സുബൈര്‍ വധം;കൊലയാളി സംഘത്തിലെ മൂന്ന് പേര്‍ കൂടി പിടിയില്‍
ആറുമുഖന്‍, ശരവണന്‍,രമേശ് എന്നിവര്‍ ആണ് പിടിയിലായത്
പാലക്കാട് :സുബൈര്‍ വധവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ കൂടി പിടിയില്‍.ആറുമുഖന്‍, ശരവണന്‍,രമേശ് എന്നിവര്‍ ആണ് പിടിയിലായത്.ഇവര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്നാണ് സൂചന.പ്രതികളെ രഹസ്യകേന്ദ്രത്തില്‍ എത്തിച്ച് ചോദ്യം ചെയ്യല്‍ തുടങ്ങി.
പാലക്കാടിന് അടുത്ത് വെച്ചാണ് പ്രതികളെ പിടികൂടിയത്.രമേശ് ആണ് കാര്‍ വാടകയ്ക്ക് എടുത്തത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് നാലുപേരെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു.ആര്‍എസ്എസ് പ്രവര്‍ത്തകരായ ജിനീഷ്, സുദര്‍ശന്‍, ശ്രീജിത്ത്, ഷൈജു എന്നിവരെയായിരുന്നു കസ്റ്റഡിയിലെടുത്തത്.ഇതിന് പുറമേയാണ് മൂന്ന് പേരെ കൂടി പിടികൂടിയിരിക്കുന്നത്.സുദര്‍ശന്‍, ശ്രീജിത്ത്, ഷൈജു എന്നിവര്‍ എസ്ഡിപിഐ പ്രവര്‍ത്തകനായ സക്കീര്‍ ഹുസൈനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളാണ്. റിമാന്‍ഡിലായിരുന്ന ഇവര്‍ ഒരു മാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയിരുന്നത്.ഇവരെ ചോദ്യം ചെയ്യുന്നതോടെ കേസില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. കേസില്‍ അന്വേഷണം അവസാനഘട്ടത്തിലെന്ന് എഡിജിപി വിജയ് സാക്കറെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
കൊലപാതകങ്ങള്‍ നടന്ന് ഇരുപത്തിനാല് മണിക്കൂര്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ പോലിസിന് കഴിഞ്ഞിട്ടില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. കസ്റ്റഡിയിലുള്ളവര്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളികളാണോ എന്ന് ഉറപ്പാക്കാന്‍ കഴിയാത്തതാണ് അറസ്റ്റ് വൈകാന്‍ കാരണമായത്. കൊലപാതകത്തിന് പിറകില്‍ ആസൂത്രിക ഗൂഢാലോചനയുണ്ടെന്നും കൊന്നവരെയും സൂത്രധാരന്‍മാരെയും പിടികൂടുമെന്നും അന്വേഷണ സംഘത്തിന്റെ മേല്‍നോട്ട ചുമതലയുള്ള വിജയ് സാഖറെ വ്യക്തമാക്കിയിരുന്നു.രണ്ട് കൊലപാതക കേസുകളും രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.45നു പള്ളിയില്‍നിന്നു പിതാവിനോടൊപ്പം ബൈക്കില്‍ മടങ്ങുകയായിരുന്ന സുബൈറിനെ എലപ്പുള്ളി നോമ്പിക്കോട്ടുവച്ച് ആക്രമി സംഘം കാറിടിച്ചു വീഴ്ത്തി വെട്ടുകയായിരുന്നു.