ന്യൂഡല്‍ഹി: ദേശീയ അന്വേഷണ ഏജന്‍സിയുടെ അധികാരപരിധി വ്യാപിപ്പിച്ച് സുപ്രിംകോടതി. യുഎപിഎ അടക്കമുള്ള എട്ട് നിയമങ്ങള്‍ ഉള്‍പ്പെട്ട കേസുകള്‍ അന്വേഷിക്കാനാണ് എന്‍ഐഎക്ക് അധികാരമുള്ളതെങ്കിലും ഇത്തരം കേസുകളുമായി ബന്ധമുള്ള സാധാരണ കേസുകളും അന്വേഷിക്കാമെന്നാണ് ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, എന്‍ കോടീശ്വര്‍ സിങ് എന്നിവരുടെ ഉത്തരവ് പറയുന്നത്. പാകിസ്താന്‍ അതിര്‍ത്തി വഴി 500 കിലോഗ്രാം ഹെറോയിന്‍ കടത്തിക്കൊണ്ടുവന്ന കേസിലെ പ്രതിയായ അന്‍കുഷ് വിപാന്‍ കപൂര്‍ എന്നയാളുടെ ജാമ്യം റദ്ദാക്കിയ ഹൈക്കോടതി വിധി ശരിവച്ചാണ് ഉത്തരവ്.
എന്‍ഡിപിഎസ് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലെ അന്വേഷണം എന്‍ഐഎക്ക് വിട്ട കേന്ദ്രസര്‍ക്കാര്‍ നടപടിയെ അന്‍കുഷ് വിപാന്‍ കപൂര്‍ ചോദ്യം ചെയ്തിരുന്നു. ഈ കേസ് അന്വേഷിക്കാന്‍ എന്‍ഐഎക്ക് അധികാരമില്ലെന്നായിരുന്നു വാദിച്ചത്. ആയുധക്കടത്ത് അടക്കം യുഎപിഎ പ്രകാരമുള്ള നിരവധി കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് എന്‍ഐഎ വാദിച്ചു. തുടര്‍ന്നാണ് തീവ്രവാദ സ്വഭാവമുള്ള കേസുകളുമായി ബന്ധമുള്ള സാധാരണ കേസുകളും എന്‍ഐഎക്ക് അന്വേഷിക്കാമെന്ന് കോടതി പറഞ്ഞത്.