ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വസതിയില്‍ നിന്നും പണം കണ്ടെത്തിയെന്ന് സ്ഥിരീകരിച്ചു; അന്വേഷണ റിപോര്‍ട്ട് പുറത്തുവിട്ട് സുപ്രിംകോടതി, കത്തിക്കരിഞ്ഞ നോട്ടുകളുടെ ദൃശ്യങ്ങളും റിപോര്‍ട്ടില്‍ (വീഡിയോ)

Update: 2025-03-23 00:15 GMT
ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വസതിയില്‍ നിന്നും പണം കണ്ടെത്തിയെന്ന് സ്ഥിരീകരിച്ചു; അന്വേഷണ റിപോര്‍ട്ട് പുറത്തുവിട്ട് സുപ്രിംകോടതി, കത്തിക്കരിഞ്ഞ നോട്ടുകളുടെ ദൃശ്യങ്ങളും റിപോര്‍ട്ടില്‍ (വീഡിയോ)

ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയില്‍നിന്നു പണം കണ്ടെത്തിയെന്ന് സ്ഥിരീകരിച്ച് അന്വേഷണ റിപോര്‍ട്ട്. ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് നടത്തിയ അന്വേഷണത്തിന്റെ 25 പേജുള്ള റിപോര്‍ട്ട് സുപ്രിംകോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. യശ്വന്ത് വര്‍മയുടെ വീട്ടില്‍ തീപിടിത്തമുണ്ടായെന്ന വിവരം അറിഞ്ഞ ഉടന്‍ താന്‍ അവിടെ സന്ദര്‍ശിച്ചെന്നും ഫോട്ടോകളും വീഡിയോകളും എടുത്തുന്നുവെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ റിപോര്‍ട്ടിലുണ്ട്. ഈ ചിത്രങ്ങളും വീഡിയോകളും റിപോര്‍ട്ടിന്റെ ഭാഗമാണ്.



യശ്വന്ത് വര്‍മയുടെ വീട്ടില്‍ നിന്നും പണം കണ്ടെത്തിയെന്ന ആരോപണത്തില്‍ കഴമ്പുണ്ടെന്നും ആഴത്തിലുള്ള അന്വേഷണം ആവശ്യമാണെന്നും റിപോര്‍ട്ട് പറയുന്നു. ജഡ്ജിയുടെ വീട്ടില്‍നിന്നു കണ്ടെത്തിയ കത്തിക്കരിഞ്ഞ നോട്ടുകളുടെ ചിത്രവും റിപ്പോര്‍ട്ടിലുണ്ട്. സ്‌റ്റോര്‍ റൂമില്‍ നിന്നു കണ്ടെത്തിയ നോട്ടുകെട്ടുകള്‍ കത്തിയ നിലയിലാണ്. ആരോപണം നിഷേധിച്ചുകൊണ്ടുള്ള ജസ്റ്റിസ് വര്‍മയുടെ മറുപടിയും റിപ്പോര്‍ട്ടിലുണ്ട്. 15 കോടിയോളം രൂപയുടെ നോട്ടുകളാണ് കണ്ടെത്തിയതെന്നു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, യശ്വന്ത് വര്‍മ ഉള്‍പ്പെടെ ഏതാനും പേര്‍ക്കെതിരെ 2018 ല്‍ സിബിഐ റജിസ്റ്റര്‍ ചെയ്ത വഞ്ചനക്കേസിന്റെ വിശദാംശങ്ങള്‍ ഇതിനിടെ പുറത്തുവന്നു. യുപിയിലെ സിംഭോലി പഞ്ചസാര മില്ലില്‍ ക്രമക്കേടു നടത്തി കോടികള്‍ തട്ടിയെടുത്തെന്ന കേസിലാണു സ്ഥാപനത്തിന്റെ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന യശ്വന്ത് വര്‍മ ഉള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ത്തത്. 2012 ല്‍ വ്യാജരേഖകള്‍ ഉപയോഗിച്ച് വായ്പയെടുത്തതായി ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സാണ് പരാതി നല്‍കിയത്. കേസിലെ നടപടികള്‍ 2024 മാര്‍ച്ചില്‍ സുപ്രീം കോടതി സ്‌റ്റേ ചെയ്തിരുന്നു.

Similar News