അയോധ്യയിലെ പള്ളി നിര്‍മാണം; ട്രസ്റ്റിന് രൂപം നല്‍കി യുപി സുന്നി വഖഫ് ബോര്‍ഡ്
കഴിഞ്ഞ ഫെബ്രുവരിയിലാണ് സുപ്രീംകോടതി വിധിപ്രകാരം ലഭിച്ച അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കാന്‍ സുന്നി വഖഫ് ബോര്‍ഡ് തയാറായത്. അയോധ്യയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് ധാനിപൂര്‍ ഗ്രാമം.
ലഖ്‌നോ: അയോധ്യയില്‍ ബാബരി മസ്ജിദിന് പകരമായി ലഭിച്ച സ്ഥലത്ത് പള്ളി നിര്‍മാണത്തിനുള്ള ട്രസ്റ്റിന് രൂപം നല്‍കി യുപി സുന്നി വഖഫ് ബോര്‍ഡ്. ഇന്തോ ഇസ്‌ലാമിക് ഫൗണ്ടേഷന്‍ എന്ന പേരിലുള്ള ട്രസ്റ്റ് രൂപീകരിച്ച വിവരം വഖഫ് ബോര്‍ഡ് പ്രസിഡന്റ് സുഫര്‍ അഹമ്മദ് ഫാറുഖിയാണ് അറിയിച്ചത്. അയോധ്യയിലെ ധാനിപൂര്‍ ഗ്രാമത്തിലാണ് പള്ളി നിര്‍മിക്കുക.
വഖഫ് ബോര്‍ഡ് പ്രസിഡന്റ് തന്നെയാവും ട്രസ്റ്റിനേയും നയിക്കുക. ട്രസ്റ്റില്‍ 15 അംഗങ്ങളാവും ഉണ്ടാവുക. ഇതില്‍ ഒമ്പത് അംഗങ്ങളെ പ്രഖ്യാപിച്ചു. മത-സാമൂഹിക-സാംസ്‌കാരിക രംഗത്ത് അറിയപ്പെടുന്നവരല്ല ട്രസ്റ്റ് അംഗങ്ങള്‍ എന്നത് ശ്രദ്ധേയമാണ്.
സുഫര്‍ അഹമ്മദ് ഫാറുഖി(പ്രസിഡന്റ്), അദ്‌നാന്‍ ഫാറൂഖ് ഷാ(വൈസ് പ്രസിഡന്റ്), അത്തര്‍ ഹുസൈന്‍ ലഖ്‌നൗ(ട്രഷറര്‍), മുഹമ്മദ് ജുനൈദ് സിദ്ധീഖി, ലഖ്‌നൗ, ഷെയ്ക്ക് സൗദുസ്സമാന്‍, മുഹമ്മദ് റാഷിദ്, ഇംറാന്‍ അഹമ്മദ് എന്നിവരേയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് സുപ്രീംകോടതി വിധിപ്രകാരം ലഭിച്ച അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കാന്‍ സുന്നി വഖഫ് ബോര്‍ഡ് തയാറായത്. അയോധ്യയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് ധാനിപൂര്‍ ഗ്രാമം. ഇവിടത്തെ ജനസംഖ്യയില്‍ 60 ശതമാനവും മുസ്‌ലിംകളാണ്. ഫെബ്രുവരിയില്‍ റവന്യു വകുപ്പ് അധികൃതര്‍ സ്ഥലമളക്കാന്‍ എത്തിയിരുന്നു. ആഗസ്റ്റ് അഞ്ചിനാണ് അയോധ്യയില്‍ ബാബരി മസ്ജിദ് ഹിന്ദുത്വര്‍ തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.