അധ്യാപക നിയമന പരീക്ഷ: ഹാള്‍ടിക്കറ്റില്‍ സണ്ണി ലിയോണിന്റെ അര്‍ധനഗ്‌ന ചിത്രം; അന്വേഷണത്തിന് ഉത്തരവ്
ബംഗളൂരു: അധ്യാപക നിയമന പരീക്ഷയ്ക്ക് വിദ്യാഭ്യാസ വകുപ്പ് അയച്ച ഹാള്‍ടിക്കറ്റില്‍ ഉദ്യോഗാര്‍ഥിയുടേതിന് പകരം ബോളിവുഡ് താരം സണ്ണി ലിയോണിയുടെ അര്‍ധനഗ്‌ന ചിത്രം. കര്‍ണാടക ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റിലാണ് ഇത്തരമൊരു അഡ്മിറ്റ് കാര്‍ഡ് ലഭിച്ചത്. കര്‍ണാടക വിദ്യാഭ്യാസ വകുപ്പിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ശിമോഗ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ഹാള്‍ ടിക്കറ്റിന്റെ സ്‌ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ചിക്കമംഗളൂരു ജില്ലയിലെ കൊപ്പ സ്വദേശിനിയായ യുവതിയാണ് ശിമോഗയില്‍ ടീച്ചര്‍ പോസ്റ്റിലേക്ക് അപേക്ഷിച്ചത്. ഞായറാഴ്ചയായിരുന്നു പരീക്ഷ. പരീക്ഷയ്ക്കായി ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തപ്പോഴാണ് തന്റെ ഫോട്ടോയ്ക്ക് പകരം നടി സണ്ണി ലിയോണിയുടെ ചിത്രം പതിച്ചിരിക്കുന്നത് കണ്ടത്. എന്നാല്‍, ഇതിന് തങ്ങള്‍ ഉത്തരവാദികളല്ലെന്നായിരുന്നു വിദ്യാഭ്യാസവകുപ്പിന്റെ വിശദീകരണം. സംഭവത്തില്‍ വിദ്യാഭ്യാസവകുപ്പിന്റെ വീഴ്ച ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് വിമര്‍ശനവുമായി രംഗത്തെത്തി.
ഇതെത്തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പ് പോലിസിന് പരാതി നല്‍കിയത്. ഉദ്യോഗാര്‍ഥികള്‍ തന്നെയാണ് ഫോട്ടോ അപ്‌ലോഡ് ചെയ്തിട്ടുള്ളതെന്നും തങ്ങള്‍ ഇടപെട്ടിട്ടില്ലെന്നുമാണ് അധികൃതര്‍ വിശദീകരിക്കുന്നത്. തന്റെ ഭര്‍ത്താവിന്റെ സുഹൃത്താണ് അപേക്ഷ തയ്യാറാക്കി അയച്ചതെന്നാണ് ഉദ്യോഗാര്‍ഥി പറഞ്ഞതെന്നും അധികൃതര്‍ പറയുന്നു.
ഹാള്‍ ടിക്കറ്റില്‍ ഉദ്യോഗാര്‍ഥിയുടെ ഫോട്ടോയ്ക്ക് പകരം സണ്ണി ലിയോണിന്റെ ചിത്രമാണ് വിദ്യാഭ്യാസ വകുപ്പ് അച്ചടിച്ചതെന്ന് കര്‍ണാടക കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ചെയര്‍പേഴ്‌സണ്‍ ബി ആര്‍ നായിഡു ആരോപിച്ചു. നിയമസഭയ്ക്കുള്ളില്‍ നീലച്ചിത്രങ്ങള്‍ കണ്ട പാര്‍ട്ടിയില്‍ നിന്ന് എന്തും പ്രതീക്ഷിക്കാമെന്നും നായിഡു കുറിച്ചു. കൂടെ ഉദ്യോഗാര്‍ഥിയുടെ അഡ്മിറ്റ് കാര്‍ഡിന്റെ ചിത്രം പങ്കുവയ്ക്കുകയും ചെയ്തു. ട്വിറ്ററിലൂടെയാണ് നായിഡുവിന്റെ വിമര്‍ശനം. കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷിനെ ട്വീറ്റില്‍ ടാഗ് ചെയ്യുകയും ചെയ്തു.