ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ; ക്രൈംബ്രാഞ്ചിനെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്‌ന സുരേഷ്

ഗൂഡാലോചനക്കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ട് ചോദിക്കുന്നത് വീണാ വിജയന്റെ ബിസിനസ് സാമ്പത്തിക ഇടപാടുകളില്‍ തന്റെ പക്കലുള്ള തെളിവുകളും താന്‍ ഇഡിക്കു നല്‍കിയെ തെളിവുകള്‍ സംബന്ധിച്ചും 164 പ്രകാരം നല്‍കിയ മൊഴിയുടെ വിശദാംശങ്ങളുമാണ്.തെരുവില്‍ കിടക്കേണ്ടി വന്നാലും കേരളത്തിലെ ജനങ്ങളെ സത്യം താന്‍ ബോധ്യപ്പെടുത്തിക്കൊടുക്കും.തനിക്ക് ജീവനുണ്ടെങ്കില്‍ അങ്ങേ അറ്റം വരെ താന്‍ പോരാടുമെന്നും സ്വപ്‌ന സുരേഷ്

Update: 2022-07-07 08:44 GMT

കൊച്ചി: ക്രൈംബ്രാഞ്ചിനെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്.ഗൂഡാലോചനക്കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനു ശേഷം ക്രൈംബ്രാഞ്ച് തന്നെ മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയുമാണെന്ന് സ്വപ്‌ന സുരേഷ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.എച്ച്ആര്‍ഡിഎസ് ഇന്ത്യ എന്ന സ്ഥാപനത്തില്‍ നിന്നും എത്രയും പെട്ടന്ന് ഒഴിവാകണമെന്ന് ക്രൈംബ്രാഞ്ച് തന്നോട് ആവശ്യപ്പെട്ടുവെന്നും സ്വപ്‌ന സുരേഷ് ആരോപിച്ചു.തന്റെ അഭിഭാഷകന്‍ അഡ്വ.കൃഷ്ണരാജിന്റെ വക്കാലത്ത് ഒഴിയണമെന്നും ക്രൈംബ്രാഞ്ച് തന്നോട് ആവശ്യപ്പെട്ടതായും സ്വപ്‌ന സുരേഷ് പറഞ്ഞു.

2016 മുതല്‍ 2020 വരെ നടന്ന കാര്യങ്ങള്‍ ഇന്നലെ വന്ന അഭിഭാഷകനോ അല്ലെങ്കില്‍ എച്ച്ആര്‍ഡിഎസ് ഇന്ത്യയ്‌ക്കോ പറയാനോ തന്നെ പഠിപ്പിക്കാനോ പറ്റില്ല.ആ കാലയളവില്‍ നടന്ന കാര്യങ്ങള്‍ താനാണ് പറയുന്നത്.കൃഷ്ണരാജ് എന്ന വക്കീലിന് താന്‍ വക്കാലത്ത് നല്‍കി.അദ്ദേഹത്തിന്റെ പശ്ചാത്തലം കക്ഷിയെന്ന നിലയില്‍ തന്നെ ബാധിക്കുന്നതല്ലെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.എച്ച്ആര്‍ഡിഎസ് ജോലിയില്‍ നിന്നും തന്നെ ഒഴിവാക്കിയതിനാല്‍ ഇനി ക്രൈംബ്രാഞ്ചിന് ആ ബുദ്ധിമുട്ടില്ല. വീണ വിജയന്റെ ബിസിനസുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകളുടെ തെളിവുകള്‍ എവിടെയാണെന്നും ക്രൈംബ്രാഞ്ച് തന്നോട് ചോദിച്ചു.

