പ്രവാചക കാര്‍ട്ടൂണ്‍: ഫ്രഞ്ച് സര്‍ക്കാര്‍ പുരസ്‌കാരം നിരസിച്ച് സുദാനി കലാകാരി

ഫ്രഞ്ച് പ്രസിഡന്റിന്റെ ഇസ്‌ലാം വിരുദ്ധ പരാമര്‍ശങ്ങളിലും മുഹമ്മദ് നബിയെ നിന്ദിക്കുന്ന കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചതിലും പ്രതിഷേധിച്ചാണ് പ്രമുഖ സുദാനി പ്ലാസ്റ്റിക് ആര്‍ട്ടിസ്റ്റ് കമല ഇബ്രാഹിം ഇഷാഖ് ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ ആര്‍ട്ട് ആന്റ് ലെറ്റേഴ്‌സ് മെഡല്‍ നിരസിച്ചത്.

Update: 2020-10-31 06:24 GMT

ഖാര്‍ത്തും: കലാ സാഹിത്യ മേഖലയിലെ സംഭാവനകള്‍ക്ക് ഫ്രഞ്ച് സര്‍ക്കാര്‍ സമ്മാനിക്കുന്ന മെഡല്‍ നിരസിച്ച് സുദാനി കലാകാരി. ഫ്രഞ്ച് പ്രസിഡന്റിന്റെ ഇസ്‌ലാം വിരുദ്ധ പരാമര്‍ശങ്ങളിലും മുഹമ്മദ് നബിയെ നിന്ദിക്കുന്ന കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചതിലും പ്രതിഷേധിച്ചാണ് പ്രമുഖ സുദാനി പ്ലാസ്റ്റിക് ആര്‍ട്ടിസ്റ്റ് കമല ഇബ്രാഹിം ഇഷാഖ് ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ ആര്‍ട്ട് ആന്റ് ലെറ്റേഴ്‌സ് മെഡല്‍ നിരസിച്ചത്.സുഡാനീസ് വാര്‍ത്താ ഏജന്‍സി (സുന) യാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പ്രസ്താവനകളോടുള്ള പ്രതികരണമായാണ് കമല ഇബ്രാഹിമിന്റെ നിലപാട് എന്ന് സുന വ്യക്തമാക്കി.

സുഡാനിലെ ഏറ്റവും പ്രധാനപ്പെട്ട പ്ലാസ്റ്റിക് ആര്‍ട്ടിസ്റ്റുകളില്‍ ഒരാളാണ് കമല. 1939ല്‍ ജനിച്ച അവര്‍ ഖാര്‍ത്തൂമിലെ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍നിന്ന് ബിരുദവും ലണ്ടനിലെ റോയല്‍ കോളേജില്‍നിന്ന് ബിരുദാനന്തര ബിരുദവും നേടി. 2019ല്‍ നെതര്‍ലന്‍ഡ്‌സിലെ ക്ലോസ് പുരസ്‌കാരം നേടിയിരുന്നു.

പ്രവാചകനെതിരായ കാര്‍ട്ടൂണുകള്‍ തുടരുമെന്ന ഫ്രഞ്ച് പ്രസിഡന്റിന്റെ പരാമര്‍ശങ്ങളിലുള്ള പ്രതിഷേധ സൂചകമാണ് പുരസ്‌കാരം നിരസിക്കുന്നതെന്ന് കമല പറഞ്ഞു. ഇക്കാര്യം ഖാര്‍ത്തൂമിലെ ഫ്രഞ്ച് എംബസിയിലെ സാംസ്‌കാരിക അറ്റാഷെയേയും ഫ്രഞ്ച് കള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റിയൂട്ട് മാനേജ്‌മെന്റിനെയും അറിയിച്ചതായും അവര്‍ പറഞ്ഞു. പുരസ്‌കാരം നിരസിച്ച തന്റെ നിലപാടില്‍ അവര്‍ ദുഖവും ഖേദവും പ്രകടിപ്പിച്ചു.

നവംബര്‍ 2ന് ഖാര്‍ത്തൂമിലെ ഫ്രഞ്ച് കള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ വച്ച് കമലയ്ക്ക് ഓര്‍ഡര്‍ ഓഫ് ഫ്രഞ്ച് റിപ്പബ്ലിക്ക് ഓഫ് നല്‍കുമെന്നായിരുന്നു അധികൃതരുടെ അറിയിപ്പ്.

Tags:    

Similar News