ലോക്‌സഭാ തിരഞ്ഞെടുപ്പ്: സൈനിക നേട്ടങ്ങളുടെ ദുരുപയോഗം തടയണമെന്ന് നാവികസേനാ മുന്‍ മേധാവി

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറയ്‌ക്കെഴുതിയ തുറന്ന കത്തിലാണ് സൈനികരെയും അവരുടെ നേട്ടങ്ങളെയും രാഷ്ട്രീയ ലാഭത്തിനായി ചില പാര്‍ട്ടികള്‍ ഉപയോഗിക്കുന്നതിലുള്ള ആശങ്ക അദ്ദേഹം അറിയിച്ചത്.

Update: 2019-03-09 10:12 GMT

ന്യൂഡല്‍ഹി: രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി പുല്‍വാമ ആക്രമണം, ബാലാകോട്ട് ആക്രമണം, വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ തുടങ്ങിയ വിഷയങ്ങള്‍ ഉപയോഗിക്കുന്നതില്‍നിന്ന് രാഷ്ട്രീയ പാര്‍ട്ടികളെ തടയാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് നാവികസേനാ മുന്‍ മേധാവി എല്‍ രാംദാസ്.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറയ്‌ക്കെഴുതിയ തുറന്ന കത്തിലാണ് സൈനികരെയും അവരുടെ നേട്ടങ്ങളെയും രാഷ്ട്രീയ ലാഭത്തിനായി ചില പാര്‍ട്ടികള്‍ ഉപയോഗിക്കുന്നതിലുള്ള ആശങ്ക അദ്ദേഹം അറിയിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ അടുത്തിടെയുണ്ടായ സംഭവങ്ങള്‍ ദുരുപയോഗം ചെയ്ത് അതിദേശീയത ഇളക്കിവിട്ട് പാര്‍ട്ടികള്‍ വോട്ടര്‍മാരെ സ്വാധീനിച്ചേക്കാം.

ഉത്തരവാദിത്തമുള്ള ഇന്ത്യന്‍ പൗരനെന്ന നിലയിലും അഭിമാനമുള്ള ഇന്ത്യന്‍ സൈനികാംഗമെന്ന നിലയിലും സൈനിക ചിഹ്നങ്ങള്‍ റാലികളിലും മാധ്യമങ്ങളിലും മറ്റ് പൊതു ഇടങ്ങളിലും പ്രചരിപ്പിച്ച് അവരുടെ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്നതില്‍ കടുത്ത ആശങ്കയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയ താല്‍പര്യത്തോടെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഈ നേട്ടങ്ങള്‍ ഉപയോഗിക്കുന്നത് രാജ്യത്തെ സൈനികവിഭാഗങ്ങളുടെ അടിത്തറയിളക്കുന്നതും സൈനിക വിഭാഗങ്ങളുടെ ലക്ഷ്യത്തിനും ആദര്‍ശത്തിനും തകര്‍ച്ചയുണ്ടാക്കുന്നതാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

സൈന്യത്തിന്റെ ചിത്രങ്ങളും സൈന്യവുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളും തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നതില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികളെ തടയുന്നതിന് കമ്മീഷന്‍ കര്‍ശന നിര്‍ദേശം പുറപ്പെടുവിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News