കോണ്‍ഗ്രസ് വിട്ട സുഷ്മിതാ ദേവ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

Update: 2021-08-16 10:32 GMT

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍നിന്ന് രാജിവച്ച മുന്‍ എംപി സുഷ്മിതാ ദേവ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അനന്തരവനും തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ അഭിഷേക് ബാനര്‍ജി, ഡെറിക് ഒബ്രിയാന്‍ എംപി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സുഷ്മിതയുടെ പാര്‍ട്ടി പ്രവേശം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന സുഷ്മിത മമതാ ബാനര്‍ജിയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് വന്നതെന്ന് സുഷ്മിതാ ദേവിനെ സ്വാഗതം ചെയ്തുകൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് ട്വിറ്ററില്‍ കുറിച്ചു.

അഖിലേന്ത്യാ മഹിളാ കോണ്‍ഗ്രസിന്റെ മുന്‍ പ്രസിഡന്റിനെ ഞങ്ങളുടെ തൃണമൂല്‍ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നു- കുറിപ്പ് പറയുന്നു. മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷയായിരുന്ന സുഷ്മിതാ ദേവ് തിങ്കളാഴ്ച രാവിലെയാണ് രാജിക്കാര്യം പുറത്തുവിട്ടത്. ജീവിതത്തിലെ പുതിയൊരു അധ്യായം തുടങ്ങുകയാണെന്ന് മാത്രമാണ് സോണിയാ ഗാന്ധിക്ക് അയച്ച രാജിക്കത്തില്‍ സുഷ്മിത അറിയിച്ചിരുന്നത്. മൂന്ന് പതിറ്റാണ്ടായി താന്‍ അംഗമായിരുന്ന കോണ്‍ഗ്രസ് വിടുന്നതിന്റെ കാരണങ്ങളാന്നും രാജിക്കത്തില്‍ സുഷ്മിത വ്യക്തമാക്കിയിട്ടില്ല.

മുന്‍ കേന്ദ്രമന്ത്രി സന്തോഷ് മോഹന്‍ദേവിന്റെ മകളാണ്. അസമിലെ സില്‍ചാറില്‍നിന്നാണ് എംപി ആയി ജയിച്ചുവന്നത്. അസം നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിര്‍ണയം മുതല്‍ കോണ്‍ഗ്രസ് നേതൃത്വവുമായി സുഷ്മിത സ്വരചേര്‍ച്ചയിലായിരുന്നില്ല. അസമില്‍ എഐയുഡിഎഫുമായുള്ള കോണ്‍ഗ്രസിന്റെ സഹകരണത്തെ സുഷ്മിത നേരത്തെ എതിര്‍ത്തിരുന്നു. സീറ്റ് വിഭജനം കൂടിയായതോടെ അതൃപ്തി കടുത്തു. ഇതോടെയാണ് സുഷ്മിത രാജിസന്നദ്ധത അറിയിച്ചത്. പിന്നീട് പ്രിയങ്കാ ഗാന്ധി സുഷ്മിതയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. സുഷ്മിതാ ദേവ് പാര്‍ട്ടി വിടില്ലെന്നാണ് അന്ന് അസം കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞത്.

Tags:    

Similar News