ക്വാറന്റൈനിലായിരുന്ന സബ്കലക്ടര്‍ മുങ്ങി; ബെംഗളൂരുവിലെന്ന് സബ്കലക്ടര്‍, കാണ്‍പൂരിലെത്തിയതായി പോലിസ്
വിദേശത്തുനിന്നെത്തിയ മിശ്ര 19ാം തിയ്യതി മുതല്‍ ക്വാറന്റൈനിലായിരുന്നു.
കൊല്ലം: കൊല്ലത്ത് ക്വാറന്റൈനില്‍ ആയിരുന്ന സബ്കലക്ടര്‍ മുങ്ങി. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വസതിയിലെത്തിയപ്പോള്‍ അനുപം മിശ്ര അവിടെയുണ്ടായിരുന്നില്ല. തുടര്‍ന്ന് അധികൃതര്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കാണ്‍പൂരിലാണെന്നായിരുന്നു മറുപടി. വിദേശത്തുനിന്നെത്തിയ മിശ്ര 19ാം തിയ്യതി മുതല്‍ ക്വാറന്റൈനിലായിരുന്നു.
ഇദ്ദേഹം ആഗസ്തിലാണ് സബ് കളക്ടറായി കൊല്ലത്ത് എത്തിയത്. സമീപകാലത്തായിരുന്നു ഇദ്ദേഹത്തിന്റെ വിവാഹം. വിദേശത്തെ മധുവിധു കഴിഞ്ഞ് അടുത്തിടെയാണ് ഇയാള്‍ ജോലിയില്‍ തിരികെ പ്രവേശിക്കാനായി തിരിച്ചെത്തിയത്. വിദേശത്തുനിന്നെത്തിയതിനാല്‍ ക്വാറന്റൈനില്‍ പോകാന്‍ ജില്ലാ കലക്ടര്‍ തന്നെയാണ് ഇദ്ദേഹത്തോട് നിര്‍ദേശിച്ചത്. തുടര്‍ന്ന് ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തിലായിരുന്നു ഇദ്ദേഹം. കുറച്ചുദിവസങ്ങളായി ആളനക്കം ഒന്നുമില്ലാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ കലക്ടറെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കലക്ടര്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ബംഗളൂരുവില്‍ ആണെന്നായിരുന്നു മറുപടി. എന്നാല്‍ പോലിസ് നടത്തിയ പരിശോധനയില്‍ കാന്‍പൂരിലാണെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞതെന്ന് കലക്ടര്‍ പറഞ്ഞു. ഇക്കാര്യം സര്‍ക്കാരില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും കലക്ടര്‍ വ്യക്തമാക്കി.ഐഎഎസ് ഉദ്യോഗസ്ഥര്‍ ജോലി സ്ഥലം വിട്ടുപോകുമ്പോള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനെ അറിയിക്കണമെന്നാണ് ചട്ടം.
ക്വാറൈന്റന്‍ ലംഘിച്ചു എന്നതുമാത്രമല്ല ചട്ടംലംഘിച്ചു എന്നതുള്‍പ്പടെ ഗുരുതരമായ കൃത്യവിലോപമാണ് ഉണ്ടായതെന്നും കലക്ടര്‍ ചൂണ്ടിക്കാട്ടി.