സുരേന്ദ്രന്റെ ജാമ്യമില്ലാ വകുപ്പ്, സ്വപ്നയുടെ വെളിപ്പെടുത്തല്‍; സിപിഎം-ബിജെപി വിലപേശല്‍ മറനീക്കി പുറത്ത്

മുരളീധരനെ വിമര്‍ശിച്ച പോസ്റ്റിനെ ന്യായീകരിച്ച് വീണ്ടും പ്രസീദ് ദാസ് ചെയ്ത ട്വീറ്റ് "സ്വിഫ്റ്റ്" എന്ന് പറഞ്ഞാണ് അവസാനിപ്പിക്കുന്നത്. കൊടകര ബിജെപിയുടെ കള്ളപ്പണ കവര്‍ച്ചാ കേസിലും പിടിച്ചെടുത്ത കാര്‍ സ്വിഫ്റ്റ് കാര്‍ ആയിരുന്നു എന്നതും സംശയങ്ങള്‍ക്കിടവരുത്തിയിട്ടുണ്ട്.

Update: 2022-06-07 15:12 GMT

കോഴിക്കോട്: ആര്‍എസ്എസ്‌സിപിഎം ബാന്ധവവും ഒത്തുകളിയും വിലപേശലും ഒരിടവേളക്ക് ശേഷം കേരളത്തില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്റെ വെളിപ്പെടുത്തലും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരേ തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതും സിപിഎംആര്‍എസ്എസ് ഒത്തുകളിയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. പ്രതിപക്ഷ നേതാക്കള്‍ നേരത്തെ തന്നെ ഈ വിലപേശല്‍ നടക്കുന്നുണ്ടെന്ന സൂചനകള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ചിരുന്നു.

തന്റെ ജീവന് ഭീഷണിയുണ്ടെന്നും കുറച്ച് കാര്യങ്ങള്‍ ചൊവ്വാഴ്ച്ച വെളിപ്പെടുത്തുമെന്നും സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് തിങ്കളാഴ്ച്ച വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരേ തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ക്രൈം ബ്രാഞ്ച് സിപിഎം ഓപറേഷന്‍ നടപ്പിലാക്കി. വൈകീട്ടോടെ മുഖ്യമന്ത്രിക്കും കുടുംബത്തിനും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന ഗുരുതര ആരോപണവുമായി സ്വപ്നയും രംഗത്തെത്തി.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനിടെ 2021 ഏപ്രില്‍ മൂന്നിനായിരുന്നു കൊടകരയില്‍ പണം കവര്‍ച്ച ചെയ്യപ്പെട്ടെന്ന് കാണിച്ച് കോഴിക്കോട് സ്വദേശി ധര്‍മ്മജന്‍ കൊടകര പോലിസില്‍ പരാതി നല്‍കിയത്. വസ്തു കച്ചവടവുമായി ബന്ധപ്പെട്ട് കൊണ്ടുപോവുകയായിരുന്ന 25 ലക്ഷം രൂപ ദേശീയ പാതയില്‍ കൊടകരയില്‍ വച്ച് കൃത്രിമ വാഹനാപകടം ഉണ്ടാക്കി തട്ടിയെടുത്തു എന്നായിരുന്നു പരാതി. എന്നാല്‍ പോലിസ് നടത്തിയ അന്വേഷണത്തില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി എറണാകുളത്തേക്ക് കൊണ്ടുപോവുകയായിരുന്ന മൂന്നരക്കോടി രൂപയോളമാണ് കവര്‍ന്നതെന്ന് കണ്ടെത്തി. ഈ കേസാണ് പിന്നീട് മഞ്ചേശ്വരം, സുല്‍ത്താന്‍ ബത്തേരി തിരഞ്ഞെടുപ്പ് കോഴക്കേസിലേക്ക് എത്തിയത്.

അന്നത്തെ കൊടകര കേസിലെ പരാതിക്കാനും വാഹന ഉടമയുമായ ധര്‍മ്മരാജന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനാണ്. ധര്‍മരാജന് പണം കൈമാറിയത് യുവമോര്‍ച്ച മുന്‍ നേതാവായിരുന്ന സുനില്‍ നായിക്കാണെന്ന് വെളിപ്പെടുത്തലുണ്ടായിരുന്നു. ചോദ്യം ചെയ്യലില്‍ സുനില്‍ തന്നെയാണ് ഇക്കാര്യം സമ്മതിച്ചത്. അതേസമയം ബിസിനസ് ആവശ്യത്തിനുള്ള പണമാണിതെന്നാണ് അവകാശപ്പെട്ടിരുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമായി അടുത്ത ബന്ധമുള്ള നേതാവാണ് സുനില്‍ നായിക്. കെ സുരേന്ദ്രന്‍ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റായ കാലഘട്ടത്തില്‍ സംസ്ഥാന ട്രഷററായിരുന്നു സുനില്‍ നായിക്.

