കറുത്ത ഷാള്‍ ധരിച്ചതിന് വിദ്യാര്‍ഥിനികള്‍ക്ക് ക്രൂരമര്‍ദ്ദനം: സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍, സസ്‌പെന്‍ഷന്‍

തൊക്കിലങ്ങാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കായികാധ്യാപകന്‍ നിധിനെയാണ് ഇരകളുടെ ബന്ധുക്കളുടെ പരാതിയില്‍ കൂത്തുപറമ്പ് പോലിസ് അറസ്റ്റ് ചെയ്തത്

Update: 2022-02-26 09:40 GMT

കൂത്തുപറമ്പ്: കറുത്ത ഷാള്‍ ധരിച്ചെത്തിയതിന് സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ക്രൂരമായി മര്‍ദ്ദിച്ച അധ്യാപകന്‍ അറസ്റ്റില്‍. തൊക്കിലങ്ങാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കായികാധ്യാപകന്‍ നിധിനെയാണ് ഇരകളുടെ ബന്ധുക്കളുടെ പരാതിയില്‍ കൂത്തുപറമ്പ് പോലിസ് അറസ്റ്റ് ചെയ്തത്.

സ്‌കൂളിലെ പത്താം ക്ലാസില്‍ പഠിക്കുന്ന മെരുവമ്പായി സ്വദേശിനി ഹിബ, മൂരിയാട് സ്വദേശിനികളായ ഷഹാന, നിദ തുടങ്ങിയ വിദ്യാര്‍ഥിനികളെയാണ് ഇയാള്‍ ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദനമേറ്റ വിദ്യാര്‍ഥികള്‍ പരിക്കുകളോടെ കുത്തുപറമ്പ് ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികില്‍സയിലാണ്. േ

ഇന്നലെ ഉച്ചയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം. വെളുത്ത ഷാളിന് പകരം കറുപ്പ് ഷാള്‍ ധരിച്ചതിന്റെ പേരില്‍ വിദ്യാര്‍ഥിനികളെ സ്റ്റാഫ് റൂമില്‍ കൊണ്ടുപോയി മര്‍ദ്ദനം അഴിച്ചുവിടുകയായിരുന്നു. വടി കൊണ്ട് മര്‍ദ്ദിച്ചതിനു പുറമെ കസേരകൊണ്ടും മര്‍ദ്ദിച്ചതായാണ് കുട്ടികള്‍ പരാതിയില്‍ പറയുന്നത്. സ്‌കൂളില്‍ ഇതിന് മുമ്പും കറുത്ത ഷാള്‍ ധരിച്ച് വിദ്യാര്‍ഥിനികളെത്തിയിട്ടുണ്ടെന്ന് ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, അധ്യാപകനെ അന്വേഷണ വിധേയമായി രണ്ടാഴ്ചത്തേക്ക് സസ്‌പെന്റ് ചെയ്തതായി സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു. എസ്ഡിപിഐ കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് കെ ഇബ്രാഹിം, മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റ് സദഖത്തുല്ല എന്നിവരുമായി സ്‌കൂള്‍ മാനേജ്‌മെന്റ് നടത്തിയ ചര്‍ച്ചയിലാണ് അധ്യാപകനെ സസ്‌പെന്റ് ചെയ്യാന്‍ തീരുമാനിച്ചത്.

വിദ്യാര്‍ഥിനികളെ അകാരണമായി മര്‍ദ്ദിച്ച മര്‍ദ്ദിച്ച കായിക അധ്യാപകന്‍ നിധിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിടണമെന്ന് വിദ്യാര്‍ഥിനികളെ ആശുപത്രിയില്‍ സന്ദര്‍ശിച്ച എസ്ഡിപിഐ മണ്ഡലം നേതാക്കള്‍ ആവശ്യപ്പെട്ടു. കുത്തുപറമ്പ് മണ്ഡലം സെക്രട്ടറി മുഹമ്മദലി, ബ്രാഞ്ച് സെക്രട്ടറി ഖലീല്‍ കൂത്തുപറമ്പ്, മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റ് സദഖത്ത് നീര്‍വേലി എന്നിവര്‍ ആശുപത്രിയിലെത്തി കുട്ടികളോടും രക്ഷിതാക്കളോടും സംസാരിച്ചു.

Tags:    

Similar News