കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചില്ല; ചമ്പക്കര മാര്‍ക്കറ്റില്‍ 30 പേരെ കസ്റ്റഡിയിലെടുത്തു

വരും ദിവസങ്ങളില്‍ നിയന്ത്രണം പാലിക്കാതെ കച്ചവടം തുടര്‍ന്നാല്‍ കടകളുടെ ലൈസന്‍സ് റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിയും ഡിസിപിയും പറഞ്ഞു

Update: 2020-07-04 08:49 GMT
കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചില്ല; ചമ്പക്കര മാര്‍ക്കറ്റില്‍ 30 പേരെ കസ്റ്റഡിയിലെടുത്തു

കൊച്ചി: ചമ്പക്കര മാര്‍ക്കറ്റില്‍ പോലിസിന്റെയും കൊച്ചി നഗരസഭാ ഉദ്യോഗസ്ഥരുടെയും മിന്നല്‍ പരിശോധന. മാസ്‌ക് ധരിക്കാത്തവരും സാമൂഹിക അകലം പാലിക്കാത്തവരുമായ 30 പേരെ കസ്റ്റഡിയിലെടുത്തു. നിയമലംഘനം തുടര്‍ന്നാല്‍ മാര്‍ക്കറ്റ് പൂട്ടേണ്ടി വരുമെന്ന് ഡിസിപി ജി പൂങ്കുഴലി വ്യക്തമാക്കി. പുലര്‍ച്ചെ അഞ്ചരോടെയാണ് കോര്‍പറേഷന്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പരിശോധന തുടങ്ങിയത്.

രാവിലെ അഞ്ചരക്ക് തുടങ്ങിയ പരിശോധന 8.30 വരെ നീണ്ടു. മാര്‍ക്കറ്റില്‍ കൊവിഡ് മാനദണ്ഡള്‍ പാലിക്കാതെയാണ് വില്‍പ്പനയെന്ന് കണ്ടെത്തി. വരും ദിവസങ്ങളില്‍ നിയന്ത്രണം പാലിക്കാതെ കച്ചവടം തുടര്‍ന്നാല്‍ കടകളുടെ ലൈസന്‍സ് റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിയും ഡിസിപിയും പറഞ്ഞു. കൊവിഡ് നിര്‍ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ചാല്‍ ചമ്പക്കര മാര്‍ക്കറ്റ് താത്കാലികമായി അടച്ചുപൂട്ടുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നും അധികൃതര്‍ അറിയിച്ചു. കൊച്ചി നഗരത്തില്‍ മാര്‍ക്കറ്റുകളിലും മാളുകളിലും നഗരസഭ സന്ദര്‍ശനം നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിയന്ത്രണങ്ങള്‍ പാലിക്കാത്ത വ്യാപാരകേന്ദ്രങ്ങള്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് മേയര്‍ സൗമിനി ജെയിന്‍ അറിയിച്ചു.

എറണാകുളം മാര്‍ക്കറ്റിലെ 132 പേരുടെ സാംപിള്‍ പരിശോധന നടത്തിയതില്‍ ലഭിച്ച ഒമ്പത് പേരുടെ ഫലം നെഗറ്റീവാണ്. ജില്ലയിലെ മറ്റു മാര്‍ക്കറ്റുകളും സ്ഥാപനങ്ങളും അണുവിമുക്തമാക്കുന്ന പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. കൊവിഡ് നിയമലംഘനം നടത്തുന്നവര്‍ക്കെതിരേ നഗരത്തില്‍ പോലിസ് പരിശോധന ശക്തമാക്കി. വരും ദിവസങ്ങളില്‍ ജില്ലയിലെ മറ്റ് മാര്‍ക്കറ്റുകളിലും പരിശോധന കര്‍ശനമാക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. നിലവില്‍ ജില്ലയിലെ എറണാകുളം, തോപ്പുംപടി, ആലുവ മാര്‍ക്കറ്റുകള്‍ പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്. ചെല്ലാനം ഹാര്‍ബറും ഇന്നലെ അടച്ചു. എറണാകുളം മാര്‍ക്കറ്റില്‍ വ്യാപാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ സമ്പര്‍ക്കം മൂലമുളള കേസുകളും വര്‍ദ്ധിച്ചതോടെയാണ് ജില്ലാ ഭരണകൂടം ശക്തമായ നടപടിയുമായി മുന്നോട്ടുപോകുന്നത്. തിങ്കളാഴ്ച മുതല്‍ പരിശോധന കൂടുതല്‍ കര്‍ശനമാക്കും. തമിഴ്‌നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നുമടക്കം മത്സ്യങ്ങള്‍ എത്തുന്ന മാര്‍ക്കറ്റ് കൂടിയാണ് ചമ്പക്കര മാര്‍ക്കറ്റ്.




Tags:    

Similar News