വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ വില്‍പ്പനയ്ക്ക്: സര്‍ക്കാര്‍ മറുപടി പറയണമെന്ന് കാംപസ് ഫ്രണ്ട്
കൊച്ചി: സംസ്ഥാനത്തെ ലക്ഷക്കണക്കിന് ഹയര്‍ സെക്കന്‍ഡറി, കോളജ് വിദ്യാര്‍ഥികളുടെ വ്യക്തിഗത വിവരങ്ങള്‍ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്കു ലഭ്യമാണെന്ന വാര്‍ത്തയില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ഫായിസ് കണിച്ചേരി ആവശ്യപ്പെട്ടു. സര്‍ക്കാര്‍, യൂനിവേഴ്‌സിറ്റികള്‍, വിവിധ മല്‍സര പരീക്ഷകള്‍ എന്നിവയുമായി ബന്ധപ്പെട്ട സൈറ്റുകളില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ന്നിട്ടുള്ളതെന്നാണ് വെളിപ്പെടുത്തല്‍. ഇത്തരം ഡാറ്റാ ബേസുകളുടെ സുരക്ഷിതത്വവും അത് കൈകാര്യം ചെയ്യുന്നവരുടെ സുതാര്യതയും ഈ സാഹചര്യത്തില്‍ സംശയത്തിലായിരിക്കുകയാണ്. സര്‍ക്കാരാണ് ഗുരുതര വീഴചയുടെ പ്രാഥമിക ഉത്തരവാദി. വിദ്യാര്‍ത്ഥികളുടെ മേല്‍വിലാസം, ഇ-മെയില്‍ ഐഡി, ഫോണ്‍ നമ്പര്‍, പഠിക്കുന്ന കോഴ്‌സ് തുടര്‍പഠന താല്‍പര്യങ്ങള്‍ എന്നിവയടക്കമുള്ള പ്രധാന വിവരങ്ങളാണ് ലഭ്യമാക്കുന്നത്. വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ അവരുടെ അനുമതിയില്ലാതെ ചോര്‍ത്തുന്നതും കച്ചവട താല്‍പര്യത്തോടെ ഉപയോഗിക്കുന്നതും ഗുരുതരമായ കുറ്റമാണ്. വിദ്യാഭ്യാസക്കച്ചവട മാഫിയകളുടെ കരങ്ങള്‍ ഇതിന് പിന്നിലുണ്ട്. വിഷയത്തിന്റെ ഗൗരവം പരിഗണിച്ച് സര്‍ക്കാര്‍ കര്‍ശന നടപടികള്‍ കൈക്കൊള്ളണമെന്നും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഫായിസ് കണിച്ചേരി ആവശ്യപ്പെട്ടു.