സഹോദരിയെ വിവാഹം കഴിച്ച മലയാളി യുവാവിനെ വെടിവെച്ച് കൊന്നു; യുവാവിന്റെ ജാമ്യം റദ്ദാക്കി സുപ്രിം കോടതി

അമിത്ത് നായര്‍ എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിലാണ് രാജസ്ഥാന്‍ സ്വദേശിയായ മുകേഷ് ചൗധരിയുടെ ജാമ്യം സുപ്രിം കോടതി റദ്ദ് ചെയ്തത്. ചീഫ് ജസറ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.

Update: 2021-07-12 12:15 GMT


പ്രതീകാത്മക ചിത്രം

ജയ്പൂര്‍: സഹോദരി ജാതി മാറി വിവാഹം കഴിച്ചതിന് മലയാളി യുവാവിനെ വെടിവച്ച് കൊലപ്പെടുത്തിയ ആളുടെ ജാമ്യം റദ്ദാക്കി സുപ്രിം കോടതി. അമിത്ത് നായര്‍ എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിലാണ് രാജസ്ഥാന്‍ സ്വദേശിയായ മുകേഷ് ചൗധരിയുടെ ജാമ്യം സുപ്രിം കോടതി റദ്ദ് ചെയ്തത്. ചീഫ് ജസറ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.

2017 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഈ സമയം മുകേഷിന്റെ സഹോദരി മമത ആറ് മാസം ഗര്‍ഭിണിയായിരുന്നു. കേസില്‍ നേരത്തേ രാജസ്ഥാന്‍ ഹൈക്കോടതി മുകേഷിന് ജാമ്യം അനുവദിച്ചിരുന്നു. ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മമതയാണ് സുപ്രിം കോടതിയെ സമീപിച്ചത്.

2011ലായിരുന്നു മമതയും അമിത്തും വിവാഹം കഴിച്ചത്. എന്നാല്‍ ജാതിമാറിയുള്ള വിവാഹമായിരുന്നതിനാല്‍ മമത സ്വന്തം വീട്ടില്‍ വിവാഹക്കാര്യം അറിയിച്ചിരുന്നില്ല. പിന്നീട് 2015 ല്‍ ഇത് സംബന്ധിച്ച് വീട്ടുകാരെ അറിയിയിച്ചപ്പോള്‍ അവര്‍ അംഗീകരിച്ചില്ലെന്ന് മാത്രമല്ല മമതയെ വീട്ടില്‍ നിന്നും പുറത്താക്കുകയും ചെയ്തു.

ഇതോടെ 2015 ല്‍ കേരള ആചാര പ്രകാരം മമതയും അമിത്തും വീണ്ടും വിവാഹം കഴിക്കുകയായിരുന്നു. ഇതോടെ മമതയുടെ വീട്ടുകാര്‍ നിരന്തരം ഇരുവര്‍ക്കുമെതിരേ ഭീഷണി ഉയര്‍ത്തി. എന്നാല് ഇതിനിടയില്‍ അമിത്തും മമതയും താമസിച്ചിരുന്ന വീട്ടിലെത്തി മമതയുടെ മാതാപിതാക്കള്‍ മകളെ കൂട്ടികൊണ്ടുപാകാനുള്ള ശ്രമം നടത്തി. ഇത് എതിര്‍ത്തതോടെയാണ് മമതയുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം എത്തിയവര്‍ അമിത്തിനെ വെടിവെച്ച് കൊലപ്പെടുത്തിയത്.

തന്റെ മാതാപിതാക്കളും സഹോദരനും ചേര്‍ന്ന് ഗൂഢാലോചന നടത്തിയാണ് തന്റെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്ന് ഹര്‍ജിയില്‍ മമത ആരോപിച്ചു. 2020 രാജസ്ഥാന്‍ കോടതി സഹോദരന് ജാമ്യം അനുവദിച്ചതിനു പിന്നാലെ തുടര്‍ന്നും ഭീഷണി ആരംഭിച്ചതായി മമത ഹര്‍ജിയില്‍ വ്യക്തമാക്കി. അതേസമയം ജാമ്യം റദ്ദാക്കിയ സുപ്രിം കോടതി മുകേഷിനോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടു.

Tags:    

Similar News