എല്ലാവരും നിസ്സഹകരിക്കുന്നതിലൂടെ മാത്രമേ സിഎഎ വിരുദ്ധ സമരം വിജയിപ്പിക്കാനാവൂ: സണ്ണി എം കപിക്കാട്
20ലേറെ ചിത്രകാരന്‍മാര്‍ തെരുവില്‍ ചിത്രം വരച്ച് പ്രതിഷേധിച്ചു
തൃശൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്ന എല്ലാ ജനവിഭാഗങ്ങളും നിയമത്തിന്റെ നടപടികളോട് നിസ്സഹരിക്കുന്നതിലൂടെ മാത്രമേ സമരം വിജയിപ്പിക്കാനാവൂവെന്ന് ആക്റ്റിവിസ്റ്റും ചിന്തകനുമായ സണ്ണി എം കപിക്കാട് പറഞ്ഞു. ആളൂര്‍ ഗ്രാമപ്പഞ്ചായത്ത് ഭരണഘടനാ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ സദസ്സില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മതത്തിന്റെ പേരില്‍ സമൂഹത്തെ വിഭജിക്കുന്ന പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ദേശവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ആളൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ ഭരണഘടന സംരക്ഷണ സദസ്സ് സംഘടിപ്പിച്ചത്.
ഉച്ചയ്ക്കു രണ്ടുമണി മുതല്‍ 20ലേറെ ചിത്രകാരന്‍മാര്‍ തെരുവില്‍ ചിത്രം വരച്ച് പ്രതിഷേധിച്ചു. ദാമോദരന്‍ നമ്പിടി ഉദ്ഘാടനം ചെയ്തു. 20ഓളം കവികള്‍ കവിതകള്‍ ചൊല്ലി കവിതയുടെ പ്രതിരോധം തീര്‍ത്തു. ഡോ. സി രാവുണ്ണി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വയലിന്‍, പുല്ലാങ്കുഴല്‍, മൃദംഗ സംഗീത സമന്വയം നടത്തി. സമിതി ചെയര്‍പേഴ്‌സണ്‍ സന്ധ്യാ നൈസന്‍ അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ പ്രഫ. കെ യു അരുണന്‍, വി ആര്‍ സുനില്‍കുമാര്‍, മുന്‍ എംഎല്‍എ ടി യു രാധാകൃഷ്ണന്‍, പി സി ഉണ്ണിച്ചെക്കന്‍, അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, ഡോ. എം എന്‍ വിനയകുമാര്‍, ഡോ. ശ്രീലത വര്‍മ്മ, രാജേഷ് അപ്പാട്ട്, പാപ്പച്ചന്‍ വാഴപ്പിള്ളി, ഇ കെ മോഹന്‍ദാസ്, കെ എ ഹനീഫ, രമേഷ് കരിന്തലക്കൂട്ടം, വീരാവു മാമ്പ്ര, അനസ് ബാഖവി, എം ബി ലത്തീഫ്, ബാബു പി തോമസ്, എം എസ് മൊയ്തീന്‍, ജനറല്‍ കണ്‍വീനര്‍ പി കെ കിട്ടന്‍, ഖജാഞ്ചി ഐ കെ അബ്ദുള്‍ മജീദ് സംസാരിച്ചു.