥാന ബജറ്റ് ഇന്ന്; കൊവിഡ് പ്രതിരോധത്തിനും അതി ദാരിദ്ര്യ ലഘൂകരണത്തിനും ഊന്നല്‍

രാവിലെ 9ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ തന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കും. കെ എന്‍ ബാല ഗോപാലിന്റെ കന്നി ബജറ്റില്‍ വലിയ പ്രതീക്ഷയാണ് കേരളം വച്ചുപുലര്‍ത്തുന്തന്.

Update: 2021-06-04 01:55 GMT

തിരുവനന്തപുരം: സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്. രാവിലെ 9ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ തന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കും. കെ എന്‍ ബാല ഗോപാലിന്റെ കന്നി ബജറ്റില്‍ വലിയ പ്രതീക്ഷയാണ് കേരളം വച്ചുപുലര്‍ത്തുന്തന്. തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് തോമസ് ഐസക് അവതരിപ്പിച്ച ഇടക്കാല ബജറ്റിന്റെ തുടര്‍ച്ചയാവും ബാലഗോപാലിന്റെതെന്നാണ് സൂചന.

കൊവിഡും തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധികളും നേരിടുന്നതിലായിരിക്കും മുഖ്യ പരിഗണന. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയാവും ബജറ്റ്. വരുമാന വര്‍ധനവിന് ലക്ഷ്യം വെച്ചുള്ള പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നു. അതി ദാരിദ്ര്യം ഇല്ലാതാക്കുന്നതിനുള്ള പദ്ധതികളുണ്ടാവും.

അതിവേഗ റെയില്‍ പാത ഉള്‍പ്പെടെ വമ്പന്‍ പദ്ധതികളും ഉണ്ടായേക്കും. കൊവിഡ് വാക്‌സിന്‍ വാങ്ങാനാവശ്യമായ തുക വകയിരുത്തും. പുതിയ വരുമാന മാര്‍ഗ്ഗങ്ങളില്ലാത്ത സ്ഥിതിയില്‍ നികുതി കൂട്ടുക എന്നതാണ് പൊതുവേ സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന വഴി. എന്നാല്‍ സാധാരണക്കാരുടെ വരുമാനം പൂര്‍ണ്ണമായും ഇല്ലാതാക്കിയ കൊവിഡിന് ഇടയില്‍ നികുതി കൂട്ടാന്‍ സര്‍ക്കാര്‍ തയ്യാറാകില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്.

ഇടതു മുന്നണിയുടെ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത വീട്ടമ്മമാര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചേക്കും. കടലാക്രമണം പ്രതിരോധിക്കാന്‍ പദ്ധതിയും ബജറ്റില്‍ ഇടംപിടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ലോക് ഡൗണ്‍ ആഘാതം ഏറ്റവുമധികം നേരിട്ട ചെറുകിട വ്യാപാര വ്യവസായ മേഖലകളും ടൂറിസവും കൈത്താങ്ങ് പ്രതീക്ഷിക്കുന്നു. നികുതി നികുതിയിതര വരുമാനം വര്‍ധിപ്പിക്കാന്‍ നടപടി ഉണ്ടായേക്കും. ഭൂമിയുടെ ന്യായവില കൂട്ടിയേക്കും.

മദ്യ നികുതി വര്‍ധിപ്പിച്ചേക്കില്ല. കഴിഞ്ഞ ബജറ്റില്‍ വിശദമാക്കിയ പദ്ധതികളെ പറ്റി പരാമര്‍ശിച്ച് പോവുക മാത്രമാണ് ചെയ്യുകയെന്നാണ് സൂചന. അതിനാല്‍ ഒന്നര മണിക്കൂര്‍ കൊണ്ട് ബജറ്റവതരണം പൂര്‍ത്തിയായേക്കും.

Tags:    

Similar News