കോടിയേരിയുടെ വാക്കുകള്‍ സവര്‍ണ പ്രീണനം; കണക്ക് പുറത്തുവിടണമെന്ന് സണ്ണി എം കപിക്കാട്
അഗ്രഹാരങ്ങളുടെ ശോചനീയാവസ്ഥയെ കുറിച്ച് ചിന്തിക്കുന്ന ഇവര്‍ക്ക് 29,000 ലധികം വരുന്ന കേരളത്തിലെ ദലിത് കോളനികളിലെ അവസ്ഥയെ കുറിച്ച് എന്താണ് ഉത്ക്കണ്ഠയില്ലാത്തത്. കേരളത്തിലെ നഗരകേന്ദ്രങ്ങളിലാണ് അഗ്രഹാരങ്ങള്‍ ഉള്ളതെന്ന് കോടിയേരിക്കെന്താണ് മനസിലാവാത്തത്. കപിക്കാട് ചോദിച്ചു.
കോഴിക്കോട്: ചേരികള്‍ക്ക് സമാനമായ ദുഃസ്ഥിതിയില്‍ കേരളത്തിലെ പല അഗ്രഹാരങ്ങളും മാറിയിട്ടുണ്ടെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാക്കുകള്‍ സവര്‍ണ പ്രീണനമാണെന്ന് ദലിത് ചിന്തകന്‍ സണ്ണി എം കപിക്കാട്. അഗ്രഹാരങ്ങളിലെ താമസസൗകര്യങ്ങളും ജീവിതസാഹചര്യവും ചേരികളുടെതിനു സമാനമാണെന്ന അഭിപ്രായം ഊതിവീര്‍പ്പിക്കപ്പെട്ടതാണെന്ന് സണ്ണി പറഞ്ഞു. വസ്തുതാപരമായ കാര്യങ്ങളുണ്ടെങ്കില്‍ സര്‍ക്കാര്‍ സഹായിക്കുന്നതിനു എതിരല്ല. പക്ഷെ ഊതിവീര്‍പ്പിക്കപ്പെട്ട കണക്കുകളുടെ പേരില്‍ നിരുത്തരവാദപരമായ പ്രസ്താവനകള്‍ ഇറക്കരുത്. വസ്തുതാപരമായ കണക്ക് പുറത്തുവിടണമെന്നും കപിക്കാട് ആവശ്യപ്പെട്ടു.
ഇപ്പോള്‍ സവര്‍ണ സമൂഹങ്ങളെ പ്രീണിപ്പിക്കുക എന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നയമായി മാറിയിട്ടുണ്ട്. ഈ തന്ത്രം ആര്‍എസ്എസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായിട്ടാണെങ്കിലും അതൊരു നയമായി സ്വീകരിച്ചിരിക്കുകയാണു. അഗ്രഹാരങ്ങളുടെ ശോചനീയാവസ്ഥയെ കുറിച്ച് ചിന്തിക്കുന്ന ഇവര്‍ക്ക് 29,000 ലധികം വരുന്ന കേരളത്തിലെ ദലിത് കോളനികളിലെ അവസ്ഥയെ കുറിച്ച് എന്താണ് ഉത്ക്കണ്ഠയില്ലാത്തത്. കേരളത്തിലെ നഗരകേന്ദ്രങ്ങളിലാണ് അഗ്രഹാരങ്ങള്‍ ഉള്ളതെന്ന് കോടിയേരിക്കെന്താണ് മനസിലാവാത്തത്. കേരളത്തിന്റെ ഏത് നഗരത്തിന്റെ കേന്ദ്രങ്ങളിലാണ് ദലിത് കോളനികളുള്ളത്. ചേരിപ്രദേശത്താണ്. കോട്ടയം, എറണാംകുളം, തിരുവനന്തപുരം ഏത് നഗരത്തിന്റെയും ഹൃദയ ഭാഗത്താണ് ബ്രാഹ്മണ സെറ്റില്‍മെന്റുകള്‍ ഉള്ളത്. എന്ത് ദാരിദ്യത്തെ കുറിച്ചാണ് ഇവര്‍ പറയുന്നത്, എന്ത് വസ്തുതകളുടെ അടിസ്ഥാനത്തിലാണ് പറയുന്നതെന്നും സണ്ണി ചോദിക്കുന്നു.
അഗ്രഹാരങ്ങളുടെ അവസ്ഥ സംബന്ധിച്ച കണക്കുകള്‍ സര്‍ക്കാര്‍ പുറത്ത് വിടട്ടെ. ഭരിക്കുന്ന പാര്‍ട്ടിയുടെ സെക്രട്ടറി എന്ന നിലയില്‍ കോടിയേരി ബാലകൃഷ്ണന് കുറച്ചു കൂടി ഉത്തരവാദിത്വം ഉണ്ട്. അത് കോടിയേരി നിര്‍വഹിക്കണമെന്നും സണ്ണി കപിക്കാട് കൂട്ടിച്ചേര്‍ത്തു.