ശബരിമല: തിരുവാഭരണങ്ങളുടെ കണക്കെടുപ്പു നടത്തണമെന്ന് സുപ്രിം കോടതി; നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് വേണമെന്ന് നിര്‍ദ്ദേശം

നാലാഴ്ചയ്ക്കകം മുദ്രവെച്ച കവറില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കേരളത്തിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാലിന്റെ നിര്‍ദേശപ്രകാരമാണ്, തിരുവാഭരണങ്ങളുടെ കണക്കെടുപ്പു നടത്താന്‍ ജസ്റ്റിസ് എന്‍ വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഉത്തരവിട്ടത്.

Update: 2020-02-07 13:01 GMT

ന്യൂഡല്‍ഹി: ശബരിമല അയ്യപ്പന് ചാര്‍ത്താനായി പന്തളം കൊട്ടാരത്തില്‍ തന്ന് കൊണ്ടുവരുന്ന തിരുവാഭരണത്തിന്റെ കണക്കെടുപ്പ് നടത്താന്‍ സുപ്രിം കോടതി നിര്‍ദേശം നല്‍കി.ഇതിനു മേല്‍നോട്ടം വഹിക്കാന്‍ കേരള ഹൈക്കോടതിയിലെ മുന്‍ ജഡ്ജി ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായരെ സുപ്രിം കോടതി നിയോഗിച്ചു. നാലാഴ്ചയ്ക്കകം മുദ്രവെച്ച കവറില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കേരളത്തിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാലിന്റെ നിര്‍ദേശപ്രകാരമാണ്, തിരുവാഭരണങ്ങളുടെ കണക്കെടുപ്പു നടത്താന്‍ ജസ്റ്റിസ് എന്‍ വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഉത്തരവിട്ടത്. പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ സമാനമായ കണക്കെടുപ്പു നടത്തിയിട്ടുണ്ടെന്ന് കെ കെ വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. തിരുവാഭരണങ്ങള്‍ നഷ്ടമാവുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഇതിലൂടെ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

തിരുവാഭരണങ്ങള്‍ ഏറ്റെടുക്കാനാവുമോയെന്ന് അറിയിക്കാന്‍ കഴിഞ്ഞ ദിവസം കോടതി കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ശബരിമല അയ്യപ്പനു സമര്‍പ്പിച്ച തിരുവാഭരണങ്ങള്‍ എന്തിനാണ് കൊട്ടാരത്തില്‍ സൂക്ഷിക്കുന്നതെന്ന് കോടതി ആരാഞ്ഞു. ക്ഷേത്രത്തില്‍ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ അതില്‍ പന്തളം കൊട്ടാരത്തിന് അവകാശം ഉന്നയിക്കാനാവില്ല. പിന്നെ എന്തിനാണ് കൊട്ടാരത്തില്‍ സൂക്ഷിക്കുന്നത് എന്നായിരുന്നു കോടതിയുടെ ചോദ്യം.

തിരുവാഭരണം ശബരിമല അയ്യപ്പന്റെ സ്വത്താണെന്നും അത് ഏറ്റെടുക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. തിരുവാഭരണം സുരക്ഷിതമായിരിക്കണമെന്നാണ് നിലപാടെന്നും സര്‍ക്കാര്‍ നിലപാട് അറിയിച്ചു.

അഭിഭാഷകനെ മാറ്റുന്നതിന് ഹര്‍ജിക്കാരനായ പന്തളം കൊട്ടാരത്തിലെ രേവതി നാള്‍ പി രാമവര്‍മ രാജ നല്‍കിയ രേഖയിലെ ഒപ്പ് അദ്ദേഹത്തിന്റേതു തന്നെയോ എന്നു പരിശോധിക്കാന്‍ പത്തനംതിട്ട ജില്ലാ ജഡ്ജിക്കു നിര്‍ദ്ദേശം നല്‍കി. 2006 ജൂണില്‍ ശബരിമലയില്‍ നടന്ന ദേവപ്രശ്‌നം ശരിവച്ച് അതേ വര്‍ഷം ഒക്ടോബര്‍ 5ന് ഹൈക്കോടതി നല്‍കിയ വിധിക്കെതിരെയാണ് ഹര്‍ജി. കേസ് നാലാഴ്ചയ്ക്കു ശേഷം പരിഗണിക്കും. പന്തളം രാജകുടുംബാംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം രമ്യമായി പരിഹരിക്കാന്‍ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിനോടും കോടതി അഭ്യര്‍ത്ഥിച്ചു.


Tags:    

Similar News