സുബോധ്കുമാര്‍ വധം: ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍; കുറ്റം സമ്മതിച്ചെന്ന് പോലിസ്
പ്രശാന്ത് നാട്ട് എന്നയാളെയാണ് ഇന്നലെ നോയിഡയ്ക്കു സമീപത്തുനിന്ന് പ്രത്യേകാന്വേഷണസംഘം അറസ്റ്റ് ചെയ്തത്. സുബോധ് കുമാറിനെ വെടിവച്ചത് താനാണെന്നു ഇയാള്‍ കുറ്റസമ്മതം നടത്തിയതായി പോലിസ് പറഞ്ഞു.
ലഖ്‌നൗ: ഗോഹത്യ ആരോപിച്ച് ഹിന്ദുത്വര്‍ കലാപം നടത്തിയ ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ സുബോധ്കുമാര്‍ സിങിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ടാക്‌സി ഡ്രൈവറെ അറസ്റ്റ് ചെയ്തു. പ്രശാന്ത് നാട്ട് എന്നയാളെയാണ് ഇന്നലെ നോയിഡയ്ക്കു സമീപത്തുനിന്ന് പ്രത്യേകാന്വേഷണസംഘം അറസ്റ്റ് ചെയ്തത്. സുബോധ് കുമാറിനെ വെടിവച്ചത് താനാണെന്നു ഇയാള്‍ കുറ്റസമ്മതം നടത്തിയതായി പോലിസ് പറഞ്ഞു. കലാപവുമായി ബന്ധപ്പെട്ട് പോലിസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പ്രശാന്തിന്റെ പേരുണ്ടായിരുന്നില്ല.
പിന്നീട് വീഡിയോ ദൃശ്യങ്ങളും സാക്ഷിമൊഴികളും പരിശോധിച്ചപ്പോഴാണ് ഡല്‍ഹിയിലെ ടാക്‌സി ഡ്രൈവറായ പ്രശാന്ത് നാട്ടിനെ കുറിച്ച് വിവരം ലഭിച്ചതെന്നും തുടര്‍ന്നാണ് അറസ്‌റ്റെന്നും പോലിസ് അറിയിച്ചു. പശുവിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് ആരോപിച്ച് ഡിസംബര്‍ മൂന്നിനാണ് ബുലന്ദ്ഷഹറിലെ സിയാന ഗ്രാമത്തില്‍ ആക്രമണങ്ങളുണ്ടായത്. സംഘടിച്ചെത്തിയ ഹിന്ദുത്വര്‍ നിരവധി വാഹനങ്ങളും മറ്റും തകര്‍ക്കുകയും തീയിടുകയുമായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സുബോധ്കുമാറാണ് വെടിയേറ്റും ആക്രമണത്തിനിരയായും കൊല്ലപ്പെട്ടത്.
നേരത്തേ ദാദ്രിയില്‍ ഗോമാംസം കൈവശം വച്ചെന്നാരോപിച്ച് ഹിന്ദുത്വര്‍ അഖ്‌ലാഖ് എന്ന വയോധികനെ തല്ലിക്കൊന്ന കേസ് ആദ്യം അന്വേഷിച്ചത് സുബോധ് കുമാറായിരുന്നു. കേസൊതുക്കാന്ഡ പല വിധത്തിലും ശ്രമമുണ്ടായിരുന്നെങ്കിലും സുബോധ്കുമാര്‍ വിട്ടുവീഴ്ച ചെയ്യാത്തതിന്റെ പ്രതികാരമാണ് കൊലപാതകത്തിനു പിന്നിലെന്നു കുടുംബം ആരോപിച്ചിരുന്നു. അതേസമയം, സുബോധിന്റെ കൊലപാതകത്തിലെ മുഖ്യപ്രതിയെന്ന് ആരോപിക്കപ്പെടുന്ന ബജ്‌രംഗ്ദള്‍ നേതാവ് യോഗേഷ് രാജിനെ കണ്ടെത്താനായിട്ടില്ല.