മരടിലെഫ്‌ളാറ്റു പൊളിക്കല്‍:നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട്; സബ് കലക്ടര്‍ക്ക് അധിക ചുമതല നല്‍കി

ഫ്‌ളാറ്റുകളിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിക്കാന്‍ കെ എസ് ഇ ബി ക്കും,ജല വിതരണം നിര്‍ത്താന്‍ വാട്ടര്‍ അതോറിറ്റിക്കും, പാചകവാതക കണക്ഷന്‍ വിഛേദിക്കാന്‍ വിതരണക്കാര്‍ക്കും മരട് നഗര സഭാ സെക്രട്ടറി മുഹമ്മദ് ആരിഫ് ഖാന്‍ ഒദ്യോഗികമായി കത്തു നല്‍കി. മൂന്നു ദിവസത്തിനകം നടപടി വേണമെന്നാണു കത്തില്‍ ആവശ്യപ്പട്ടിരിക്കുന്നത്

Update: 2019-09-24 17:26 GMT

കൊച്ചി: മരടിലെ അഞ്ചു ഫ്‌ളാറ്റു സമുച്ചയങ്ങള്‍ പൊളിച്ച് മാറ്റുന്ന വിഷയത്തില്‍ സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടതോടെ തുടര്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട്.ഫോര്‍ട്ട് കൊച്ചി സബ് കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംങ്ങിനെ മരട് മുനിസിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതല നല്‍കി സര്‍ക്കാര്‍ ഉത്തരവായി. പൊതുഭരണ വകുപ്പ് ജോയിന്റ് സെക്രട്ടറി എം രാജേഷ് കുമാറാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.തീരപരിപാലന നിയമം ലംഘിച്ച് നിര്‍മിച്ചതിനെ തുടര്‍ന്ന് സുപ്രീംകോടതി പൊളിച്ചുനീക്കാന്‍ ഉത്തരവിട്ട മരടിലെ അഞ്ച് ഫ്ളാറ്റ് സമുച്ചയങ്ങളും പൊളിച്ചു നീക്കുന്ന നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ മുന്നോട്ട് നീക്കാനാണ് പുതിയ ചുമതല നല്‍കിയിട്ടുള്ളതെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.

മരടിലെ ഫ്‌ളാറ്റുകള്‍ സമയബന്ധിതമായി പൊളിച്ചു നീക്കുക എന്ന പ്രത്യേക ദൗത്യമാണ് സര്‍ക്കാര്‍ സ്‌നേഹില്‍ കുമാറിനെ ഏല്‍പ്പിച്ചിരിക്കുന്നത്. ഫ്‌ളാറ്റുകളിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിക്കാന്‍ കെ എസ് ഇ ബി ക്കും,ജല വിതരണം നിര്‍ത്താന്‍ വാട്ടര്‍ അതോറിറ്റിക്കും, പാചകവാതക കണക്ഷന്‍ വിഛേദിക്കാന്‍ വിതരണക്കാര്‍ക്കും മരട് നഗര സഭാ സെക്രട്ടറി മുഹമ്മദ് ആരിഫ് ഖാന്‍ ഒദ്യോഗികമായി കത്തു നല്‍കി. മൂന്നു ദിവസത്തിനകം നടപടി വേണമെന്നാണു കത്തില്‍ ആവശ്യപ്പട്ടിരിക്കുന്നത്.കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച സുപ്രീംകോടതി ഫ്‌ളാറ്റ് വിഷയത്തില്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും കൂടുതല്‍ ഉത്തരവുകള്‍ക്കായി കേസ് വെള്ളിയാഴ്ചയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

ഇതേ തുടര്‍ന്ന് വെള്ളിയാഴ്ച ഉത്തരവിന് മുന്‍പ് പൊളിക്കുന്ന നടപടികള്‍ ത്വരിതപ്പെടുത്തി സുപ്രീംകോടതിയില്‍ മുഖം രക്ഷിക്കാനാണ് സര്‍ക്കാര്‍ നീക്കം.അതേ സമയം വൈദ്യുതിയും ഗ്യാസ് കണക്ഷനും വിച്ഛേദിക്കാനുള്ള നഗരസഭയുടെ നീക്കത്തിനെതിരെ മരടിലെ ഫ്‌ളാറ്റുടമകള്‍ പ്രതിഷേധിച്ചു. വൈദ്യുതിയും ഗ്യാസ് കണക്ഷനും വിച്ഛേദിക്കാനുള്ള നീക്കം കടുത്ത മനുഷ്യാവകാശ ലംഘനമാണ്. നഗരസഭ എന്തുതന്നെ ചെയ്താലും ഫ്‌ളാറ്റുകളില്‍ നിന്ന് ഒഴിഞ്ഞുപോവില്ലെന്നും സുപ്രീംകോടതിയിലും സര്‍ക്കാരിലും ഇപ്പോഴും വിശ്വാസമുണ്ടെന്നും ഫ്‌ളാറ്റുടമകള്‍ പറഞ്ഞു. 

Tags:    

Similar News