വിദ്യാര്‍ഥി കണ്‍സഷന്‍: ഗതാഗത മന്ത്രിയുടെ പ്രസ്താവന വിദ്യാര്‍ഥികളെ അപമാനിക്കുന്നത്; മന്ത്രി ബസ് മുതലാളിമാരുടെ ഏജന്റാവരുത്: കാംപസ് ഫ്രണ്ട്

മന്ത്രി മന്ദിരത്തിലിരുന്ന് സര്‍ക്കാരിന്റെ ആനുകൂല്യം പറ്റുന്ന മന്ത്രിക്ക് സാധാരണക്കാരായ വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാവണമെന്നില്ല. മന്ത്രിയുടെ പ്രസ്താവന വിദ്യാര്‍ഥികളുടെ ചാര്‍ജ് വര്‍ധിപ്പിക്കുന്നതിനായി മുന്‍കൂട്ടി തയ്യാറാക്കിയ അജണ്ടയുടെ ഭാഗമാണ്.

Update: 2022-03-13 12:53 GMT

കോഴിക്കോട്: വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് വിദ്യാര്‍ഥികള്‍ക്ക് തന്നെ നാണക്കേടാണെന്ന ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പരാമര്‍ശം വിദ്യാര്‍ഥികളെ അപമാനിക്കുന്നതാണെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ഫായിസ് കണിച്ചേരി. മന്ത്രി മന്ദിരത്തിലിരുന്ന് സര്‍ക്കാരിന്റെ ആനുകൂല്യം പറ്റുന്ന മന്ത്രിക്ക് സാധാരണക്കാരായ വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാവണമെന്നില്ല. മന്ത്രിയുടെ പ്രസ്താവന വിദ്യാര്‍ഥികളുടെ ചാര്‍ജ് വര്‍ധിപ്പിക്കുന്നതിനായി മുന്‍കൂട്ടി തയ്യാറാക്കിയ അജണ്ടയുടെ ഭാഗമാണ്. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യേണ്ട മന്ത്രി ബസ് മുതലാളിമാരുടെ ഏജന്റാവുന്നത് അപമാനകരവും അംഗീകരിക്കാനാവാത്തതുമാണ്.

കണ്‍സഷന്‍ വിദ്യാര്‍ഥികള്‍ക്ക് തന്നെ നാണക്കേടാണെന്നും പല വിദ്യാര്‍ഥികളും അഞ്ചു രൂപ കൊടുത്തിട്ട് ബാക്കി വാങ്ങാതെ പോകുന്ന സാഹചര്യമാണുള്ളതെന്നുമുള്ള മന്ത്രിയുടെ പ്രസ്താവന യാഥാര്‍ത്യങ്ങളെ ഉള്‍കൊള്ളാത്തതാണ്. കണ്‍സെഷനായി മിനിമം അഞ്ച് രൂപ നല്‍കിയില്ലെങ്കില്‍ പലയിടങ്ങളിലും ബസ്സുകളില്‍ വിദ്യാര്‍ഥികളെ കയറ്റാത്ത സാഹചര്യമാണുള്ളത്. പലയിടങ്ങളിലും ഭയം കൊണ്ടും നിവൃത്തികേടുകൊണ്ടും മാത്രം അഞ്ച് രൂപ നല്‍കി ബാക്കി ചോദിക്കാന്‍ സാധിക്കാതെ യാത്ര ചെയ്യേണ്ടുന്ന ദുരവസ്ഥയാണ്. ആന്റണി രാജു വിദ്യാര്‍ഥി വിരുദ്ധ പ്രസ്താവന പിന്‍വലിക്കണമെന്നും കണ്‍സെഷന്‍ വര്‍ധിപ്പിച്ചാല്‍ വിദ്യാര്‍ഥികളെ അണിനിരത്തി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഫായിസ് കണിച്ചേരി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News