വീണ വിജയന് ബിസിനസ് നടത്തിക്കൂടെയെന്നൊക്കെയാണ് അവര്‍ തന്നോട് ചോദിച്ചത്.വീണ വിജയന് ബിസിനസ് നടത്താന്‍ പാടില്ലെന്ന് താന്‍ പറഞ്ഞിട്ടില്ല.താന്‍ 164 പ്രകാരം കോടതിയില്‍ മൊഴി നല്‍കിയത് തനിക്കെതിരെയുള്ള കേസിന്റെ ഭാഗമായിട്ടാണ് അല്ലാതെ മറ്റൊന്നുമല്ല. എന്നാല്‍ അവര്‍ തന്നോട് ചോദിക്കുന്നത് വീണ വിജയന്റെ ബിസിനസ് സാമ്പത്തിക ഇടപാടിന്റെ തെളിവുകള്‍ സൂക്ഷിച്ചിരിക്കുന്നത് എവിടെയെന്നാണെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.ഗൂഡാലോചനക്കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിച്ച് തന്നോട് ഇതൊക്കെയാണ് ചോദിക്കുന്നത്.തന്നെ മാനസികമായി പീഡിപ്പിക്കുകയണ്.ഇ ഡി ക്കുനല്‍കിയെ തെളിവുകളാണ് അവര്‍ക്ക് അറിയേണ്ടത്.പിന്നെ ചോദിക്കുന്നത് 164 പ്രകാരം നല്‍കിയ മൊഴിയുടെ വിവരങ്ങളാണ്.ഇത് തരില്ലെന്ന് താന്‍ പറഞ്ഞു.164 മൊഴിക്ക് ഒരു വിലയുമില്ലെന്നാണ് അവര്‍ പറയുന്നത്.തനിക്ക് കുഴപ്പില്ല.പറയാനുളളത് തനിക്ക് എവിടെയെങ്കിലും പറയണ്ടേയെന്നും സ്വപ്‌ന സുരേഷ് ചോദിച്ചു.

ഗൂഡാലോചനക്കേസുമായി ബന്ധപ്പെട്ടല്ല ഇത്തരത്തിലുള്ള കാര്യങ്ങളാണ് അവര്‍ ചോദിക്കുന്നതെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.തന്നെ ജീവിക്കാന്‍ അനുവദിക്കാതെ ഇപ്പോള്‍ നടുറോഡില്‍ ഇറക്കിയിരിക്കുകയാണ്. ആദ്യം ഫ് ളാറ്റില്‍ നിന്നും ഇറക്കി.പല പല പോലീസ് സ്‌റ്റേഷനില്‍ കേസെടുക്കുന്നു.ക്രൈബ്രാഞ്ച് തന്നെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും സ്വപ്ന സുരേഷ് ആവശ്യപ്പെട്ടു. 770 കലാപക്കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് ഈ കേസുകളില്‍ പ്രതിയാക്കുമെന്നാണ് തന്നെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്.

770 അല്ല എത്ര കേസുകളില്‍ വേണമെങ്കിലും തന്നെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്യട്ടെയെന്നും തനിക്ക് ഒരു പ്രശ്‌നവുമില്ലെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.ഇപ്പോള്‍ തനിക്ക് ജോലിയില്ല. തന്റെ മക്കള്‍ക്ക് ഭക്ഷണവുമില്ല.ഇപ്പോള്‍ താന്‍ താമസിക്കുന്ന വാടക വീട്ടില്‍ നിന്നും പോലിസിനെയൊക്കെ വിട്ട് ഇറക്കി വിടുകയാണെങ്കില്‍ തെരുവിലാണെങ്കിലും ബസ് സ്റ്റാന്‍ഡിലാണെങ്കിലും കിടക്കേണ്ടി വന്നാലും കേരളത്തിലെ ജനങ്ങളെ സത്യം താന്‍ ബോധ്യപ്പെടുത്തിക്കൊടുക്കുമെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.തനിക്ക് ജീവനുണ്ടെങ്കില്‍ അങ്ങേ അറ്റം വരെ താന്‍ പോരാടും. താന്‍ പറയുന്നത് നടന്ന കാര്യമാണ്.അതില്‍ മാറ്റമില്ല.അവര്‍ക്ക് ചെയ്യാന്‍ പറ്റുന്നതൊക്കെ ചെയ്യട്ടെയെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.

Tags:    

Similar News