സഞ്ജീവ് ഭട്ടിന്റെ ഹരജികള്‍ സുപ്രിംകോടതി തള്ളി; തുടര്‍ച്ചയായി നല്‍കിയതിന് മൂന്നുലക്ഷം പിഴ ചുമത്തി
ന്യൂഡല്‍ഹി: ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുകള്‍ നടത്തിയ മുന്‍ ഐപിഎസ് ഓഫിസര്‍ സഞ്ജീവ് ഭട്ടിന് മൂന്നു ലക്ഷം രൂപ പിഴ വിധിച്ച് സുപ്രിംകോടതി. തുടര്‍ച്ചയായി ഹരജികള്‍ സമര്‍പ്പിച്ചെന്ന് ആരോപിച്ചാണ് കോടതി നടപടി. ഇദ്ദേഹം സമര്‍പ്പിച്ച മൂന്ന് ഹരജികള്‍ സുപ്രിം കോടതി തളളുകയും ചെയ്തു. ലഹരിമരുന്ന് കേസില്‍ വ്യാജ തെളിവുണ്ടാക്കിയെന്ന കേസില്‍ സമര്‍പ്പിച്ച ഓരോ ഹര്‍ജികള്‍ക്കും ഓരോ ലക്ഷം രൂപ വീതമാണ് പിഴ ചുമത്തിയത്. കേസ് നീതിയുക്തമല്ലന്ന് ആരോപിച്ചാണ് സഞ്ജീവ് ഭട്ട് ഹരജികള്‍ നല്‍കിയത്.
അതോടൊപ്പം തന്നെ അധിക തെളിവുകള്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കണം, കേസിന്റെ വിചാരണ മറ്റൊരു ബെഞ്ചിലേക്ക് മാറ്റണം, കോടതി നടപടികളുടെ ഓഡിയോ വീഡിയോ റെക്കോഡിങ്ങിന് അനുമതി നല്‍കണം തുടങ്ങി മൂന്ന് ആവശ്യങ്ങളാണ് മൂന്നു ഹരജികളിലായി സഞ്ജീവ് ഭട്ട് ഉന്നയിച്ചിരുന്നത്. ഹരജികളെല്ലാം തള്ളിയ സുപ്രിംകോടതി ബെഞ്ച് സഞ്ജീവ് ഭട്ടിനോട് എത്ര തവണ സുപ്രിംകോടതിയെ സമീപിച്ചെന്നും ചോദിച്ചു. മാത്രമല്ല, കഴിഞ്ഞ തവണയും 10,000 രൂപ പിഴ ചുമത്തിയിരുന്ന കാര്യവും സുപ്രിംകോടതി ചൂണ്ടിക്കാട്ടി. 2018 ലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് വ്യാജമായി തെളിവുകള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചെന്നാണ് സഞ്ജീവ് ഭട്ടിനെതിരായ കേസ്. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് പ്രത്യേകാന്വേഷണ സംഘം സാമൂഹിക പ്രവര്‍ത്തക ടീസ്ത സെതല്‍വാദ്, ഗുജറാത്ത് മുന്‍ ഡിജിപി ആര്‍ ബി ശ്രീകുമാര്‍ എന്നിവര്‍ക്ക് ശേഷമാണ് സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്തത്.