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന് ബിജെപി സംസ്ഥാനത്ത് 300 കോടിയോളം രൂപയുടെ കള്ളപ്പണം എത്തിച്ചെന്നാണ് അന്ന് പുറത്തുവന്ന വാര്‍ത്തകള്‍. വിവിധയിടങ്ങളില്‍ കള്ളപ്പണം എത്തിക്കുന്നതിന് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഉപയോഗിച്ച ഹെലികോപ്റ്റര്‍ ഉപയോഗിച്ചതായും ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ഇതേസമയത്ത് കസ്റ്റംസും ഇഡിയും അന്വേഷിച്ച സ്വര്‍ണക്കടത്തു കേസിന്റെ അന്വേഷണവും ബിജെപിയുടെ കള്ളപ്പണക്കവര്‍ച്ചാ കേസും നിലക്കുകയായിരുന്നു. ഇരു കേസുകളിലും യാതൊരു അനക്കവുമുണ്ടായിരുന്നില്ലെങ്കിലും ഒരേ സമയത്ത് ഉയര്‍ന്നുവരുന്നത് സംശയങ്ങള്‍ക്കിട നല്‍കുന്നതാണ്.

സ്വപ്നാ സുരേഷ് രഹസ്യ മൊഴി രേഖപ്പെടുത്തി കോടതിക്ക് പുറത്തേക്ക് വരുമ്പോള്‍ ഹിന്ദു സേവാ കേന്ദ്രം നേതാവും അഭിഭാഷകനുമായ കെ കൃഷ്ണരാജിന്റെ സാന്നിധ്യവും ശ്രദ്ധേയമാണ്. പ്രതീഷ് വിശ്വനാഥിനൊപ്പം കേരളത്തില്‍ മുസ്‌ലിം വിദ്വേഷ പ്രചാരണത്തിന് നേതൃത്വം നല്‍കുന്നയാളാണ് ഈ അഭിഭാഷകന്‍. നിരവധി തവണ മുസ്‌ലിം വിദ്വേഷ പ്രചാരണം സംബന്ധിച്ചും ആയുധം പ്രദര്‍ശിപ്പിക്കല്‍ സംബന്ധിച്ചും പരാതികളുണ്ടായിട്ടും പ്രതീഷ് വിശ്വനാഥനെതിരേ കേരള പോലിസ് കേസെടുക്കാതിരുന്നത്, സിപിഎം-ആര്‍എസ്എസ് വിലപേശലിന്റെ തെളിവാണ്.

തൃക്കാക്കര തിരഞ്ഞെടുപ്പിന് പിന്നാലെ വി മുരളീധരനെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്ത യുവമോര്‍ച്ച മുന്‍ തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പ്രസീദ് ദാസിനെതിരേ കഴിഞ്ഞദിവസം ബിജെപി നടപടിയെടുത്തിരുന്നു. ഇതിന് പിന്നാലെ മുരളീധരനെ വിമര്‍ശിച്ച പോസ്റ്റിനെ ന്യായീകരിച്ച് വീണ്ടും പ്രസീദ് ദാസ് ചെയ്ത ട്വീറ്റ് "സ്വിഫ്റ്റ്" എന്ന് പറഞ്ഞാണ് അവസാനിപ്പിക്കുന്നത്. കൊടകര ബിജെപിയുടെ കള്ളപ്പണ കവര്‍ച്ചാ കേസിലും പിടിച്ചെടുത്ത കാര്‍ സ്വിഫ്റ്റ് കാര്‍ ആയിരുന്നു എന്നതും സംശയങ്ങള്‍ക്കിടവരുത്തിയിട്ടുണ്ട്.

നേരത്തെ തന്നെ സുരേന്ദ്രന്‍ അടക്കമുള്ള ബിജെപി നേതാക്കളെ കോഴക്കേസില്‍ പ്രതി ചേര്‍ക്കാന്‍ പോലിസിന്റെ കൈയില്‍ തെളിവുകളുണ്ടായിട്ടും പോലിസ് അത് ചെയ്യാതിരുന്നത് സിപിഎംആര്‍എസ്എസ് വിലപേശല്‍ കൂടുതല്‍ ബലപ്പെടുത്തുന്നു. ബിജെപിയില്‍ ആര്‍എസ്എസ് ശാക്തീകരണത്തിന് മുന്‍കൈയെടുക്കുന്ന അഡ്വ. ബി ഗോപാലകൃഷ്ണന്‍ വിഭാഗവും വി മുരളീധരന്‍ വിഭാഗവും തമ്മിലുള്ള പോര് കള്ളപ്പണ കവര്‍ച്ചാ കേസിന് പിന്നാലെ രൂക്ഷമായിരുന്നു. ഇതും സിപിഎമ്മിനോടുള്ള കേരള ബിജെപി നേതൃത്വത്തിന്റെ വിലപേശല്‍ പൊളിയുന്നതിലേക്ക് എത്തിയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

Similar News