സൈന്യത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനെതിരേ രാഷ്ട്രപതിക്ക് മുന്‍സൈനിക മേധാവികളുടെ കത്ത്
വിരമിച്ച കരസേന,വ്യോമസേന,നാവികസേന തലവന്മാര്‍ ഉള്‍പ്പെടെ 150ലേറെ പേരാണ് രാജ്യത്തിന്റെ സര്‍വ സൈന്യാധിപന്‍ കൂടിയായ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തെഴുതിയിരിക്കുന്നത്.
ന്യൂഡല്‍ഹി: സൈന്യത്തെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനെതിരേ രാഷ്ട്രപതിക്ക് വിരമിച്ച സൈനികരുടെ കത്ത്. വിരമിച്ച കരസേന,വ്യോമസേന,നാവികസേന തലവന്മാര്‍ ഉള്‍പ്പെടെ 150ലേറെ പേരാണ് രാജ്യത്തിന്റെ സര്‍വ സൈന്യാധിപന്‍ കൂടിയായ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തെഴുതിയിരിക്കുന്നത്.
തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ സൈന്യത്തെ 'മോദിയുടെ സേന' എന്നു വിശേഷിപ്പിച്ച ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയെ കുറിച്ചും കത്തില്‍ പരാമര്‍ശമുണ്ട്. അതിര്‍ത്തി കടന്നുള്ള ആക്രമണം ഉള്‍പ്പെടെയുള്ള സൈനിക നടപടികളുടെ ക്രെഡിറ്റ് കൈവശപ്പെടുത്താനുള്ള നേതാക്കളുടെ നടപടി അസാധാരണവും അംഗീകരിക്കാനാവാത്തതുമാണെന്നും കത്തില്‍ പറയുന്നു. സര്‍ജിക്കല്‍ സ്‌ട്രൈക്കും ബാലാക്കോട്ട് ആക്രമണവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചിരുന്നു.
പാര്‍ട്ടി പ്രവര്‍ത്തകര്‍ സൈനിക യൂനിഫോം ധരിക്കുന്നതും സൈനികരുടെ ചിത്രം, പ്രത്യേകിച്ച് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ ചിത്രം പോസ്റ്ററുകളില്‍ ഉപയോഗിക്കുന്നതിനെയും കത്ത് വിമര്‍ശിക്കുന്നു.
കരസേനാ മേധാവികളായിരുന്ന എസ് എഫ് റോഡ്രിഗസ്, ശങ്കര്‍ റോയ് ചൗധരി, ദീപക് കപൂര്‍ എന്നിവരും നാവികസേനാ മേധാവികളായിരുന്ന നാലുപേരും വ്യോമസേനാ മേധാവിയായിരുന്ന എന്‍ സി സൂരിയും ഉള്‍പ്പെടെയുള്ളവരാണ് കത്ത് സമര്‍പ്പിച്ചിട്ടുള്ളത്.