അഭിനയിക്കാന്‍ അനുമതിയില്ല; താടി വടിച്ച് സുരേഷ് ഗോപി
കേന്ദ്രമന്ത്രിക്ക് പ്രതിഫലം വാങ്ങിയുള്ള മറ്റൊരു ജോലിക്ക് നിയമതടസ്സമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അഭിനയത്തിനുള്ള അനുമതി വൈകുന്നതെന്നാണ് സൂചന.
തൃശ്ശൂര്‍: തൃശൂര്‍ എംപിയും സിനിമാതാരവുമായ സുരേഷ് ഗോപി താടി ഒഴിവാക്കി. തിരഞ്ഞെടുപ്പുകാലം മുതല്‍ കൊണ്ടുനടന്ന താടിയാണ് സിനിമാഭിനയത്തിന് കേന്ദ്രസര്‍ക്കാരില്‍നിന്ന് അനുമതി ലഭിക്കാന്‍ വൈകിയത് മൂലം ഒഴിവാക്കിയിരിക്കുന്നത്. 'ഒറ്റക്കൊമ്പന്‍' എന്ന സിനിമ ഉടന്‍ യാഥാര്‍ഥ്യമാകില്ലെന്ന സാഹചര്യത്തിലാണ് രൂപമാറ്റമെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.
സിനിമയിലെ പ്രധാന കഥാപാത്രത്തിന്റെ ഹൈലൈറ്റാണ് താടിയെന്ന് സുരേഷ് ഗോപി നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാലും താടിയില്ലാത്ത ചിത്രമാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. 'മാറ്റമില്ലാത്തത് മാറ്റത്തിനാണ്' എന്നും സുരേഷ് ഗോപി കുറിച്ചു. കേന്ദ്രമന്ത്രിക്ക് പ്രതിഫലം വാങ്ങിയുള്ള മറ്റൊരു ജോലിക്ക് നിയമതടസ്സമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അഭിനയത്തിനുള്ള അനുമതി വൈകുന്നതെന്നാണ് സൂചന. സെപ്റ്റംബറില്‍ അനുമതി കിട്ടുമെന്നായിരുന്നു പ്രതീക്ഷ.
സിനിമയുടെ പ്രധാനപ്പെട്ട രംഗങ്ങള്‍ പാലായിലെ കുരിശുപള്ളി മാതാവിന്റെ പെരുന്നാളിലാണ് ചിത്രീകരിക്കേണ്ടത്. ഡിസംബര്‍ ഏഴ്, എട്ട് തീയതികളിലാണ് പെരുന്നാള്‍. സിനിമയുടെ ആദ്യഭാഗം കഴിഞ്ഞവര്‍ഷത്തെ പെരുന്നാള്‍ ദിനങ്ങളില്‍ ചിത്രീകരിച്ചിരുന്നു.
ഇറ്റലിയില്‍ നടക്കുന്ന ജി7 ഉച്ചകോടിയില്‍ ഇന്ത്യന്‍ സംഘത്തില്‍ അംഗമാണ് സുരേഷ് ഗോപി. തിരിച്ചെത്തിയാലുടന്‍ പാര്‍ലമെന്റ് സമ്മേളനം തുടങ്ങും. സമ്മേളനം ഡിസംബര്‍ പകുതിയോടെയേ അവസാനിക്കൂ. അതിനാല്‍, പെരുന്നാളിനോടനുബന്ധിച്ചുള്ള ഷൂട്ടിങ്ങിന് ഒരുവര്‍ഷംകൂടി കാത്തിരിക്കണം എന്നതാണ് സ്ഥിതി.