യുവാവ് ആത്മഹത്യ ചെയ്‌തെന്ന് ബന്ധുക്കള്‍; കൊലപാതകമെന്ന് കണ്ടെത്തി ഡോക്ടര്‍
ചൊവ്വാഴ്ച വൈകീട്ടാണ് അടുത്ത ബന്ധുക്കള്‍ അടങ്ങുന്ന സംഘം ബിബിന്‍ ബാബുവിനെ ആശുപത്രിയില്‍ എത്തിച്ചത്.
പീരുമേട്: ആത്മഹത്യ ചെയ്‌തെന്ന് പറഞ്ഞ് ബന്ധുക്കള്‍ പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച മൃതദേഹത്തില്‍ കൊലപാതകത്തിന്റെ തെളിവുകള്‍. തുടര്‍ന്ന് നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ യുവാവ് കൊല്ലപ്പെട്ടതാണെന്ന് തെളിഞ്ഞു. പള്ളിക്കുന്ന് വുഡ്‌ലാന്‍സ് എസ്‌റ്റേറ്റില്‍ കൊല്ലമറ്റത്ത് ബാബുവിന്റെ മകന്‍ ബിബിന്‍ ബാബു (29)ആണ് കൊല്ലപ്പെട്ടത്.
തലയ്ക്കുപിന്നിലും തലയുടെ മുകള്‍ ഭാഗത്ത് ഇരുവശങ്ങളിലും ശക്തമായ അടിയേറ്റതും തൊഴിയേറ്റ് ജനനേന്ദ്രിയം തകര്‍ന്നതുമാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം പരിശോധനക്ക് ശേഷം ലഭിച്ച സൂചനകള്‍. തുടര്‍ന്ന് ഡോക്ടര്‍ ജില്ലാ പൊലീസ് മോധാവി വിഷ്ണു പ്രദീപുമായി ബന്ധപ്പെട്ടു. യുവാവ് മരിച്ചുകിടന്ന വീട് പോലീസ് പരിശോധിച്ചു. ഫോറന്‍സിക് വിദഗ്ദ്ധരും ശ്വാനസേനയും പരിശോധന നടത്തുമെന്ന് പോലീസ് പറഞ്ഞു.
ചൊവ്വാഴ്ച വൈകീട്ടാണ് അടുത്ത ബന്ധുക്കള്‍ അടങ്ങുന്ന സംഘം ബിബിന്‍ ബാബുവിനെ ആശുപത്രിയില്‍ എത്തിച്ചത്. വീട്ടിലെ ശുചിമുറിയില്‍ മുണ്ടില്‍ കെട്ടിത്തൂങ്ങി നില്‍ക്കുന്നതായി കണ്ടു എന്നാണ് ആശുപത്രിയിലെ ഡ്യൂട്ടിയിലുള്ള ഡോക്ടറോട് ബന്ധുക്കള്‍ പറഞ്ഞിരുന്നത്.