പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത് മുഖര്‍ജി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ബംഗാളില്‍ ബിജെപി തുടങ്ങിവച്ച വര്‍ഗീയ കാറ്റിന് അന്ത്യം കുറിക്കാന്‍ മമതാ ബാനര്‍ജിക്ക് സാധിച്ചുവെന്നും രാജ്യമെമ്പാടും ഇത് നടപ്പാക്കുമെന്നും അഭിജിത് പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ താന്‍ ഒരു ഗ്രൂപ്പിലും ഉള്‍പ്പെട്ടിരുന്നില്ലെന്നും പ്രാഥമിക അംഗത്വമല്ലാതെ ഒരു സ്ഥാനവും വഹിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Update: 2021-07-05 12:24 GMT

കൊല്‍ക്കത്ത: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത് മുഖര്‍ജി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കൊല്‍ക്കത്തയിലെ തൃണമൂല്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് അഭിജിത് മുഖര്‍ജി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ഇതോടെ അഭിജിത് മുഖര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവേശനം സംബന്ധിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിലനിന്നിരുന്ന അഭ്യൂഹങ്ങള്‍ക്ക് പര്യവസാനമായി. ബംഗാളില്‍ ബിജെപി തുടങ്ങിവച്ച വര്‍ഗീയ കാറ്റിന് അന്ത്യം കുറിക്കാന്‍ മമതാ ബാനര്‍ജിക്ക് സാധിച്ചുവെന്നും രാജ്യമെമ്പാടും ഇത് നടപ്പാക്കുമെന്നും അഭിജിത് പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ താന്‍ ഒരു ഗ്രൂപ്പിലും ഉള്‍പ്പെട്ടിരുന്നില്ലെന്നും പ്രാഥമിക അംഗത്വമല്ലാതെ ഒരു സ്ഥാനവും വഹിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജംഗിപൂരില്‍നിന്നുള്ള കോണ്‍ഗ്രസ് മുന്‍ എംപിയും നല്‍ഹാത്തിയില്‍നിന്നുള്ള എംഎല്‍എയുമായ അഭിജിത് കഴിഞ്ഞ ഏതാനും ആഴ്ചകളായി തൃണമൂല്‍ നേതൃത്വവുമായി ചര്‍ച്ച നടത്തിവരികയായിരുന്നു. തൃണമൂല്‍ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയെ കഴിഞ്ഞ മാസം സന്ദര്‍ശിച്ചിരുന്നു. അതേസമയം, അഭ്യൂഹങ്ങളോട് വിരുദ്ധമായാണ് അഭിജിത് മുഖര്‍ജി പ്രതികരിച്ചത്. കോണ്‍ഗ്രസില്‍ തുടരുമെന്നും പാര്‍ട്ടി വിടുന്നുവെന്ന വാര്‍ത്തകള്‍ തെറ്റാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നേരത്തെ കൊല്‍ക്കത്തയില്‍ വിവാദമായ വ്യാജ വാക്‌സിനേഷന്‍ ക്യാംപുമായി ബന്ധപ്പെട്ട് അഭിജിത് മുഖര്‍ജി ട്വിറ്ററിലൂടെ മമതാ ബാനര്‍ജിക്ക് പരസ്യപിന്തുണ പ്രഖ്യാപിച്ചിരുന്നു. ജംഗിപ്പുരില്‍ നടക്കാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ സ്ഥാനാര്‍ഥിയായി അഭിജിത് മുഖര്‍ജി മല്‍സരിച്ചേക്കുമെന്നാണ് റിപോര്‍ട്ടുകള്‍. അഭിജിത് മുഖര്‍ജിയുടെ പിതാവ് പ്രണബ് മുഖര്‍ജി ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലെ ജംഗിപൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍നിന്ന് കോണ്‍ഗ്രസ് എംപിയായി രണ്ടുതവണ വിജയിച്ചു.

ഇടതുപക്ഷവുമായി സഹകരിച്ച് ബംഗാള്‍ തിരഞ്ഞെടുപ്പില്‍ പോരാട്ടത്തിനിറങ്ങിയ കോണ്‍ഗ്രസിനും ഇടതുപക്ഷത്തിനും കനത്ത പരാജയമാണ് ഏറ്റുവാങ്ങേണ്ടിവന്നത്. ബംഗാള്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നശേഷം മുകുള്‍ റോയ് അടക്കമുള്ള തിരിച്ചുവരവ് ചൂണ്ടിക്കാട്ടി കൂടുതല്‍ നേതാക്കള്‍ തൃണമൂലിലേക്കെത്തുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി വ്യക്തമാക്കിയിരുന്നു.

Tags:    

Similar News